ഹാരി പോട്ടര്‍ കഥയിലെ ഒരു കഥാപാത്രത്തിനായി 4500 കോടിയുടെ ഊര്‍ജപദ്ധതി തന്നെ വഴിമാറി. പ്രിയപ്പെട്ട എല്‍ഫായ ഡോബിയെ രക്ഷിക്കാൻ ഹാരി പോട്ടർക്ക് കഴിഞ്ഞില്ലങ്കിലും അവന്റെ ഓര്‍മകള്‍ സംരക്ഷിക്കാന്‍ ആരാധകര്‍ ഇറങ്ങിത്തിരിച്ചതോടെയാണ് വമ്പന്‍ പദ്ധതി വഴിമാറിയത്.
ഡോബിയുടെ അവസാനശ്വാസം നിലയ്ക്കുമ്പോൾ ഹാരി പോട്ടര്‍ അവനെ കൈകളിൽ താങ്ങിയിരുന്നു. വെയിൽസിലെ ഫ്രഷ്‌വാട്ടർ വെസ്റ്റിലാണ് ഹാരി പോട്ടർ ആൻഡ് ദ ഡെത്ത്‌ലി ഹാലോസ് എന്ന സിനിമയില്‍ ഡോബിയുടെ അവസാനരംഗങ്ങള്‍ ചിത്രീകരിച്ചത്. ഫ്രെഷ് വാട്ടര്‍ വെസ്റ്റ് അങ്ങനെ ഡോബിയുടെ സ്മാരകമായി മാറി. കടല്‍തീരത്ത് നിറം നൽകിയ കല്ലുകളും, സന്ദേശങ്ങളും, ഒരു സോക്സിലൂടെ സ്വാതന്ത്ര്യം നേടിയ ആ കുഞ്ഞു എൽഫിന്റെ ഓർമയ്ക്കായി സോക്സുകളും പോട്ടര്‍ഹെഡ്സ് ഉപേക്ഷിച്ചു.
എന്നാല്‍, കഴിഞ്ഞ വര്‍ഷമാണ് ഫ്രഷ്‌വാട്ടർ വെസ്റ്റില്‍ ഏകദേശം 4500 കോടി രൂപയുടെ വൈദ്യുതപദ്ധതി വരുന്നത്. അയർലൻഡിനെയും വെയിൽസിനെയും ബന്ധിപ്പിക്കുന്ന 190 കിലോമീറ്റർ നീളമുള്ള 'ഗ്രീൻലിങ്ക്' എന്ന വൈദ്യുതി പദ്ധതിയുടെ കൂറ്റൻ കേബിൾ കടലിൽ നിന്ന് കരയിലേക്ക് എത്തിക്കേണ്ടിയിരുന്നത് ഫ്രഷ്‌വാട്ടർ വെസ്റ്റിലായിരുന്നു.
പദ്ധതിയുടെ വഴി ഡോബിയുടെ സ്മാരകത്തെ ബാധിച്ചേക്കാമെന്ന് ആരാധകർ തിരിച്ചറിഞ്ഞതോടെ പ്രതിഷേധമായി. ആയിരക്കണക്കിന് ഫോണ്‍കോളുകളും ഇമെയിലുകളുമാണ് അധികൃതരെ തേടിയെത്തിയത്. ആരാധകർക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ, ഡോബിയെ വെറുതെ വിടുക. ഒടുക്കം സ്മാരകം ഒഴിവാക്കാൻ കേബിളിന്റെ വഴി മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന സംഭവം ഒരു പോഡ്കാസ്റ്റിലൂടെയാണ് പ്രോജക്റ്റ് മാനേജര്‍ വെളിപ്പെടുത്തിയത്.