• 40 കാരനായ അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടര്‍ സഞ്ജയ് വിശ്വനാഥിനെ പ്രണയിക്കുന്ന മാഡി എന്ന 20 കാരിയായിട്ടാണ് മമിത ബൈജു എത്തുന്നത്

സൂര്യയും മമിത ബൈജുവും ആദ്യമായി ജോഡികളാകുന്ന വിശ്വനാഥ് ആൻഡ് സൺസിന്‍റെ ട്രെയിലര്‍ റിലീസായി. കടുംബ പശ്ചാത്തലത്തില്‍ ഫീല്‍ ഗുഡ് കഥ പറയുന്ന ചിത്രത്തില്‍ 40 കാരനായ അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടര്‍  സഞ്ജയ് വിശ്വനാഥിനെ പ്രണയിക്കുന്ന മാഡി എന്ന 20 കാരിയായിട്ടാണ് മമിത ബൈജു എത്തുന്നത്. 

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ലക്കി ഭാസ്കര്‍ ഒരുക്കിയ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യന്ന ചിത്രം ഓഗസ്റ്റ് 14 ന് ആഗോള റിലീസായി എത്തും. ധനുഷ് നായകനായ വാത്തിക്കു ശേഷം വെങ്കി അറ്റ്ലൂരി തമിഴില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്‍റെ രചനയും സംവിധായന്‍റേതാണ്. 

ഡ്യൂഡ് എന്ന ചിത്രത്തിലൂടെ തമിഴില്‍ തരംഗമായ മമിതയ്ക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസ് ചിത്രത്തിലുണ്ടെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു. ധനുഷിനൊപ്പം കര, വിജയ്ക്കൊപ്പം ജനനായകന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മറ്റൊരു സൂപ്പ‍ര്‍ ഹീറോയ്ക്കൊപ്പം എത്തുകയാണ് മമിത. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ചിത്രത്തില്‍ സൂര്യ പാടിയ 'വെഡിംഗ് സോങ്' നേരത്തെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.

റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചും വിശ്വനാഥ് ആൻഡ് സൺസ് വാർത്തകളിൽ നിറഞ്ഞിരുന്നു. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രീ - റിലീസ് ബിസിനസാണ് ചിത്രം നേടിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം കറുപ്പിനു ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രം ഹിറ്റ് ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. 

ENGLISH SUMMARY:

Vishwanath and Sons trailer release marks the first time Suriya and Mamitha Baiju are paired together, promising a feel-good family drama. The film, directed by Venky Atluri, is set for a global release on August 14 and has already made waves with a record-breaking pre-release business.