madhavi-suhasini

മലയാളികളെ ഇന്നും നൊമ്പരപ്പെടുത്തുന്ന സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ആകാശദൂത്. സിനിമയിലെ നടി മാധവിയുടെ അമ്മയുടെ വേഷം പ്രേക്ഷകരെ ഏറെ കരയിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ അണിയറ പ്രവർത്തകർ ആദ്യം തീരുമാനിച്ചിരുന്നത് മാധവിയെ ആയിരുന്നില്ലെന്നാണ് സിനിമയുടെ നിർമാതാവും നടനുമായ പ്രേം പ്രകാശ് വെളിപ്പെടുത്തിയിരിക്കുന്നത്. 

മാധവിക്ക് പകരം സുഹാസിനിയെയാണ് തീരുമാനിച്ചിരുന്നതെന്നാണ് പ്രേം പ്രകാശ് 'ദ് മോജോ' ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.  'കൂടെവിടെ' എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സുഹാസിനിയെ നായികയായി തീരുമാനിച്ചിരുന്നത്. ഞാനും സിബി മലയിലും സുഹാസിനിയോട്  കഥ പറഞ്ഞു. കഥ കേട്ടിട്ട് അവർ ഭയങ്കര ഇമോഷണലായെന്നാണ് പ്രേം പ്രകാശ് പറഞ്ഞത്.

'കൂടെവിടെ എന്ന സിനിമയ്ക്ക് ശേഷം സുഹാസിനി മണിരത്‌നത്തെ വിവാഹം കഴിച്ചു. അവർക്കൊരു കുട്ടിയുണ്ടായി. കഥ കേട്ട് കഴിഞ്ഞ് സുഹാസിനി പറഞ്ഞത് എനിക്ക് ഈ സിനിമ ചെയ്യണമെന്നുണ്ട്, പക്ഷേ എനിക്കൊരു കൊച്ചുകുട്ടിയുണ്ട്. ഒരമ്മ എന്ന നിലയിൽ എനിക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. അതുകൊണ്ട് എന്നെ ഒഴിവാക്കണം എന്നാണ്'- പ്രേം പ്രകാശ് പറഞ്ഞു.  

അതിന് ശേഷം പലരെ ആ വേഷത്തിലേക്ക് ആലോചിച്ചെങ്കിലും നടന്നില്ലെന്നും ഒടുവിൽ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഡെന്നിസ് ജോസഫിന്റെ ഭാര്യയാണ് മാധവിയുടെ പേര് പറഞ്ഞതെന്നും പ്രേം പ്രകാശ് പറയുന്നു. അതിന് മുൻപ് സിമ്പതി കിട്ടുന്ന താരത്തിൽ മാധവി കഥാപത്രങ്ങളൊന്നും ചെയ്തിട്ടില്ലായിരുന്നു. എങ്കിലും മാധവിയെ തീരുമാനിക്കുക ആയിരുന്നെന്നും പ്രേം പ്രകാശ് കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Akashadoothu movie facts reveal that actress Suhasini was originally considered for Madhavi's iconic mother role in the 1993 classic Malayalam film. Producer Prem Prakash shared this interesting behind-the-scenes detail in a recent interview.