സിനിമാ റിലീസിനെക്കാള്‍ സംഭവബഹുലമാണ് ഇപ്പോള്‍ ടീസര്‍, ട്രെയിലര്‍ റിലീസുകള്‍. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ട് ആവേശം കൊണ്ടിരിക്കുന്ന പ്രേക്ഷകരെ തിയറ്ററുകളിലേക്ക് എത്തിക്കുന്നതില്‍ ടീസറും പിന്നാലെ വരുന്ന ട്രെയിലറുകളും ചെറിയ പങ്കല്ല വഹിക്കുന്നത്. ഒരു സിനിമ അനൗണ്‍സ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതും വിഡിയോ ടീസറിനും ട്രെയിലറിനും വേണ്ടിത്തന്നെ. യൂട്യൂബില്‍ ടീസറോ ട്രെയിലറോ റിലീസ് ചെയ്തുകഴിഞ്ഞാല്‍ പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും ആകാംക്ഷയോടെ കാത്തിരിക്കും. സിനിമ ഹിറ്റായില്ലെങ്കില്‍ക്കൂടി ടീസറും ട്രെയിലറും സൂപ്പര്‍ഹിറ്റാകുന്ന കാഴ്ചയും ഇടയ്ക്ക് കണ്ടിട്ടുണ്ട്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ യൂട്യൂബില്‍ കണ്ട ടീസര്‍ ഏതാണ്? എന്‍റര്‍ടെയിന്‍മെന്‍റ് ബിസിനസ് വെബ്സൈറ്റായ സാക്‌നിക് തയാറാക്കിയ 100 ട്രെയിലറുകളുടെ പട്ടികയില്‍ ഒരു മലയാളം ടീസറോ ട്രെയിലറോ ഇടംപിടിച്ചില്ല. യഷ് നായകനായ പ്രശാന്ത് നീലിന്‍റെ കെ.ജി.എഫ് ചാപ്റ്റര്‍ 2 ആണ് യൂട്യൂബ് വ്യൂസില്‍ ചരിത്രം സൃഷ്ടിച്ച ഇന്ത്യന്‍ സിനിമാ ടീസര്‍. 27.92 കോടി ആളുകളാണ് ജനുവരി 4 വരെ ഈ ടീസര്‍ കണ്ടത്. ഉജ്വല്‍ കുല്‍ക്കര്‍ണിയാണ് എഡിറ്റര്‍. ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളിലൊന്നാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2. 1200 കോടി രൂപയിലേറെയായിരുന്നു ഇതിന്‍റെ ആഗോള കലക്ഷന്‍.
രണ്ടാംസ്ഥാനത്തും ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തിന്‍റെ ടീസറാണ്. പ്രഭാസ്, പ്രശാന്ത് നീല്‍ ടീമിന്‍റെ ‘സലാര്‍’.2023 ജൂലൈ ആറിന് പുറത്തുവിട്ട ‘സലാര്‍’ ടീസര്‍ ഇതുവരെ യൂട്യൂബില്‍ നേടിയത് 15 കോടി വ്യൂസ്. ഒരുമിനിറ്റ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ സലാറിന്‍റെ വിജയത്തില്‍ സുപ്രധാനപങ്കുവഹിച്ചു. 2023ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ തെലുങ്ക് സിനിമയായിരുന്നു സലാല്‍. 700 കോടിക്കടുത്താണ് ആഗോളകലക്ഷന്‍.
ഹൃതിക് റോഷന്‍ നായകനായ ‘വാര്‍’ ആണ് ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ യൂട്യൂബ് വ്യൂസ് നേടിയ ട്രെയിലര്‍. 2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായിരുന്നു ഹൃത്വിക്കും ടൈഗര്‍ ഷ്റോഫും ഒന്നിച്ച ‘വാര്‍’. സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കിയ ചിത്രത്തിന്‍റെ എഡിറ്റര്‍ ആരിഫ് ഷെയ്ഖാണ്. 2019 ഓഗസ്റ്റ് 27ന് റിലീസ് ചെയ്ത ട്രെയിലറിന് ഇതുവരെ യൂട്യൂബില്‍ ലഭിച്ചത് 14.26 കോടി വ്യൂസ്!
കോവിഡ് ആഞ്ഞടിച്ച കാലത്ത് റിലീസ് ചെയ്ത ചിത്രമാണ് ടൈഗര്‍ ഷ്റോഫിന്‍റെ ഭാഗി 3. 2020ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. ലോക്‌ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളില്‍പ്പെട്ടെങ്കിലും 137 കോടി രൂപ കലക്ട് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ പക്ഷേ സൂപ്പര്‍ഹിറ്റായി. 2020 ഫെബ്രുവരി ആറിന് യൂട്യൂബിലെത്തിയ ട്രെയിലര്‍ ഇതുവരെ നേടിയത് 13.43 കോടി വ്യൂസ്. സാക്‌നിക് പട്ടികയില്‍ നാലാംസ്ഥാനം.
എസ്.എസ്.രാജമൗലിയുടെ മെഗാഹിറ്റ് ‘ബാഹുബലി–2 ദ് കണ്‍ക്ലൂഷന്‍റെ’ ഒഫീഷ്യല്‍ ട്രെയിലറാണ് പട്ടികയില്‍ അഞ്ചാംസ്ഥാനത്ത്. പ്രഭാസിന്‍റെ തലവര മാറ്റിയെഴുതിയ ബാഹുബലി സീരിസിലെ രണ്ടാംഭാഗത്തിന്‍റെ ട്രെയിലര്‍ 2017 മാര്‍ച്ച് 16നാണ് യൂട്യൂബിലെത്തിയത്. ഇതുവരെ ലഭിച്ചത് 13.21 കോടി വ്യൂസ്. ബാഹുബലി ഒന്നാംഭാഗത്തിന്‍റെ ക്ലൈമാക്സിന്‍റെ സസ്പെന്‍സ് രണ്ടാംഭാഗത്തിന്‍റെ ട്രെയിലറിന് വന്‍ ജനപ്രീതി നേടിക്കൊടുത്തു. ‘വാര്‍’ ട്രെയിലര്‍ വരുംവരെ ഇതായിരുന്നു യൂട്യൂബ് വ്യൂസില്‍ ഒന്നാമത്.
10 കോടിയിലേറെ യൂട്യൂബ് വ്യൂസ് നേടിയ 12 ട്രെയിലറുകളും ടീസറുകളും കൂടി സാക്‌നിക് പട്ടികയിലുണ്ട്. അക്ഷയ് കുമാറിന്‍റെ ‘ഹൗസ്‍ഫുള്‍ 4’, ഷാരുഖ് ഖാന്‍റെ ‘സീറോ’, കെ.ജി.എഫ് ചാപ്റ്റര്‍–2 ഹിന്ദി ട്രെയിലര്‍, പുഷ്പ 2 ടീസര്‍, അക്ഷയ് കുമാറിന്‍റെ ‘സൂര്യവംശി’, അമിതാഭ് ബച്ചന്‍–ആമിര്‍ ഖാന്‍ ടീമിന്‍റെ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’, പ്രഭാസിന്‍റെ ‘ആദിപുരുഷ്’, ഷാഹിദ് കപൂര്‍ നായകനായ ‘കബീര്‍ സിങ്’, രണ്‍ബീര്‍ കപൂര്‍ മുഖ്യവേഷമണിഞ്ഞ ‘അനിമല്‍’, സല്‍മാന്‍ ഖാന്‍റെ ‘ടൈഗര്‍ സിന്ദാ ഹെ’, രണ്‍ബീര്‍ കപൂര്‍ നായകനായ ‘ഷംഷേര’,പ്രഭാസിന്‍റെ ‘സഹോ’ എന്നിവയാണ് 10 കോടിയിലേറെ യൂട്യൂബ് വ്യൂസ് കരസ്ഥമാക്കിയ മറ്റ് ട്രെയിലറുകളും ടീസറുകളും.