dq-movie

Image Credit : Youtube

മലയാള സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദുല്‍ഖല്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയി'മിന്‍റെ ട്രെയിലര്‍ പുറത്ത്. ആർ.ഡി.എക്‌സിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഗാംബ്ലിങ് അഥവാ ചൂതുകളിയെ പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കിങ്ങ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് ഒരു ഗംഭീരതിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് ഐ ആം ഗെയിം. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആക്ഷന് ഏറെ പ്രധാന്യമുണ്ടെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും. 

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും ഷബാസ് റഷീദും സജീർ ബാബയും ചേര്‍ന്നാണ്. അതീവ സ്റ്റൈലിഷ് ലുക്കിലാണ് ട്രെയിലറില്‍ ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദുൽഖർ സൽമാനെ കൂടാതെ കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ജേക്സ് ബിജോയ് ആണ് ചിത്രത്തിനായി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുക. മികച്ച പ്രതികരണമാണ് ചിത്രത്തിന്‍റെ ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ വിഷ്വല്‍ ക്വാളിറ്റിയാണ് ട്രെയിലര്‍ കണ്ടവര്‍ എടുത്ത് പറയുന്ന പ്രത്യേകത. ഹോളിവുഡ് തീമില്‍ ഒരുക്കിയിരിക്കുന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ആയി മാറുമെന്നും കമന്‍റുകളുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ സ്റ്റൈലിഷ് ലുക്കും ഗംഭീര പ്രകടനവും കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധാകര്‍. ചിത്രം ഓഗസ്റ്റ് 20ന് റിലീസ് ചെയ്യും.

 

ENGLISH SUMMARY:

Dulquer Salmaan's highly anticipated film 'I Am Game' trailer has been released, showcasing a stylish and action-packed venture. The movie, directed by Nahas Hidayath, revolves around the theme of gambling and is set for an Onam release.