14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഹാരി പോട്ടര്‍ വീണ്ടും ആരാധകര്‍ക്ക് മുന്നില്‍. ഹാരി പോട്ടറായി വേഷമിടുന്ന ഡൊമിനിക് മക്്ലോഗ്‍ലിന്റെ ആദ്യ ചിത്രം എച്ച്.ബി.ഒ പങ്കുവച്ചു . വട്ടകണ്ണടയുമായി ഹോഗ്‍വാര്‍ട്സ് സ്കൂള്‍ യൂണിഫോമിലുള്ള പുത്തന്‍ ഹാരിയുടെ ചിത്രമാണ് ആരാധകര്‍ക്ക് മുന്നിലെത്തിയത്. യുകെയിലെ ലീവ്സ്ഡെനിലുള്ള വാർണർ ബ്രോസ് സ്റ്റുഡിയോയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവിട്ടത്. ഹാരിയായി ഡൊമിനിക് ആയിരിക്കും വേഷമിടുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യമായാണ് കുട്ടിത്താരത്തിന്റെ ഹാരി പോട്ടര്‍ കോസ്റ്റ്യൂമിലുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
ജെ.കെ.റോളിങ്ങിന്റെ നോവലിനോട് നീതിപുലര്‍ത്തുന്നതാകും പുതിയ പരമ്പരയെന്നാണ് എച്ച് ബി ഒയുടെ അവകാശവാദം. പരമ്പരയ്ക്ക് 7 സീസണുകൾ ഉണ്ടാകും. റോളിങ്ങിന്റെ ഓരോ പുസ്തകവും ഓരോ സീസണായി ചിത്രീകരിക്കും. ആദ്യ രണ്ട് സീസണുകളുടെ ചിത്രീകരണം ഒന്നിച്ചായിരിക്കും. 2026 വരെ ഷൂട്ടിങ് തുടരുമെന്ന് ചുരുക്കം. 30,000 പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് ഡൊമിനിക് മക്്ലോഗ്‍ലിന്‍, അരബെല്ല സ്റ്റാന്റന്‍, അലിസ്റ്റര്‍ സ്റ്റൗട്ട് എന്നിവരെ പ്രധാനകഥാപാത്രങ്ങളായി തിരഞ്ഞെടുത്തത്. 2027ല്‍ എച്ച് ബി ഒ മാക്സില്‍ പരമ്പരയുടെ ആദ്യ സീസണ്‍ സംപ്രേഷണം ചെയ്യും.