Image Credit : https://www.instagram.com/sonamkapoor
തന്‍റെ രണ്ടാമത്തെ കണ്‍മണിയുടെ പേര് ആരാധര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി ബോളിവുഡ് നടി സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും. ഇന്‍സ്റ്റഗ്രാമില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പും ചിത്രവും പങ്കുവച്ചുകൊണ്ടാണ് ഇരുവരും മകന്‍റെ പേര് വെളിപ്പെടുത്തിയത്. പേരിന്‍റെ അര്‍ഥവും താരം വ്യക്തമാക്കിയിട്ടുണ്ട്. കപൂര്‍ കുടുംബത്തിലെ ഏറ്റവും ഇളയ അംഗമാണ് സോനത്തിന്‍റെ രണ്ടാമത്തെ കുഞ്ഞ്.
'രുദ്രലോക്' എന്നാണ് സോനവും ആനന്ദ് അഹൂജയും ആണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേര് വെളിപ്പെടുത്തിക്കൊണ്ട് സോനം കുറിച്ചതിങ്ങനെ...'ഞങ്ങളുടെ ജീവിതത്തെ ഒരിക്കൽ കൂടി മാറ്റിമറിച്ച ആ ദൈവിക ചൈതന്യത്തെ സ്മരിച്ചുകൊണ്ട്. വിഷ്ണുഭഗവാന്റെ അനുഗ്രഹത്താൽ, ഏകാദശി എന്ന പവിത്രമായ ദിനത്തിൽ ജനിച്ച ഞങ്ങളുടെ രണ്ടാമത്തെ മകൻ സഹോദരനൊപ്പം ദൈവികമായി ചേര്‍ന്നൊരു അനുഗ്രഹം പോലെയും കര്‍മബന്ധത്തിന്റെ അടയാളം പോലെയും തോന്നുന്നു. ഏറെ സ്നേഹത്തോടും നന്ദിയോടും കൂടി രുദ്രലോക് കപൂര്‍ അഹൂജയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു' എന്നാണ് സോനം കുറിച്ചത്.
'വേദങ്ങളിൽ, 'രുദ്' (അലർച്ച) എന്ന പദത്തിൽ നിന്നാണ് 'രുദ്രൻ' എന്ന പേരുണ്ടായത്; കരുത്തരിൽ വെച്ച് ഏറ്റവും കരുത്തൻ. ദുഃഖങ്ങളെ അതിന്റെ വേരിൽ നിന്ന് തന്നെ പിഴുതെറിയുന്നവൻ, കൊടുങ്കാറ്റിന്റെയും ശ്വാസത്തിന്റെയും രോഗശാന്തിയുടെയും പുനർജന്മത്തിന്റെയും പിന്നിലെ ദൈവിക ശക്തി. എല്ലാ ജീവികളിലൂടെയും ഒഴുകുന്ന 'വായു' എന്ന പ്രാണനുമായി അദ്ദേഹം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ ആദ്യത്തെ കൺമണി വഹിക്കുന്നത് ജീവിതത്തിന്റെ സംരക്ഷകനായ വിഷ്ണുവിന്റെ നാമമാണ്. രുദ്രന്റെ വരവോടെ അതൊരു വിശുദ്ധമായ തുടർച്ചയായി മാറുന്നു. ശ്വാസവും ശക്തിയും. പരിപാലനവും പരിവർത്തനവും. ഒന്ന് മറ്റൊന്നിന് കരുത്തേകുന്നു. തന്റെ പേരുപോലെ തന്നെ, രുദ്രൻ ഭയമില്ലാത്തവനും, കരുണയുള്ളവനും, അറിവുള്ളവനും, കരുത്തിന്റെയും വെളിച്ചത്തിന്റെയും ഉറവിടവുമായി വളരട്ടെ. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദിയോടെ, സോനം, ആനന്ദ്, വായു, രുദ്ര', എന്നും സോനം കൂട്ടിച്ചേർത്തു.
വായു എന്നാണ് സോനം ആദ്യത്തെ കണ്‍മണിക്ക് ഇട്ടിരിക്കുന്ന പേര്. സോനത്തിന്‍റെ കുറിപ്പും കുടുംബചിത്രവും സോഷ്യലിടത്ത് ശ്രദ്ധനേടിയതിന് പിന്നാലെ ബോളിവുഡിലെ പ്രമുഖ താരങ്ങളും ആരാധകരും സോനത്തിനും കുടുംബത്തിനും ആശംസയുമായെത്തി. ആലിയ ഭട്ട്, കരീന കപൂര്‍, അര്‍ജുന്‍ കപൂര്‍, കജോള്‍ എന്നിങ്ങനെ വലിയൊരു താരനിരയാണ് സോനത്തിന് ആശംസകളുമായെത്തിയത്.