rasheed-kottayam-singer
  • 'പള്ളിയിലാണോ പള്ളിക്കെട്ട് പാടുന്നത്' എന്ന ചോദ്യത്തിന് പള്ളിക്കമ്മിറ്റിയും പള്ളിയിലച്ചനും പമ്പാ ഗണപതി കൂടി പാടിച്ചാണ് മറുപടി കൊടുത്തത്.

കോട്ടയം കിഴപറയാര്‍ പള്ളി പരിപാടിക്കിടെ ഗാനമേളയില്‍ അയ്യപ്പ ഭക്തിഗാനം പാടിയതിനെ എതിര്‍ത്ത സംഭവം വിവാദമായിരുന്നു. 'പള്ളിയിലാണോ പള്ളിക്കെട്ട് പാടുന്നത്' എന്ന ചോദ്യത്തിന് പള്ളിക്കമ്മിറ്റിയും പള്ളിയിലച്ചനും പമ്പാ ഗണപതി കൂടി പാടിച്ചാണ് മറുപടി കൊടുത്തത്. അയ്യപ്പ ഭക്തിഗാനം പാടിയ ആലപ്പുഴ റെയ്ബാന്‍റെ ഗായകന്‍ റഷീദ് നടന്ന സംഭവത്തെ പറ്റി മനോരമ ന്യൂസിനോട് സംസാരിച്ചു. 

ഗാനമേള അവസാനിക്കാനിരിക്കെ, ഒരു പാട്ട് ബാക്കിയുള്ളപ്പോള്‍ ഒരാള്‍ പള്ളിക്കെട്ട് പാടാമോ എന്ന് ചോദിച്ചതെന്ന് റഷീദ് പറഞ്ഞു. 'സംഘാടകനോട് ചോദിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നും പാടാനും പറഞ്ഞു. പാട്ടു പാടി തുടങ്ങിയപ്പോഴാണ് പ്രശ്നമുണ്ടായത്. ഒരാള്‍ കീബോര്‍ഡില്‍ ശക്തമായി അടിച്ച് പള്ളിയിലാണോ പള്ളിക്കെട്ട് പാടുന്നതെന്ന് ചോദിച്ചു. പേടിച്ചു പോയി. ആള് മദ്യപിച്ചിട്ടുണ്ടായിരുന്നു. ഇയാളെ സംഘാടകരും നാട്ടുകാരും പിടിച്ചുകൊണ്ടുപോയി', എന്നായിരുന്നു റഷീദിന്‍റെ വാക്കുകള്‍. 

സംഭവത്തിനു പിന്നാലെ മാനസിക പ്രയാസമുണ്ടായെന്നും പക്ഷേ അച്ചനും സംഘാടകരും ചേര്‍ന്ന് വീണ്ടും പാടിച്ചതോടെ സന്തോഷമായെന്നും റഷീദ് പറഞ്ഞു. അച്ചനും സംഘാടകരും വീണ്ടും പാടിച്ചു. പിന്നീട് പമ്പാ ഗണപതി പാടി. പള്ളിയിലൊക്കെ ഈ പാട്ടുപാടുന്നത് സന്തോഷമാണ്, മതസൗഹാര്‍ദമല്ലേ.. കലാകാരന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല' എന്നും റഷീദ് പറഞ്ഞു. ഏറ്റവും ഇഷടപ്പെട്ട പാട്ടിലൊന്നാണ് പള്ളിക്കെട്ടെന്നും ഒരു സന്തോഷും സ്നേഹവും കിട്ടിയ പാട്ടാണെന്നും റഷീദ് പറഞ്ഞു. 

പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന അയ്യപ്പഭക്തിഗാനം പാടുന്നതിനിടെ വെള്ളഷര്‍ട്ടും മുണ്ടും ധരിച്ചയാള്‍ വേദിയിലേക്ക് കയറിയാണ് പ്രശ്നമുണ്ടാക്കിയത്. ഗായകനെ തടഞ്ഞ ഇയാള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടിയാല്‍ മതിയെന്നും പള്ളിക്കെട്ട് പാടേണ്ടെന്നും ഗായകനോട് പറയുകയായിരുന്നു.

ENGLISH SUMMARY:

A controversy erupted at Kizhaparayar Church in Kottayam after an individual objected to an Ayyappa devotional song being performed during a musical event. In a heartwarming response upholding communal harmony, the church vicar and organizing committee intervened, allowing the singer to continue and also perform 'Pamba Ganapathi.' Speaking to Manorama News, Alappuzha Rayban troupe singer Rasheed recounted that he began singing 'Pallikettu Sabarimalakku' on an audience request after getting permission from the organizers.