ലോകമെമ്പാടും ആരാധകരുള്ള ഹാരി പോട്ടര്‍ ഫ്രാഞ്ചൈസില്‍ അഭിനയിച്ച ഒരു ഇന്ത്യന്‍ അഭിനേത്രിയുണ്ട്. സൽമാൻ ഖാന്റെ ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെയും പ്രമുഖ റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ നടി. മാത്രമല്ല അവര്‍ വിവാഹം കഴിച്ചതാകട്ടെ ഒരു ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരത്തെയും. പറഞ്ഞുവരുന്നത് യുവരാജ് സിങിന്റെ ഭാര്യ ഹേസൽ കീച്ചിനെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും വലിയ സിനിമാ ഫ്രാഞ്ചൈസികളിൽ ഒന്നായ ഹാരിപോട്ടര്‍ സിനിമകളിലെ ഹേസൽ കീച്ചിന്‍റെ ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Image: Instagram/hazelkeechofficial

ബോളിവുഡില്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് ആരംഭിച്ചതാണ് ഹേസലിന്‍റെ സിനിമാ യാത്ര. ഹാരി പോട്ടർ സിനിമകളില്‍ ഹോഗ്‌വാർട്ട്‌സിലെ വിദ്യാർഥികളില്‍ ഒരാളായാണ് ഹേസല്‍ എത്തിയിരുന്നത്. അതും മൂന്ന് ഹാരിപോട്ടര്‍ ചിത്രങ്ങളില്‍; ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോൺ, ഹാരി പോട്ടർ ആൻഡ് ദി ചേംബർ ഓഫ് സീക്രട്ട്‌സ്, ഹാരി പോട്ടർ ആൻഡ് ദി പ്രിസണർ ഓഫ് അസ്കബാൻ. ഗൗരവ് കപൂറും ഷിബാനി ദണ്ഡേക്കറും അവതാരകരായ മിസ് ഫീൽഡ് എന്ന ഷോയിലാണ് തന്‍റെ ഹാരി പോട്ടര്‍ ബന്ധത്തെക്കുറിച്ച് ഹേസല്‍ തുറന്ന് പറഞ്ഞത്.

തന്റെ പ്രൊഫഷണൽ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിട്ടാണ് ഹാരി പോട്ടറിലെ കഥാപാത്രമെന്നാണ് ഹേസല്‍ പറയുന്നത്. പാശ്ചാത്യ ചലച്ചിത്രനിർമ്മാണ മേഖലയിലെ പ്രൊഫഷണലിസത്തെക്കുറിച്ചും ഹേസല്‍ സംസാരിച്ചു. ഹാരിപോട്ടറിന്‍റെ സെറ്റില്‍ പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കെല്ലാം ട്യൂട്ടർമാർ ഉണ്ടായിരുന്നത്രേ. പോളറോയ്ഡ് ഫോട്ടോകൾ ഉപയോഗിച്ചാണ് മുടിയും മേക്കപ്പും എല്ലാ ദിവസവും ഒരുപോലെയാണെന്ന് ഉറപ്പാക്കിയത്. ശരിക്കും ഒരു മാന്ത്രിക ലോകമായിരുന്നു ഹാരിപോട്ടറെന്നും ഹേസല്‍ ഓര്‍മ്മിക്കുന്നു. 

Image: Instagram/hazelkeechofficial

ഹേസലിന്‍റെ പിതാവ് ബ്രിട്ടീഷ് വംശജനാണ് മാതാവ് ഇന്ത്യക്കാരിയും. 2016ലാണ് ഹേസല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ വിവാഹം കഴിക്കുന്നത്.  വിവാഹിതരാകുന്നതിന് മുമ്പ് ഇരുവരും കുറച്ചുകാലം പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. ബില്ല, ബോഡിഗാർഡ് എന്നീ ചിത്രങ്ങളില്‍ ഹേസല്‍ അഭിനയിച്ചിട്ടുണ്ട്. ബോഡിഗാർഡിൽ കരീനയുടെ സുഹൃത്തായാണ് അഭിനയിച്ചത്. അജിത് കുമാറിന്‍റെ ബില്ലയില്‍ സഹനടിയായിരുന്നു. നിരവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

താന്‍ കടുത്ത വിഷാദ രോഗബാധിതയായിരുന്നുവെന്നും ആത്മഹത്യാ പ്രവണതയുണ്ടായിരുന്നുവെന്നും ഹേസല്‍ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ന് മാനസികാസ്വാസ്ഥ്യം നേരിടുന്നവരെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി സൈക്കോതെറാപ്പിയിൽ ഡിപ്ലോമ എടുക്കുകയാണ് ഹേസല്‍. ഹേസല്‍ റീച്ചിന് മൂന്ന് പേരുകളുണ്ടെന്ന സവിശേഷതയുമുണ്ട്. ഹേസലിന്‍റെ മോഡലിങ് പേര് റോസ് ഡോൺ എന്നായിരുന്നു. എന്നാൽ സിനിമാ മേഖലയിൽ ഹേസൽ കീച്ച് എന്ന പേരിലാണ് അറിയപ്പെട്ടികുന്നത്. വിവാഹശേഷം, ഹേസൽ ഗുർബസന്ത് കൗർ എന്ന പേര് സ്വീകരിച്ചു. വിവാഹ ചടങ്ങിനിടെ സന്ത് ബൽവീന്ദർ സിങ് നൽകിയ പേരാണ് ഇത്.

ENGLISH SUMMARY:

Hazel Keech, wife of cricketer Yuvraj Singh, is gaining attention for her roles in three 'Harry Potter' films as a Hogwarts student before entering Bollywood. She described her experience on the sets of the world's biggest franchise as magical and highly professional. Hazel, who is of British and Indian descent, married Yuvraj in 2016 and now focuses on supporting those with mental health issues. She has also been known by different names, including her modeling name, Rose Dawn, and her married name, Gurbasant Kaur.