Picture courtesy: instagram.com/shajikumarofficial/
ഫ്രഞ്ച് ചലച്ചിത്രകാരൻ റോബർട്ട് ബ്രെസൺ ഒരിക്കല്‍ പറഞ്ഞു, "നിങ്ങൾ കാമറയിൽ പകർത്തുന്നത് വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത കാര്യങ്ങളാണ്, അതിൽ നിശബ്ദത പോലും ദൃശ്യമാവുന്നു" ആ വാക്കുകള്‍ ശരിയാണ്... നിഴല്‍ വെളിച്ചങ്ങള്‍ക്കിടയിലെ നിശബ്ദതയെയും ഭാവങ്ങളെയും വെള്ളിത്തിരയിൽ അനശ്വരമാക്കിയാണ് ഛായാഗ്രാഹകന്‍ ഷാജി കുമാറി വിട പറഞ്ഞിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി ക്യാമറക്കണ്ണുകൾ കൊണ്ട് മലയാള സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചത് കേവലം കാഴ്ചകളായിരുന്നില്ല, സിനിമയുടെ ആത്മാവ് തന്നെയായിരുന്നു. ഫിലിമിലാണ് ഷാജി കുമാര്‍ ഛായാഗ്രഹണത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ചതും വെളളിത്തിരിലേക്ക് പകര്‍ത്തിയെഴുതിയതും. പിന്നീട് ഡിജിറ്റല്‍ യുഗത്തിലേക്കെത്തിയപ്പോഴും വെളിച്ചത്തിലും നിറത്തിലും ഫ്രെയിമിങ്ങിലുമുള്ള തന്റെ പ്രതിഭയെ ആവര്‍ത്തിച്ചു കാണിച്ചു.
ക്യാമറമാന്‍ വിപിൻ മോഹന്റെ ശിഷ്യനായി പ്രവർത്തിച്ചായിരുന്നു ഷാജി കുമാറിന്റെ സിനിമയിലെ ബാലപാഠങ്ങള്‍. രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ ജയറാം – അനില്‍ ബാബു ടീമിന്റെ ഉത്തമനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായതിനു ശേഷം തുടര്‍ച്ചയായി സിനിമയുടെ ഭാഗമായി. വാല്‍ക്കണ്ണാടിയും പകല്‍പ്പൂരവും പട്ടണത്തില്‍ സുന്ദരനുമൊക്കെ കഥ പറച്ചിലിന് വേണ്ട കാമറക്കണ്ണുകളെ ഒരുക്കി. സംവിധായകന്‍ വിനയന്‍ – പൃഥ്വിരാജ് ചിത്രങ്ങളായ അത്ഭുതദ്വീപും സത്യവുമാണ് ഷാജി കുമാറിലെ ഛായാഗ്രാഹകന്റെ പ്രതിഭയുടെ മികവ് അറിയിച്ചത്.
മാസ് സിനിമകളില്‍ കാമറ ചലിപ്പിക്കുമ്പോള്‍ കാണികളില്‍ ആവേശം നിറയ്ക്കുന്ന രീതിയിലുള്ള ലൈറ്റിംഗും ഫ്രെയിമിംഗും അദ്ദേഹം പരീക്ഷിച്ചു തുടങ്ങുന്നതും സത്യം സിനിമയിലൂടെയായിരുന്നു. പിന്നീട് ജോഷി, ഷാജി കൈലാസ്, വി.എം. വിനു, എം. പത്മകുമാർ, വൈശാഖൻ തുടങ്ങി പുതുതലമുറയിലെ അരുണ്‍ ഗോപി, തരുൺ മൂർത്തി വരെയുള്ള സംവിധായകരുടെ സിനിമകള്‍ക്ക് മിഴിവേകി.
Picture courtesy: instagram.com/shajikumarofficial/
നരനില്‍ മുള്ളങ്കൊല്ലി വേലായുധന്‍റെ സാഹസികതയെ പകര്‍ത്തിയ കണ്ണുകളാണ് വൈകാരിക രംഗങ്ങളിലെ മോഹന്‍ലാല്‍ എന്ന നടനിലെ സൂഷ്മാമയ ഭാവവ്യത്യാസങ്ങളെയും പകര്‍ത്തിയെടുത്തത്. കുത്തിയൊലിക്കുന്ന നദിയില്‍ വേലായുധന്‍ തടി പിടിക്കാനിങ്ങുമ്പോള്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്കുണ്ടാകുന്ന ഭയം പ്രേക്ഷകരിലേക്കു പടര്‍ന്നിറങ്ങുന്നത് ദൃശ്യാവിഷ്കാരത്തിലെ ആ പ്രതിഭാ ധാരാളിത്തം തന്നെയാണ്. അനിയനെ രക്ഷിക്കാനെത്തുന്ന മധുരയിലെ ഗുണ്ടയായ രാജയായി മമ്മൂട്ടി എത്തിയപ്പോള്‍ മാസ് മസാല പരിവേഷത്തിന് ആവശ്യമായ ചേരുവകകള്‍ തന്നെ പോക്കിരിരാജയുടെ ഫ്രേമുകളില്‍ ഒരുക്കി.
അരുണ്‍ ഗോപി ദിലീപിനെ നായകനാക്കി സ്വതന്ത്ര സംവിധായകനായപ്പോള്‍, ജോഷി സിനിമകളുടെ ഫ്രേമിനു തുല്യമായ ക്യാന്‍വാസൊരുക്കിയാണ് രാമലീലയെ സമ്പുഷ്ടമാക്കിയത്. ഹൈടെക് കളളനായി പൃഥ്വിരാജ് അവതരിച്ച റോബിന്‍ഹുഡ് സിനിമയുടെ സ്റ്റൈല്‍ ദൃശ്യങ്ങളുടെ ഛടുതലയായിരുന്നെങ്കില്‍ മല്ലുസിംഗില്‍ പഞ്ചാബിന്റെ ഗോതമ്പ്, കടുക് പാടങ്ങടെ പച്ചപ്പിലേക്കായിരുന്നു ഷാജി കുമാര്‍ ശ്രദ്ധ പതിപ്പിച്ചത്. അതൊക്കെയും കാമറയിലും ലൈറ്റിങ്ങിലും വര്‍ണവിന്യാസത്തിലും ഷാജി കുമാര്‍ എന്ന ഛായാഗ്രാഹകന്‍ കൈവരിച്ച കാലോചിതമായ മാറ്റങ്ങളായിരുന്നു. കഥ പറച്ചിലിലെ പുതുമകൾ ഉൾകൊണ്ട് ദൃശ്യ പരിചരണത്തിൽ സഞ്ചരിച്ച് സ്വയം പുതുക്കിപ്പണിതു, തന്റേതായ കയ്യൊപ്പ് ചാർത്തി.
മാസ് സിനിമകളില്‍ കാണികളില്‍ ആവേശം നിറയ്ക്കാന്‍ ചില പൊടിക്കൈകള്‍ ആവശ്യമാണ്. അതിനായി ലൈറ്റിംഗും ഫ്രെയിമിംഗും കളര്‍ടോണു പോലും ഷാജി കുമാര്‍ സ്റ്റൈലിലേക്ക് കൊണ്ടുവന്നു. കാടിന്‍റെ വന്യതയും ചാരുതയും ഫ്രേമിലേക്കെത്തിച്ചായിരുന്നു പുലിമുരുകന്‍ സിനിമയില്‍ കാട്ടിലെ ഫൈറ്റും പുലിയുമായുള്ള പോരാട്ട രംഗങ്ങളും ഷാജി കുമാര്‍ പകര്‍ത്തിയത്. എന്നാല്‍ ഒടിയനിലേക്കെത്തിയപ്പോള്‍ മോഹന്‍ലാലിന്റെ നടനെയും താരത്തെയും ഇഴചേര്‍ക്കുകയാണ്. മാണിക്യന്‍ ഒടിവിദ്യ ഉപേഷിക്കുന്ന വൈകാരിക രംഗത്തില്‍ കഥാപാത്രവും നിഴലും ഒരേ ഫ്രേമിലേക്ക് കൊണ്ടുവന്നുളള സംഘര്‍ഷത്തെയാണ് പ്രതിഫലിപ്പിച്ചത്. തുടരും സിനിമയിലെ വൈകാരിക രംഗങ്ങളില്‍ പോലും മോഹന്‍ലാലിന്റെ ഭാവതലങ്ങളെ സൂഷ്മാംശത്തോടെ പകര്‍ത്തിയെടുക്കുന്ന ഒരു വിദഗ്ധനാണ് താനെന്ന് അദ്ദേഹം തെളിയിച്ചു.
സാങ്കേതികമായി സങ്കീര്‍ണംനിറഞ്ഞ രംഗങ്ങള്‍ പോലും ലളിതമായും മനോഹരമായും സ്‌ക്രീനിലെത്തിക്കാനുള്ള ഷാജി കുമാറിന്റെ വൈഭവമാണ് പ്രമുഖ സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ആദ്യഗണനയിലുള്ള ഛായാഗ്രാഹകരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റിയത്. തമിഴിവും ഹിന്ദിയിലും അടക്കം അന്‍പതോളം സിനിമകളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ആക്ഷന്‍, മാസ് സിനിമകളുടെ കാമറാമാന്‍ എന്ന പേരുണ്ടായിരുന്നെങ്കിലും ഡ്രമാറ്റിക് സീനുകളിലും പ്രകൃതിഭംഗിയും ഒപ്പിയെടുക്കുന്നതിലും അദ്ദേഹം ഒട്ടും പിന്നിലായിരുന്നില്ല. വാണിജ്യ സിനിമകള്‍ കാത്തിരിക്കുമ്പോളാണ് സമീപകാലത്ത് ജയരാജിന്റെ കാഥികന്‍ എന്ന ചെറിയ സിനിമയ്ക്കു ഛായാഗ്രാഹകനായത്. അവിടെയെല്ലാം വൈവിധ്യമാര്‍ന്ന പ്രമേയവും അവതരണവുമുള്ള ചിത്രങ്ങളുടെ ഭാഗമാകാനുള്ള മനപ്പൂര്‍വമായ ശ്രമവും അദ്ദേഹം നടത്തുകയായിരുന്നു.
Picture courtesy: instagram.com/shajikumarofficial/
ഒടുവില്‍ മോഹന്‍ലാലിനും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കുമൊപ്പം അതിമനോഹരത്തിനായും ഫ്രേമുകള്‍ ഒരുക്കി, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന് തലയെടുപ്പോടെ ക്യാമറക്കണ്ണിന്റെ ചട്ടക്കൂടൊരുക്കിയുമാണ് ഷാജി കുമാര്‍ വിടവാങ്ങിയിരിക്കുന്നത്. ദിലീപിന്റെ പുതിയ സിനിമയുടെ സെറ്റില്‍ നിന്നും ശാരീരക അവശതകളോടെ ഹോസ്പിറ്റലിലേക്ക് പോകുമ്പോള്‍ മടങ്ങിയെത്താനാകും, വീണ്ടുമൊരായിരം കാഴ്ചകളൊരുക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇനിയൊരു ഫ്രെയിമിനു നിറം ചാര്‍ത്താനും വര്‍ണവിന്യാസങ്ങളെ വെള്ളിത്തിരയിലേക്ക് പകര്‍ത്താനുമാകാതെ ഷാജി കുമാര്‍ വിട പറഞ്ഞിരിക്കുന്നു.
കേട്ടു മറന്നൊരുചലച്ചിത്ര സങ്കൽപ്പമിങ്ങനെയാണ്, "എഴുതപ്പെട്ട വാക്കുകൾക്ക് ജീവൻ നൽകുന്നത് വെളിച്ചമാണ്; ക്യാമറക്കണ്ണുകളിലൂടെ ആ വെളിച്ചത്തെ കവിതയാക്കുന്ന കലയാണ് ഛായാഗ്രഹണം." എങ്കില്‍, മലയാളികളുടെ ചലച്ചിത്ര ആസ്വാദനത്തില്‍ അഭ്രപാളിയില്‍ മറക്കാനാവാത്ത ഒരുപിടി കവിതകളെഴുതിയ കലാകാരനാണ് മറഞ്ഞിരിക്കുന്നത്. എങ്കിലും, മലയാള സിനിമ ചരിത്രത്തിലും പ്രേക്ഷകരുടെ മനസിലും അദ്ദേഹം പകര്‍ത്തിയ രംഗങ്ങളൊക്കെയും അനശ്വരമായ തുടരും...