നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണം' നവംബർ 5-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ചിത്രത്തിൽ ജടായു എന്ന കഥാപാത്രത്തിന് ശബ്ദം നൽകുന്നത് അനുപം ഖേർ ആണെന്ന വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
‘അധർമ്മം ചിറകടിച്ചുയർന്നപ്പോൾ അതിനെ നേരിടാൻ ധൈര്യം ഉയർന്നുവന്നു. ജയത്തിനു വേണ്ടിയല്ല, മറിച്ച് ശരിക്ക് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ജടായു– ധർമ്മത്തിന്‍റെ ചിറകുകൾ! രാമായണത്തിൽ ജടായുവായി അനുപം ഖേർ.’ എന്നായിരുന്നു നിർമ്മാതാക്കളുടെ സോഷ്യൽ മീഡിയ കുറിപ്പ്. ജൂലൈ 30-നാണ് 'രാമായണ'ത്തിന്‍റെ ട്രെയിലർപുറത്തുവിട്ടത്. ആദ്യ രംഗത്തിൽ മുഖം ഷാൾ കൊണ്ട് മറച്ച നിലയിലാണ് രാവണനെ അവതരിപ്പിക്കുന്നത്. നിതീഷ് തിവാരിയുടെ ഭാവനയും പുരാതന ഇതിഹാസവും കൂട്ടിയിണക്കിയുള്ള രാവണന്‍റെ ഈ രൂപം തികച്ചും വ്യത്യസ്തമാണ്.
ശ്രീരാമനെ പരിചയപ്പെടുത്തിയ ടീസറിൽ സീതയുടെ (സായ് പല്ലവി) നിഴല്‍ ചിത്രവും രാവണനായുള്ള യാഷിന്‍റെ പ്രകടനവും ഉൾപ്പെടുത്തിയിരുന്നു. ട്രെയിലറിലൂടെ മറ്റ് പ്രധാന കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. കൈകേയിയായി ലാറ ദത്തയും ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിങ്ങും ശൂർപ്പണഖയുടെ ഭർത്താവായ വിദ്യുജ്ജിഹ്വൻ ആയി വിവേക് ഒബ്റോയിയുമാണ് എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിൽ ഹനുമാനായി വേഷമിടുന്ന സണ്ണി ഡിയോള്‍ ട്രെയിലറില്‍ ഇല്ല.
സി.ജി.ഐ, വി.എഫ്.എക്സ് സാങ്കേതികവിദ്യകൾ കൊണ്ടുള്ള ദൃശ്യവിരുന്നും വലിയ കാൻവാസുമാണ് ചിത്രത്തിന്റെ ട്രെയിലർ വാഗ്ദാനം ചെയ്യുന്നത്. മുൻപ് ഇന്ത്യൻ ടെലിവിഷൻ രാമായണത്തിൽ ശ്രീരാമനായി വേഷമിട്ട് പ്രശസ്തനായ അരുൺ ഗോവിൽ, ഈ ചിത്രത്തിൽ ശ്രീരാമന്റെ പിതാവായ ദശരഥ മഹാരാജാവായി അഭിനയിക്കുന്നു എന്നതും പ്രത്യേകതയാണ്. ഏകദേശം 4,000 കോടി രൂപയുടെ കൂറ്റൻ ബജറ്റിലാണ് 'രാമായണം' ഒരുങ്ങുന്നത്.ഒസ്കാർ ജേതാവ് ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്ന പ്രോജക്റ്റ് കൂടിയാണിത്.
രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗം 2026 ഒക്ടോബറിൽ ദീപാവലി റിലീസായി ലോകമെമ്പാടും തിയേറ്ററുകളിലെത്തുമ്പോള്‍ രണ്ടാം ഭാഗം 2027 ദീപാവലിക്കാണ് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്. രൺബീർ കപൂർ, സായ് പല്ലവി, സണ്ണി ഡിയോൾ, രവി ദുബെ, യാഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.