സൈജു കുറുപ്പ് നായകനായ ബ്ലോക് ബസ്റ്റർ ചിത്രം ‘ഭരതനാട്യ’ത്തിന് മൂന്നാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍. ‘രാസലീല’ എന്നാണ് മൂന്നാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാംഭാഗത്തിന്‍റെയും സംവിധാനവും. ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ്, തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത്. പ്രശസ്ത താരങ്ങളായ സായ് കുമാറും കലാരഞ്ജിനിയും ചേർന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ടൈറ്റില്‍ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
ആദ്യ ഭാഗമായ ഭരതനാട്യം ഫീല്‍ ഗുഡ് കോമഡി മൂവിയായിരുന്നെങ്കില്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം മോഹിനിയാട്ടം ഡാര്‍ക്ക് കോമഡിയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ ചെയ്ത വിഡിയോയില്‍ നിന്നുള്ള സൂചന ഇത്തവണ ഹൊറര്‍ കോമഡിയായിരിക്കും എന്നാണ്. പൊട്ടിച്ചിരിപ്പിക്കാന്‍ ഭരതൻ നായരുടെയോ ഗോവിന്ദരാജയുടെയോ പ്രേതം എത്തുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
അതുമാത്രമല്ല, ചിത്രത്തിന്‍റെ പേരിലാണ് ആരാധകരുടെ കണ്ണുടക്കിയത്. ആദ്യ ഭാഗത്ത് ഭരതന്‍നായരും രണ്ടാം ഭാഗത്ത് മോഹിനീ ദേവിയുമായിരുന്നു ടൈറ്റിലില്‍. അങ്ങിനെയെങ്കില്‍ രാസലീലയിലെ ‘ലീല’ ആരാണെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിക്കുന്നുണ്ട്. എന്തായാലും ലീല ആരാണെന്ന് അറിയണമെങ്കില്‍ 2028 വരെ കാത്തിരിക്കേണ്ടി വരും. 2028 ല്‍ ആയിരിക്കും ചിത്രത്തിന്‍റെ റിലീസ് എന്നാണ് ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്ന സൂചന. മോഹിനിയാട്ടം പോലെ ‘രാസലീല’യും ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
സൈജു കുറുപ്പ്, സായികുമാര്‍, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഭരതനാട്യം 2024ലാണ് റിലീസിനെത്തിയത്. കൃഷ്ണദാസ് മുരളിയുടേത് തന്നെയായിരുന്നു ചിത്രത്തിന്റെ കഥ. ചിത്രം തിയറ്ററില്‍ വേണ്ട രീതിയില്‍ ശ്രദ്ധ നേടിയില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ വലിയ ചർച്ചയായി. ആ വിജയത്തിനു തുടർച്ചയായാണ് അണിയറക്കാർ രണ്ടാം ഭാഗമായ മോഹിനിയാട്ടം റിലീസിനെത്തിച്ചത്.
2026 ഏപ്രിൽ പത്തിനായിരുന്നു മോഹിനിയാട്ടം തിയറ്ററുകളിൽ എത്തിയത്. സൈജുവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു സിനിമ. സൈജു കുറിപ്പിനും കലാരഞ്ജിനിക്കും ഭരതനാട്യത്തിലെ മറ്റ് താരങ്ങൾക്കും പുറമേ ബേബി ജീനും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തിയതോടെ സിനിമ ചിരിപ്പൂരം തീര്‍ത്തു. ഡാര്‍ക്ക് കോമഡി ജോണറിലായിരുന്നു ചിത്രം ഒരുക്കിയത്. വിനയ് ഫോര്‍ട്ട്, അഭിറാം രാധാകൃഷ്ണന്‍, ദിവ്യ എം നായര്‍, ശ്രുതി സുരേഷ്, നന്ദു പൊതുവാള്‍, ജിനില്‍ റെക്‌സ്, ജിവിന്‍ റെക്‌സ്, വിജയ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് കെ നായര്‍, സലിം ഹസ്സന്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.