ഹാരി പോട്ടർ പരമ്പരയുടെ, ആദ്യ ഔദ്യോഗിക ചിത്രം പങ്കുവച്ച് HBO. നാളെ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ട്രെയിലര്‍ നാളെയെത്തുമെന്ന് ഇതോടെ ആരാധകര്‍ കണക്കുകൂട്ടുന്നു. ക്വിഡിച്ച് പിച്ചിലേക്ക് നടന്നുപോകുന്ന ഹാരി പോട്ടറാണ് ചിത്രത്തില്‍. ഹോഗ്‌വാർട്സിലെ ഗ്രിഫിൻഡോർ ഹൗസിനെ പ്രതിനിധീകരിക്കുന്ന ചുവപ്പും സ്വർണ്ണനിറവുമുള്ള മേലങ്കി ധരിച്ച ഹാരിയുടെ ജഴ്സിക്ക് പിന്നിൽ പോട്ടര്‍ എന്നപേരും ഏഴാം നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രിഫിൻഡോറിന്റെയും ഹഫിൾപഫിന്റെയും പതാകകളും ചിത്രത്തിൽ വ്യക്തമാണ്. യുകെയിലെ വാർണർ ബ്രോസ് സ്റ്റുഡിയോസ് ലീവ്സ്ഡെനിൽ പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ആദ്യ ട്രെയിലറില്‍ മറ്റ് പ്രധാന അഭിനേതാക്കളെക്കുറിച്ച് കൂടുതൽ വ്യക്തത നൽകുമെന്ന പ്രതീക്ഷയിലാണ് പോട്ടര്‍ ഹെഡ്സ്. ഡാനിയൽ റാഡ്ക്ലിഫ്, എമ്മ വാട്സൻ, റൂപർട്ട് ഗ്രിന്റ് എന്നിവർ അനശ്വരമാക്കിയ ഹാരി പോട്ടർ, ഹെർമിയണി ഗ്രേൻജർ, റോൺ വീസലി എന്നീ കഥാപാത്രങ്ങളെ ഡൊമനിക് മക്ലോഗിൻ, അറബെല്ല സ്റ്റാന്റൺ, അലിസ്റ്റർ സ്റ്റൗട്ട് എന്നിവരാണ് സ്ക്രീനിലെത്തിക്കുക. കുട്ടിത്താരങ്ങളെ ഒരു തരത്തിലുമുള്ള നെഗറ്റിവിറ്റിയും ബാധിക്കരുതെന്ന് എച്ച്ബിഒക്ക് നിർബന്ധമുള്ളതിനാൽ കുട്ടികളുടെ ചിത്രം ഷെയർ ചെയ്ത ഇൻസ്റ്റഗ്രാമിൽ കമന്റ് സെക്ഷൻ ഒഴിവാക്കിയിരുന്നു. എന്നാല്‍ സീരീസിന്റെ ആദ്യ ചിത്രത്തിന് കമന്റ് ബോക്സുണ്ട്. വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ ആദ്യചിത്രത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്
2027ൽ ആരാധകർക്കു മുന്നിലെത്തുമെന്നു കരുതുന്ന ഹാരി പോട്ടർ സീരീസിന്റെ തിരക്കഥ വായിച്ച ശേഷം, സാക്ഷാല്‍ ജെ.കെ.റോളിങ് സമൂഹമാധ്യമത്തിൽ എഴുതിയത്, So, So, So Good’ എന്ന്. സീരീസിന്റെ തിരക്കഥ എഴുതിയിരുന്നോ എന്ന ആരാധകന്റെ കമന്റിന്, ‘ഇല്ല, പക്ഷേ, എഴുത്തുകാരുമായി സഹകരിച്ചിരുന്നു’ എന്നും ജെ.കെ.റോളിങ് പറഞ്ഞു. 1990ൽ മാഞ്ചസ്റ്ററിൽ നിന്നും ലണ്ടനിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് ഹാരി പോട്ടർ എന്ന കഥാപാത്രം റൗളിങ്ങിന്റെ മനസ്സിൽ രൂപമെടുത്തത്. അനേകം പ്രസാധകരെ കണ്ടെങ്കിലും അവരാരും ഹാരി പോട്ടർ പ്രസിദ്ധീകരിക്കാൻ തയാറായില്ല. ഒടുക്കം, ലണ്ടനിലെ പ്രസാധകരായ ബ്ലൂംസ്ബെറി പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു നൂറ്റാണ്ട് കണ്ട വലിയ മാജിക്കായിരുന്നു അത്. 'ഹാരി പോട്ടർ ആൻഡ് ഫിലോസഫേഴ്സ് സ്റ്റോണി'നുശേഷം 6 പുസ്തകങ്ങൾ കൂടി ഹാരി പോട്ടർ പരമ്പരയിൽ പുറത്തിറങ്ങി. എല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഹാരി പോട്ടർ പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തി എട്ട് സിനിമകൾ പുറത്തിറങ്ങിയിരുന്നു.