ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്ത യുവാവിന് മൊബൈല്‍ഫോണില്‍ ലഭിച്ച പിഴ സന്ദേശത്തിലൂടെ നഷ്ടമായത് ഒന്നരലക്ഷം രൂപ. കൂലിപ്പണിക്കാരനായ യുവാവിന് മുപ്പത്തിയെട്ടായിരം രൂപയും നഷ്ടമായി. കോട്ടയത്ത് പാലായിലും മുണ്ടക്കയത്തുമാണ് സൈബർ തട്ടിപ്പിലൂടെ സാധാരണക്കാരുടെ പണം നഷ്ടപ്പെട്ടത്.
പാലായിൽ ജിംനേഷ്യം പരിശീലകനായ പൂവരണി സ്വദേശി തെക്കേത്തിയില്‍ ജെറിൻ ജോസിന്‍റെ രണ്ട് അക്കൗണ്ടുകളിൽ നിന്ന് 1,65,750 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം ഹെൽമറ്റ് ഇല്ലാതെ ബൈക്കില്‍ കാമറയ്ക്ക് മുന്നിലൂടെ യാത്ര ചെയ്തിരുന്നു. ഇതിനു പിന്നാലെ ഫോണിലേക്ക് പിഴ അടയ്ക്കാന്‍ സന്ദേശം വന്നു. അതില്‍ തൊട്ടതോടെ ഫോണ്‍ പലതവണ ഓഫ് ആകുകയും ഓണ്‍ ആകുകയും ചെയ്തു. സംശയം തോന്നി ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായെന്ന് മനസ്സിലായത്. സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് മൂന്ന് ഇടപാടുകളിലായി 1,58,750 രൂപയും കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിൽനിന്ന് രണ്ട് ഇടപാടുകളിലായി 7,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
മുണ്ടക്കയം ഇഞ്ചിയാനി തെക്കേമുറി സ്വദേശി ടി.ആർ. ജയരാജിന് 38,000 രൂപയാണ് കഴിഞ്ഞ ആറിന് നഷ്ടമായത്. കൂലിപ്പണിക്കാരനാണ് ജയരാജ്. ഏറെ നാളുകളായി അധ്വാനിച്ച് സമ്പാദിച്ച തുകയായിരുന്നു. കൊൽക്കത്തയിൽ നിന്നാണ് പണം പിൻവലിച്ചതെന്നാണ് ബാങ്ക് ഇടപാടിൽ കാണിക്കുന്നത്. പണം തിരികെ കിട്ടാനായി മുണ്ടക്കയം പൊലീസിൽ പരാതി നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.