ബോളിവുഡില്‍ ഈ അടുത്ത കാലത്തായി ഏറ്റവുമധികം കലക്ഷന്‍ നേടിയ ചിത്രമാണ് ധുരന്ദര്‍. ആദ്യഭാഗവും രണ്ടാം ഭാഗമായ 'ധുരന്ദര്‍ ദ് റിവഞ്ചും' ഒരുപോലെ ബോക്സ്ഓഫീസ് ഹിറ്റുകളായി മാറി. ബോളിവുഡില്‍ ഏറ്റവുമധികം കലക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനം ധുരന്ദറിനാണ്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് രണ്‍വീര്‍ സിങ്ങിനൊപ്പം തന്നെ കയ്യടിയേറ്റുവാങ്ങുകയാണ് നായിക സാറ അര്‍ജുനും. ഇപ്പോഴിതാ സാറയെ തേടി സഞ്ജയ് ലീലാ ബന്‍സാലി ചിത്രമെത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രണ്ട് ചിത്രങ്ങളും ആയിരം കോടി കടന്നതോടെ ഭാഗ്യനായിക എന്നാണ് സാറയെ സിനിമാലോകം വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ കരിയറില്‍ ലഭിക്കാവുന്നതില്‍ വച്ച് മികച്ച ഒരു നായിക കഥാപാത്രമാണ് സാറ അര്‍ജുനെ തേടിയെത്തിയിരിക്കുന്നത്.

dhurandhar-sara

ബോളിവുഡിന്‍റെ മനംകവര്‍ന്ന ആദ്യകാല നായിക മധുബാലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണ് സാറ മധുബാലയായി എത്തുന്നത്. 1950കളില്‍ ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിരുന്നു നായികയായിരുന്നു മധുബാല. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇന്ത്യന്‍ സിനിമകണ്ട കരുത്തുറ്റ നായികമാരുടെ പട്ടികയിലേക്ക് ചുരുങ്ങിയ കാലയളവില്‍ തന്നെ ഇടംപിടിച്ച നായിക. 70ഓളം സിനിമകളേ ചെയ്തിട്ടുളളുവെങ്കിലും ഒരു ദശാബ്ദക്കാലത്തോളം ബോളിവുഡ് ഭരിച്ച താരറാണിയായിരുന്നു മധുബാല. സൗന്ദര്യം കൊണ്ടും അഭിനയപാടവം കൊണ്ടും അവര്‍ ബോളിവുഡിന്‍റെ ഐക്കണായി മാറി. അക്കാലത്ത് ചിലമാധ്യമങ്ങള്‍ മധുബാലയെ വിശേഷിപ്പിച്ചത് 'ദ് വീനസ് ഓഫ് ഇന്ത്യന്‍ സിനിമ' എന്നാണ്. 

madhubala-actress

1960ല്‍ പുറത്തിറങ്ങിയ 'മുഗള്‍ ഇ അസം' എന്ന ചിത്രത്തിലെ അനാര്‍ക്കലി എന്ന നായിക കഥാപാത്രം ഒന്നുമാത്രം മതി മധുബാലയെ എന്നും ഇന്ത്യന്‍ സിനിമാലോകം ഓര്‍ക്കാന്‍. അക്കാലത്തെ ഏറ്റവുമധികം കലക്ഷന്‍ നേടിയ ചിത്രവും മുഗള്‍ ഇ അസം തന്നെയായിരുന്നു. അഭിനേത്രി എന്നതിനപ്പുറം പ്രൊഡ്യൂസറായും മധുബാല പ്രവര്‍ത്തിച്ചിട്ടുണ്ട്.  ഒട്ടേറെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീമായിരുന്നു. ഈ മധുബാലയെയാണ് 20കാരി സാറ അര്‍ജുന്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാനൊരുങ്ങുന്നത്. സഞ്ജയ് ലീല ബന്‍സാലി പ്രൊഡക്ഷന്‍സില്‍ ഒരുങ്ങുന്ന ചിത്രം ജസ്മീത് കെ റീന്‍ ആണ് സംവിധാനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദൈവത്തിരുമകളിലൂടെ ബാലതാരമായും, പൊന്നിയിന്‍ സെല്‍വനിലെ ഐശ്വര്യ റായിയൂടെ യൗവനകാലത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചും, ധുരന്ദറിലൂടെ വന്‍ ആരാധകരവൃന്ദത്തെയും വാര്‍ത്തെടുത്ത സാറ അര്‍ജുന് മധുബാല ഒരു വെല്ലുവിളിയാകില്ല എന്നുറപ്പാണ്. ബോളിവുഡിനെ ഒരു കാലത്ത് സ്വന്തം പേരിലാക്കിയ മധുബാലയെ വീണ്ടും വെളളിത്തിരിയില്‍ കാണാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാപ്രേമികള്‍. 

ENGLISH SUMMARY:

Sara arjun is set to portray the iconic Madhubala in an upcoming Sanjay Leela Bhansali production, a role that marks a significant step in her burgeoning career. Having already achieved massive success with her debut films crossing the thousand-crore mark, she is now poised to embody the legendary actress who defined an era in Indian cinema.