datting-aap

സംസ്ഥാനത്ത് സൈബർ തട്ടിപ്പുകളുടെ പുതിയ വേര്‍ഷനുകള്‍ ഞെട്ടിക്കുന്നതാണ്. ഡേറ്റിങ് ആപ്പിന്റെ പേരില്‍ കണ്ണൂരിലെ ഡോക്ടര്‍ക്കും സുഹൃത്തുക്കള്‍ക്കും നഷ്ടമായത് 32ലക്ഷം രൂപയിലേറെ. ഹാര്‍ട്ട് വിഷ് ഇന്‍ എന്ന ആപ്പിന്റെ പേരിലാണ് തട്ടിപ്പ്. കണ്ണൂരില്‍ പെന്‍ഷന്‍ കാര്‍ഡിന്റെ പേരിലും തട്ടിപ്പ് നടന്നു. വയോധികനില്‍ നിന്ന് തട്ടിയത് ഒരു ലക്ഷം രൂപയാണ്. തട്ടിപ്പുകാര്‍ അയച്ച APK ഫയല്‍ തുറന്നപ്പോഴാണ് പണം നഷ്‌ടമായത്. 

 

ലിങ്കുകളെ വിശ്വസിക്കരുത്, പണി കിട്ടും

 

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന സൈബർ തട്ടിപ്പുകളിൽ അറുപതുശതമാനത്തിലേറെയും കെണി ഒരുക്കുന്നത് വ്യാജ ലിങ്കുകൾ വഴിയെന്ന് പൊലീസ്. കണ്ണൂരിൽ മൊബൈൽ അപ്ഡേറ്റിന്റെ മറവിൽ നടന്ന തട്ടിപ്പിന് പിന്നിലും വ്യാജ ലിങ്കുകൾ ആവാം എന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ മൊബൈലിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകുന്നു. മൊബൈൽ അപ്ഡേറ്റ് ഉൾപ്പെടെ പ്രധാനപ്പെട്ട നിർദേശങ്ങൾ ഒന്നും എസ്എംഎസ് ലിങ്കുകൾ ആയി വരില്ലെന്ന് തിരിച്ചറിയണമെന്നാണ് പ്രധാന ഉപദേശം

 

Also read: ലിങ്കുകളെ വിശ്വസിക്കരുത്, പണി കിട്ടും; പണം പോയി തുടങ്ങിയാൽ ഉടന്‍ നെറ്റ് ഓഫാക്കുക


കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ അസംകാരന്‍ റോഫിഖുല്‍ ഇസ്‌ലാമിന് നഷ്ടപ്പെട്ടത് തന്‍റെ സമ്പാദ്യത്തില്‍ നിന്ന് വലിയൊരു തുകയാണ്. നഷ്ടപ്പെട്ട 46,000 രൂപ ഇനി എങ്ങനെ തിരിച്ചുകിട്ടുമെന്ന് ഹോട്ടല്‍ തൊഴിലാളിയായ റോഫിഖുലിന് അറിയില്ല. 

 

സൈബര്‍ തട്ടിപ്പിനായി പരിശീലനം നേടിയ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലി പറയുന്നു. ഓരോ നിമിഷവും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി തട്ടിപ്പിനായി ഉപയോഗിക്കുകയാണ്. സൈബറിടത്ത് സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

വെബ് സീരീസ് കാണാന്‍ ഒരു രൂപ മുടക്കി; നഷ്ടമായത് 72,000 രൂപ

 

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വ്യാപക സൈബർ തട്ടിപ്പ്. കൊച്ചി ഇടപ്പള്ളിയിലെ ഡോക്ടറിൽ നിന്ന് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതി ഓൺലൈൻ ട്രേഡിങ് വാഗ്ദാനം നൽകി ഒരു കോടി 57 ലക്ഷം രൂപ തട്ടിയെടുത്തു. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സ്‌ത്രീ ദുബായ് അസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞ കാലവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഡോക്ടർ പരാതിപ്പെടുകയായിരുന്നു. കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

തട്ടിപ്പുകാരെന്ന് അറിയാതെ ഓൺലൈനിൽ പാർട്ട് ടൈം ജോലിയെന്ന വാഗ്ദാനത്തില്‍ വീണ യുവതിക്ക് നഷ്ടമായത് 96,000 രൂപ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയെ പറ്റിച്ചത് 'മേഖ ഇന്ത്യ ലിമിറ്റഡ്' എന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ്. പാര്‍ട്ട് ടൈം മാര്‍ക്കറ്റിങ് ജോലിക്ക് ശമ്പളം നല്‍കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച യുവതിയോട് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുകയും 800 രൂപ മുതല്‍ അര ലക്ഷം വരെ ഒരേ ദിവസം വ്യത്യസ്ത സമയങ്ങളില്‍ അയച്ചുകൊടുക്കുകയും ചെയ്തു. തട്ടിപ്പുകാര്‍ പറഞ്ഞ ആറ് യുപിഐ ഐഡികളിലേക്കായിരുന്നു പണം അയച്ചത്. പിന്നീട് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

 

കാസർകോട് സൈബർ തട്ടിപ്പിന് ഇരയായി വയോധികൻ.'Live TV' എന്ന ആപ്പ് വഴി പെരിയകുണിയ സ്വദേശി യൂസഫ് മൊയ്തുവിന്റെ  1.65 ലക്ഷം രൂപ നഷ്ടമായി. നവംബർ 6-നും 8-നും ഇടയിലാണ് തട്ടിപ്പ് നടന്നത്. യൂസഫിന്റെ  ഫോണിലേക്ക് ലൈവ് ടിവിയുടെ ലിങ്ക്  മെസ്സേജ് വരികയും അതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തതോടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം നഷ്ടമാവുകയായിരുന്നു. സംഭവത്തിൽ കാസർകോട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

എറണാകുളം മുളവുകാട് ക്രെഡിറ്റ് കാർഡ് ഒടിപി തട്ടിപ്പിലൂടെ 90,000 രൂപയും നഷ്ടപ്പെട്ടു. കണ്ണൂരിൽ ഫോൺ സിസ്റ്റം റീസ്റ്റാർട്ടായി അസം സ്വദേശിക്ക് 46,000 രൂപയും തളിപ്പറമ്പിൽ ഓൺലൈൻ ജോലിയുടെ പേരിൽ യുവതിക്ക് 96,000 രൂപയും നഷ്ടമായ സംഭവങ്ങളിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് വെബ് സീരീസ് കാണാൻ ഒരു രൂപ മുടക്കിയ വ്യക്തിക്ക് 72,000 രൂപ നഷ്ടമായി.

ENGLISH SUMMARY:

Cyber fraud in Kerala highlights massive financial losses through dating apps, fake APK files, and online part-time job scams. The report details various recent cyber crimes across the state and urges citizens to stay vigilant against evolving digital traps.