Cricket - Ashes - Fifth Test - England v Australia - The Oval, London, Britain - July 31, 2023 England's Stuart Broad in action Action Images via Reuters/Andrew Boyers
2007 ലെ ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് മല്‍സരം ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ടതാണ്. ഓവറിലെ ആറ് പന്തും സിക്സര്‍ പറത്തി യുവരാജ് സിങ് ലോകത്തെ ഞെട്ടിച്ച ദിവസം. സ്റ്റുവര്‍ട്ട് ബ്രോഡിനെയാണ് യുവി അടിച്ച് പറത്തിക്കളഞ്ഞത്. ആ സിക്സറുകള്‍ ചരിത്രത്തില്‍ ഇടംപിടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് തകര്‍ന്ന് തരിപ്പണമായി. ആ ആഘാതത്തില്‍ നിന്ന് സ്റ്റുവര്‍ട്ട് പുറത്തുകടന്നത് വളരെ പ്രയാസപ്പെട്ടാണെന്ന് പിന്നീട് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയും െചയ്തിരുന്നു.
Image Credit: AP (Left), Reuters (right)
സ്റ്റുവര്‍ട്ടിന്‍റെ പിതാവ് ക്രിസ് ബോര്‍ഡ് പിന്നീട് യുവിയെ കണ്ടപ്പോള്‍ കയ്യൊപ്പിട്ട് ജഴ്സി മകനായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഇന്ത്യയുടെ ജഴ്സിയില്‍ ഒപ്പ് ചാര്‍ത്തി നല്‍കിയെന്നും എന്നാല്‍ അത് കയ്യില് കിട്ടിയ സ്റ്റുവര്‍ട്ട് ബ്രോഡ് അത് വലിച്ച് ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞുവെന്ന് താന്‍ പിന്നീട് അറിഞ്ഞുവെന്നുമാണ് യുവിയുടെ വെളിപ്പെടുത്തല്‍. മൈക്കല്‍ വോണുമായി നടത്തിയ സംഭാഷണത്തിലാണ് യുവരാജ് സിങ് അക്കാര്യം ഓര്‍ത്തെടുത്തത്.
'സ്റ്റുവര്‍ട്ടിന്‍റെ അച്ഛന്‍ ക്രിസ് ബ്രോഡ് ഇന്ത്യ– ഓസ്ട്രേലിയ മല്‍സരത്തിന്‍റെ റഫറിയായി എത്തി. അദ്ദേഹം എന്‍റെയടുത്ത് വന്ന് 'എന്‍റെ മകന്‍റെ കരിയറാണ് ഏറെക്കുറെ തീര്‍ത്ത് കളഞ്ഞത്' എന്ന് പറഞ്ഞു. അപ്പോള്‍, സര്‍, എന്നെ ആളുകള്‍ ഓവറില്‍ അഞ്ച് സിക്സര്‍ പറത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ വികാരം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ ഒരു ഷര്‍ട്ട് സ്റ്റുവര്‍ട്ടിന് വേണ്ടി ഒപ്പിട്ട് തരൂ എന്നായി അദ്ദേഹം. ഉടന്‍ തന്നെ ഞാന്‍ എന്‍റെ ജഴ്സി ഊരി അതില്‍ 'എന്നെ അഞ്ച് സിക്സിന് പറത്തിയിട്ടുണ്ട്. എനിക്ക് അത് മനസിലാകും. ഏറ്റവും മികച്ചയാളായി നീ മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് കഴിയട്ടെ' എന്നെഴുതിക്കൊടുത്തു. അടുത്തയിടെയാണ് ക്രിസ് ആ ജഴ്സി സമ്മാനിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് അതെടുത്ത് ചവറ്റുകൊട്ടയില്‍ ഇട്ടുവെന്ന് ഞാന്‍ വായിച്ചത്. അത്ര ദേഷ്യമാണ് സ്റ്റുവട്ടിന് അത് കണ്ടപ്പോള്‍ തോന്നിയത്. അത് സ്വാഭാവികമാണ്. എനിക്കത് മനസിലാകും'- യുവരാജ് സിങ് വിശദീകരിച്ചു.
'അന്ന് ട്വന്‍റി 20യില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അത്ര പരിചയ സമ്പത്തുള്ളയാള്‍ ആയിരുന്നില്ല. അതുകൊണ്ട് ആ വിഷമം മനസിലാക്കാന്‍ കഴിയും. അവിടെ നിന്നുമാണ് ഇതിഹാസ താരമായി സ്റ്റുവര്‍ട്ട് വളരുകയും 600 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുകയും ചെയ്തു. അന്നത്തെ ആ സംഭവത്തില്‍ നിന്ന് അദ്ദേഹം ഊര്‍ജം ഉള്‍ക്കൊണ്ടു. മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ തകര്‍ന്ന് പോയേനെ' എന്നും യുവി കൂട്ടിച്ചേര്‍ത്തു.