TOPICS COVERED

സൈബര്‍ തട്ടിപ്പ്...കാലം മാറുംതോറും വ്യാപ്തിയും രീതിയും മാറുന്ന, നമ്മുടെ സമ്പാദ്യം മുഴുവന്‍ ഒരു ക്ലിക്കില്‍ കവരുന്ന തട്ടിപ്പുസംഘങ്ങള്‍.. ഫേക്ക് ഐ‍ഡിയില്‍ നിന്ന് തുടങ്ങി ലിങ്ക് ഓപ്പണാക്കിയാല്‍ പോലും ഗാഡ്ജറ്റുകള്‍ മറ്റൊരാളുടെ നിയന്ത്രണത്തിലേക്ക് എത്തുന്ന എ.ഐ കാലത്തിലേക്ക് വരെ എത്തിനില്‍ക്കുന്നു, ലോകം.ഏതാണ് സത്യം, ഏതാണ് മിഥ്യ എന്നുപോലും തിരിയാതെ മലയാളി അന്തംവിടുമ്പോള്‍ ഇനി എന്ത് ചെയ്യാനാകും എന്നാണ് അറിയേണ്ടത്. സാക്ഷരത നേടിയ സമൂഹമായിട്ടും, ലാഭം കിട്ടുന്ന പരിപാടി മാത്രം പിടിച്ച് കുറേ കാശുകളയുന്ന കൂട്ടരായി നമ്മളും മാറുന്നു. ഇനിയും ഇതില്‍ കണ്ണടച്ചാല്‍, നമുക്ക് പോലും നിയന്ത്രിക്കാനാകാത്ത തരത്തിലേക്ക് കാര്യങ്ങളെത്തും. ക്ലിക്കാക്കിയാല്‍ കാശുപോകും എന്നതില്‍ നിന്ന് കയ്യിലുണ്ടെങ്കിലും കീശകീറും എന്നതിലേക്ക് എത്തും. സൈബര്‍ തട്ടിപ്പുകളുടെ ഗ്രാഫ് കൂടുമ്പോള്‍ പിടികൂടാനുള്ള, അവരിലേക്ക് എത്താനുള്ള, ഓപ്പറേഷനുകള്‍ക്ക് പൂട്ടിടാനുള്ള സംവിധാനവും നമ്മുടെ സൈബര്‍ വിങ് ഉറപ്പാക്കിയേ തീരൂ..   

ഡേറ്റിങ് സൈറ്റിന്‍റെ പേരിലുള്ള ചതിക്കുഴിയിൽ വീണ യുവ ഡോക്ടർക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് 32 ലക്ഷം രൂപയാണ്. ' ഹാർട്ട് വിഷ് . ഇൻ' എന്ന പേരിലുള്ള ഡേറ്റിംഗ് സൈറ്റിൽ വിശ്വസിച്ചവരാണ് പറ്റിക്കപ്പെട്ടത്. യുവ ഡോക്ടർ ഡേറ്റിംഗ് സൈറ്റിൽ രജിസ്ട്രേഷന് മാത്രം നൽകിയത് 3600 രൂപ. സ്ത്രീകളുടെ വിവരങ്ങൾ ലഭിക്കാൻ വീണ്ടും നൽകി, 10,590 രൂപ. ഇതേ മാതൃകയിൽ ഡോക്ടറുടെ സുഹൃത്തുക്കളും ഡേറ്റിംഗ് സൈറ്റിലെ ചതിക്കുഴിയിൽപ്പെട്ടു. ആകെ 32,43,925 രൂപയാണ് ഡോക്ടറുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. പണം തിരിച്ചു നൽകും എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മാർച്ച് മുതൽ ജൂൺ വരെയുള്ള മാസങ്ങളിലായിരുന്നു ഇത്. 

കതിരൂർ സ്വദേശിയായ അറുപത്തിയാറുകാരന് പത്ത് തവണകളായി പതിനായിരം രൂപ വീതമാണ് നഷ്ടപ്പെട്ടത്. ഫേസ്ബുക്കിൽ പെൻഷൻ കാർഡിന്‍റെ പേരിലുള്ള പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തു. തുടർന്ന് വാട്സാപ്പിൽ തട്ടിപ്പുകാരുടെ മെസ്സേജ് എത്തി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചായിരുന്നു സന്ദേശം. വിവരങ്ങൾ കൃത്യമായി പരാതിക്കാരൻ അയച്ചുകൊടുത്തു. പിന്നീട് തട്ടിപ്പുകാർ വാട്സാപ്പിൽ അയച്ചുകൊടുത്ത APK  ഫയൽ ഡൗൺലോഡ് ചെയ്ത് തുറന്നു നോക്കിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽ പണം നഷ്ടപ്പെടാൻ തുടങ്ങി. 

തട്ടിപ്പുകാരെന്ന് അറിയാതെ ഓൺലൈനിൽ പാർട്ട് ടൈം ജോലിയെന്ന വാഗ്ദാനത്തില്‍ വീണ തളിപ്പറമ്പ് സ്വദേശിനിക്ക് നഷ്ടമായത് 96,000 രൂപയാണ്. മേഖ ഇന്ത്യ ലിമിറ്റഡ്' എന്ന ടെലഗ്രാം അക്കൗണ്ടിലൂടെ പാര്‍ട്ട് ടൈം മാര്‍ക്കറ്റിങ് ജോലിക്ക് ശമ്പളം നല്‍കുമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച യുവതിയോട് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുകയും 800 രൂപ മുതല്‍ അരലക്ഷം വരെ ഒരേ ദിവസം വ്യത്യസ്ത സമയങ്ങളില്‍ അയച്ചുകൊടുക്കുകയും ചെയ്തു. തട്ടിപ്പുകാര്‍ പറഞ്ഞ ആറ് UPI ഐഡികളിലേക്കായിരുന്നു പണം അയച്ചത്. പിന്നീട് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായതോടെയാണ് പൊലീസില്‍ പരാതിപ്പെടുന്നത്. 

കൊച്ചിയില്‍ രണ്ടുപേര്‍ക്കാണ് പല രീതിയില്‍ പണം നഷ്ടമായത്. ഓൺലൈൻ ട്രേഡിങ് വഴി ഇരട്ടിലാഭം വാഗ്ദാനം ചെയ്ത് കൊച്ചി ഇടപ്പളളി സ്വദേശിയായ ഡോക്ടറുടെ ഒരുകോടി 57 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ സ്‌ത്രീ ദുബായ് അസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ട്രേഡിങ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. പറഞ്ഞ കാലവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ ഡോക്ടർ പരാതിപ്പെട്ടു. എറണാകുളം മുളവുകാട് ക്രെഡിറ്റ് കാർഡ് ആക്ടിവേഷന്റെ മറവിലും തട്ടിപ്പുണ്ടായി. മുളവുകാട് സ്വദേശിയിൽനിന്ന് 89,904 രൂപയാണ് തട്ടിയെടുത്തത്. ക്രെഡിറ്റ് കാർഡ് ആക്ടിവേഷന് ഒ.ടി.പി നമ്പർ ആവശ്യപ്പെട്ടാണ് മറ്റൊരു അക്കൗണ്ടിലെ പണം തട്ടിയത്. കഴിഞ്ഞ രണ്ടാംതിയതി നടന്ന തട്ടിപ്പ് എറണാകുളം സൈബര്‍ പൊലീസാണ് അന്വേഷിക്കുന്നത്. 

കാസര്‍കോട് വയോധികനാണ് സൈബര്‍ തട്ടിപ്പിനിരയായത്. രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി പെരിയ സ്വദേശി യൂസഫ് മൊയ്തുവിന്‍റെ  1.65ലക്ഷമാണ് നഷ്ടമായത്. നവംബർ 6-നും 8-നും ഇടയിലാണ് തട്ടിപ്പ് നടക്കുന്നത്. യൂസഫിന്റെ  ഫോണിലേക്ക് ലൈവ് ടിവിയുടെ ലിങ്ക്  മെസ്സേജ് വരികയും അതിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓപ്പൺ ചെയ്തതോടെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പണം നഷ്ടമാവുകയായിരുന്നു. കോഴിക്കോട് വെബ് സിരീസ് കാണാന്‍ ഒരു രൂപ എന്ന ലിങ്കില്‍ കയറി ഒടിടി പ്ലാറ്റ്ഫോം ആക്ടിവേറ്റ് ചെയ്ത അറുപതിയഞ്ചുകാരന്‍റെ എഴുപതിയൊന്നായിരം രൂപ നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. കോഴിക്കോട് ചെലവൂര്‍ സ്വദേശി ഇംബിച്ചിക്കോയയാണ് തട്ടിപ്പിനിരയായത്. ആദ്യം ഒരു രൂപയും പിന്നീട് ഓട്ടോ പേയായി 699 രൂപയും വയോധികന്‍ നല്‍കിയിരുന്നു. 699 രൂപ റീഫണ്ട് ആവശ്യപ്പെട്ടതാടെ തട്ടിപ്പുസംഘം വിഡിയോ കോള്‍ ചെയ്ത് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 71,998 രൂപ നഷ്ടമാകുകയായിരുന്നു.

ദിനംപ്രതി കൂടിവരുന്ന തട്ടിപ്പുകള്‍ ജാഗ്രത മാത്രം മതിയോ, തട്ടിപ്പുകാര്‍ എങ്ങനെയൊക്കെ ചിന്തിക്കും എന്ന് കൂടി നമ്മള്‍ അറിയേണ്ടത് അനിവാര്യതയായി മാറുകയാണ്. അതിന് കൃത്യമായ ബോധവല്‍കരണം വേണം.. തട്ടിപ്പുലോബിയുടെ വേരറക്കുക തന്നെ വേണം..ജനങ്ങള്‍ക്കിടയില്‍ ശരിയായ ബോധവല്‍കരണം എത്തിയിട്ടില്ല എന്നതിന് ഉദാഹരണമാണ് നമ്മള്‍ കേട്ട പരാതികളെല്ലാം. ബാങ്ക് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് കൂടി ചിലപ്പോഴെങ്കിലും സംശയം തോന്നിപ്പിക്കുന്ന തരത്തിലാണ് തട്ടിപ്പുസംഘങ്ങളുടെ ഓപ്പറേഷനും. എന്തിനാണ് ബാങ്കുകള്‍ നമ്മെ നേരിട്ട് വിളിക്കുക?പണം നഷ്ടമായാല്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? നമ്മള്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ബാങ്ക് ഇടപാടുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെയുള്ള ബാങ്ക് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം കാര്യങ്ങളാണ്? എന്ത് സംശയം വന്നാലും വിദഗ്ധരുടെയോ ബാങ്ക് അധികൃതരുടെയോ അഭിപ്രായം തേടിയേ തീരൂ..ഫോണ്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരില്‍ പോലും തട്ടിപ്പ് നടക്കുമ്പോള്‍ സൈബറിടത്തില്‍‌ നമ്മുടെ സുരക്ഷിതത്വം എത്രത്തോളമാണ്? കണ്ണൂര്‍ പട്ടാന്നൂര്‍ സ്വദേശി ബിനുവിന്റെ മൊബൈലിലുണ്ടായിരുന്ന എം.പരിവാഹന്‍ എന്ന പേരിലുള്ള വ്യാജ ആപ്പിലൂടെ നഷ്ടമായത് രണ്ട് ലക്ഷത്തി എഴുപത്തിയൊന്‍പതിനായിരം രൂപയാണ്. ആപ്പ് ഫോണില്‍ ഇന്‍‌സ്റ്റാള്‍ ചെയ്തിട്ടില്ലെന്ന് ബിനു പറഞ്ഞത്. മോട്ടര്‍ വാഹന വകുപ്പിന്റെയും വ്യാജന്മാരുടെയും ആപ്പുകളെ തിരിച്ചറിയാന്‍ എന്ത് ചെയ്യാനാകും എന്നത് ബിനു അടങ്ങുന്ന സമൂഹത്തിന്‍റെ ചോദ്യംകൂടിയാണ്.

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന സൈബർ തട്ടിപ്പുകളിൽ അറുപതുശതമാനത്തിലേറെയും കെണി ഒരുക്കുന്നത് വ്യാജ ലിങ്കുകൾ വഴിയാണ്. കണ്ണൂരിൽ മൊബൈൽ അപ്ഡേറ്റിന്റെ മറവിൽ നടന്ന തട്ടിപ്പിന് പിന്നിലും വ്യാജ ലിങ്കുകൾ ആവാം എന്നാണ് പൊലീസിന്റെ നിഗമനം. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നമ്മുടെ മൊബൈലിന്‍റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകുന്നു. മൊബൈൽ അപ്ഡേറ്റ് ഉൾപ്പെടെ പ്രധാനപ്പെട്ട നിർദേശങ്ങൾ ഒന്നും എസ്എംഎസ് ലിങ്കുകൾ ആയി വരില്ലെന്ന് തിരിച്ചറിയണമെന്നാണ് പ്രധാന ഉപദേശം. സൈബര്‍ തട്ടിപ്പിനായി പരിശീലനം നേടിയ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലി. ഓരോ നിമിഷവും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി തട്ടിപ്പിനായി ഉപയോഗിക്കുകയാണ്. സൈബറിടത്ത് സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ ജാഗ്രത പാലിച്ചേ മതിയാകൂ..

നമ്മുടെ സൈബര്‍ സ്പേസിലേക്ക് കടക്കുന്നവരെ തിരിച്ചറിഞ്ഞേ തീരൂ. ഓരോ ക്ലിക്കും ശ്രദ്ധയോടെ മാത്രമേ നടത്താവൂ.. ഇരട്ടി ലാഭം വാഗ്ദാനം ചെയ്താലും അത് തട്ടിപ്പുവഴി മാത്രമാണെന്ന് മനസിലാക്കിയേ തീരൂ.. നമ്മള്‍ അനുവദിക്കാതെ നമ്മെ പറ്റിക്കാന്‍ സാധിക്കില്ലെന്ന വാചകം തന്നെയാണ് ഇവിടെയും അനുയോജ്യം.. ഉടന്‍ പോകും പണം എന്ന ജാഗ്രതയോടെ സൈബറിടം കൈകാര്യം ചെയ്തേ മതിയാകൂ.

Rising Cyber Frauds in Kerala: How Scammers Operate:

Cyber fraud in Kerala is on the rise as scammers use sophisticated methods like fake dating apps, malicious APK files, and deceptive links to steal money from unsuspecting victims. Staying vigilant and understanding digital safety measures are essential to protect your hard-earned savings from these evolving online scams