image Credit:X
ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും കിയാര അദ്വാനിയും പ്രധാന വേഷങ്ങളിലെത്തുന്ന സൂപ്പര്‍ ചിത്രം 'വാര്‍ 2' വിന് കത്തിവച്ച് സെന്‍സര്‍ ബോര്‍ഡ്. അനാവശ്യ പരാമര്‍ശങ്ങളുള്ള ആറിടങ്ങളില്‍ സംഭാഷണം മ്യൂട്ട് ചെയ്യണമെന്നും 'പ്രലോഭനകരമായ' രംഗങ്ങള്‍ ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. യഷ് രാജ് ഫിംലിംസിന്‍റെ ചിത്രം അടുത്ത വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിലെ 'അശ്ലീല' പരാമര്‍ശങ്ങളിലൊന്ന് നീക്കി പകരം മറ്റൊന്ന് ചേര്‍ത്തു. പിന്നാലെ വരുന്ന രണ്ട് സെക്കന്‍റ് നീളുന്ന അശ്ലീല ആംഗ്യം ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രകോപനപരമായ രംഗങ്ങള്‍ ഒന്‍പത് സെക്കന്‍റ് നേരത്തേക്ക് മാത്രമാക്കി ചുരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കിയാര അദ്വാനിയുടെ ബിക്കിനി രംഗങ്ങളാണ് വെട്ടിച്ചുരുക്കാന്‍ പറഞ്ഞതെന്നാണ് സൂചന. ഈ മാറ്റങ്ങളോടെ U/A 16 + സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കുക. രണ്ട് മണിക്കൂര്‍ 59 മിനിറ്റ് 49 സെക്കന്‍റായിരുന്നു ആകെ ദൈര്‍ഘ്യം. സെന്‍സര്‍ബോര്‍ഡ് കട്ട് പറഞ്ഞതോടെ രണ്ട് മണിക്കൂര്‍ 51 മിനിറ്റ് 44 സെക്കന്‍റുകളായി ചിത്രം ചുരുങ്ങി. ആക്ഷന്‍ സീനുകളില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റമൊന്നും നിര്‍ദേശിച്ചിട്ടില്ല.
ദേശസ്നേഹികളായ ധീരന്‍മാരായാണ് ജൂനിയര്‍ എന്‍ടിആറും ഹൃത്വിക് റോഷനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മേജര്‍ കബീര്‍ ധലിവാളായി ഹൃത്വികും വിക്രമായി ജൂനിയര്‍ എന്‍ടിആറും വേഷമിടുന്നു. കാവ്യ ലുത്രയായാണ് കിയാര എത്തുന്നത്. സ്വാതന്ത്ര്യദിന റിലീസായിട്ടാകും അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിലെത്തുക. ഹൃത്വിക് റോഷന്‍, ടൈഗര്‍ ഷ്റോഫ്, വാണി കപൂര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച 'വാര്‍' ന്‍റെ തുടര്‍ച്ചയാണിത്.