ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച് മമ്മൂട്ടി–മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിന്‍റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയുടെ മടങ്ങിവരവിനൊപ്പം, മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും ദര്‍ശന രാജേന്ദ്രനും രേവതിയുമെല്ലാം അണിനിരക്കുന്ന വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നെഞ്ചിടിപ്പേറ്റുന്ന ആക്ഷന്‍ സീനുകള്‍. പിടിച്ചിരുത്തുന്ന കഥപറച്ചില്‍. 'മൊത്തം മൂന്നുപേരുണ്ട്..സാറിന് തടുക്കാന്‍ കഴിയുമോ' എന്ന മോഹന്‍ലാലിന്‍റെ ചോദ്യവും കൂടി ചേര്‍ന്നപ്പോള്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയാണ് ടീസര്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം സുഷിന്‍ ശ്യാം കൂടി ചേരുന്നതോടെ അടുത്ത ബ്ലോക് ബസ്റ്ററാകും ഒരുങ്ങുന്നതെന്നാണ് ആരാധകരുടെ കമന്‍റുകള്‍.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് മലയാളസിനിമ അടുത്തൊന്നും കണ്ടിട്ടില്ലാത്ത താരസംഗമത്തിനാണ് കളമൊരുക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷമുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവാണ് പാട്രിയറ്റിന്‍റെ ഹൈലൈറ്റ്. കഴിഞ്ഞദിവസം അദ്ദേഹം ഹൈദരാബാദിലെ സെറ്റിലെത്തി യൂണിറ്റിനൊപ്പം ചേര്‍ന്നു. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും ഹൈദരാബാദില്‍ മമ്മൂട്ടിയെ കാണാനെത്തിയിരുന്നു. കൊച്ചി, ഡല്‍ഹി, ഹൈദരാബാദ്, ലഡാക്ക്, ഷാര്‍ജ, ശ്രീലങ്ക എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന പേട്രിയറ്റ് വിഷു റിലീസായി തിയേറ്ററുകളിലെത്തും.
രഞ്ജി പണിക്കര്‍, സെറീന്‍ ഷിഹാബ്, ഷഹീന്‍ സിദ്ദിഖ്, രാജിവ് മേനോന്‍, പ്രകാശ് ബെലവാഡി, ഗോവിന്ദ് കൃഷ്ണ, പ്രശാന്ത് നായര്‍, ഡാനിഷ് ഹുസൈന്‍, സനല്‍ അമന്‍ തുടങ്ങി മികച്ച അഭിനേതാക്കളുടെ വലിയ നിര തന്നെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പേട്രിയറ്റിന്‍റെ ഭാഗമാകുന്നു. സുശിന്‍ ശ്യാം ആണ് സംഗീതം. മനുഷ് നന്ദന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈന്‍ ജിബിന്‍ ജേക്കബും ഷാജി നടുവിലുമാണ്. ധന്യ ബാലകൃഷ്ണനാണ് കോസ്റ്റ്യൂം ഡിസൈന്‍.