ഇന്ത്യൻ സിനിമാ ചരിത്രത്തിലാദ്യമായി ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയ്‌ലറിന്റെ പ്രീമിയർ ലോഞ്ച് നിർവഹിക്കുന്നു. പ്രേക്ഷകര്‍ ഒന്നാകെ കാത്തിരിക്കുന്ന, വലിയ ഇടവേളക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പേട്രിയറ്റിന്‍റെ ലോഞ്ച് റിലീസാണ് കൗതുകമാകുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് ഒരേ സമയം രണ്ടിടത്തായിട്ടാണ് ട്രെയിലന്‍ ലോഞ്ച് ചെയ്യുന്നത്.
ഏപ്രിൽ നാലിന് വൈകിട്ട് ആറിന് തൃശൂർ രാഗം തിയറ്ററിൽ മമ്മൂട്ടി ആരാധകരോടൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തീയറ്ററിൽ മോഹൻലാൽ ആരാധകരോടൊപ്പം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യുക. ഇക്കാര്യം ഇരുവരും തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയും അറിയിച്ചിട്ടുണ്ട്. 18 വർഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നത്.
ചിത്രം മെയ് 1 ന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും. മഹേഷ് നാരായണനാണ് സംവിധാനം. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. രഞ്ജി പണിക്കര്‍, സെറീന്‍ ഷിഹാബ്, ഷഹീന്‍ സിദ്ദിഖ്, പ്രകാശ് ബെലവാഡി, ഗോവിന്ദ് കൃഷ്ണ, പ്രശാന്ത് നായര്‍, ഡാനിഷ് ഹുസൈന്‍, സനല്‍ അമന്‍ തുടങ്ങി മികച്ച അഭിനേതാക്കളുടെ വലിയ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്. സുഷിന്‍ ശ്യാം ആണ് സംഗീതം.
കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഡാക്ക്, ഷാര്‍ജ, ശ്രീലങ്ക എന്നിവിടങ്ങളായിരുന്നു ചിത്രീകരണം. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.