വിവാദ ചലച്ചിത്രം 'ദ് കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമായി പുറത്തിറക്കുന്ന ‘ദ് കേരള സ്റ്റോറി 2: ഗോസ് ബിയോണ്‍ണ്ടിന്’ സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ചിത്രത്തിന്‍റെ സംവിധായകന്‍ കാമാഖ്യ നാരായണ സിങ് അറിയിച്ചു. രാജ്യത്തെ സഹോദരിമാർക്കും പെൺമക്കൾക്കും ഇനി തിയറ്ററില്‍ പോയി സിനിമ കാണാൻ കഴിയുമെന്നും യുഎ റേറ്റിങ് നല്‍കിയതിന് ബോർഡിനോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. എല്ലാ യുവാക്കളും മാതാപിതാക്കളും സിനിമ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്‍റെ ടീസര്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതിന് പിന്നാലെയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദര്‍ശനാനുമതി ലഭിക്കുന്നത്. സാധാരണഗതിയില്‍ സങ്കീര്‍ണ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് (അഡള്‍ട്ട് ഓണ്‍ലി) ആണ് നല്‍കാറുള്ളത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേരള സ്റ്റോറിയടെ ആദ്യ ഭാഗത്തിനും എ സര്‍ട്ടിഫിക്കറ്റായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തോട് വിവാദങ്ങള്‍ക്കിടയിലും മൃദു സമീപനമാണ് സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്നത്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ 14 വയസിനും അതിനു മുകളിലുള്ളവര്‍ക്കും ചിത്രം തിയറ്ററില്‍ ചെന്ന് കാണാന്‍ സാധിക്കും. ഇത് വഴി ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് ചിത്രത്തിന്‍റെ നിർമാതാവ് വിപുൽ അമൃത്‌ലാൽ ഷാ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ALSO READ: ‘ബീഫ് തീറ്റിച്ചത് സംഭവിച്ചതാണ്, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം?’ ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്...

അതേസമയം, ചിത്രത്തിന്‍റെ ട്രെയിലര്‍ വന്‍വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. കേരളത്തില്‍ നിന്നുമുള്ള യുവതി ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്നതും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുമായ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം ഇസ്‌ലാമിക രാജ്യമാകുമെന്നാണ് ട്രെയിലറില്‍ പറയുന്നത്. 'നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും', എന്ന ക്യാപ്ഷനോടെയാണ് ടീസർ പുറത്തുവിട്ടത്.

കടുത്ത വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രണ്ടാം ഭാഗത്തെ ഗൗരവത്തോടെ കാണണമെന്നാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ഇത്തരം സിനിമകള്‍ക്ക് അനുമതി കിട്ടുന്നത് ആശ്ചര്യമാണ്. ആദ്യ ഭാഗത്ത് നട്ടാല്‍ കുരുക്കാത്ത നുണകളായിരുന്നുവെന്നും വ്യാജ പ്രതീതി നിർമ്മിതിയെ ഏറ്റെടുത്ത് പ്രചരിപ്പിച്ചത് സംഘപരിവാർ കേന്ദ്രങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ALSO READ: 'നുണകള്‍ക്കെതിരെ സത്യം ജയിക്കണം'; കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി ...

‘ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ചു. ഈ കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുന്ന വിഷസൃഷ്ടികൾക്ക് എങ്ങനെയാണ് പ്രദർശന അനുമതി ലഭിക്കുന്നത് എന്നത് ആശ്ചര്യകരമാണെന്നും മുഖ്യമന്ത്രി കുറിച്ചു. പരസ്പര സമ്മതത്തോടെ നടക്കുന്ന വിവാഹങ്ങളെപ്പോലും വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നിറം നൽകി തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് സംഘപരിവാര്‍ കേന്ദ്രങ്ങളാണ്. കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിത്രം 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.

ENGLISH SUMMARY:

The sequel to the controversial film, 'The Kerala Story 2: Goes Beyond,' directed by Kamakhya Narayan Singh, has received a UA certificate from the Censor Board and is set to release on February 27, 2026. While the first part received an 'A' rating, the sequel's UA certification allows wider audience access, including viewers aged 14 and above. The film's trailer has sparked fresh outrage in Kerala for depicting scenes of forced beef consumption and claiming that Kerala will become an Islamic state in 25 years. Kerala CM Pinarayi Vijayan criticized the film on Facebook, questioning how a movie that spreads communal hatred and fake narratives received clearance. He accused the Sangh Parivar of using cinema to portray Kerala as a hub of terrorism. Producer Vipul Amrutlal Shah expressed satisfaction with the certification, stating it would help the film reach more youngsters. However, critics argue the film is a 'poisonous creation' designed to polarize society. Stay tuned for reviews and public reactions upon its theatrical release.