Image Credit: Screengrab from Teaser/ facebook/Yash
കന്നഡ സൂപ്പര്‍താരം യഷിന്‍റെ പിറന്നാള്‍ ദിനത്തിലാണ് 'ടോക്സിക്' ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ശവസംസ്കാര ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് ക്രാഷ് ലാന്‍ഡ് ചെയ്താണ് യഷിന്‍റെ എന്‍ട്രി. കാറിനുള്ളില്‍ നിന്നുള്ള ചൂടന്‍ രംഗങ്ങളും ടീസറില്‍ മിന്നിമറഞ്ഞു. ഇതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. യഷിന്‍റെ പഴയ അഭിമുഖമാണ് ടീസറിനൊപ്പം സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
'വീക്കെന്‍ഡ് വിത് രമേഷ്' എന്ന പരിപാടിയില്‍ സംസാരിക്കവേ ' എന്‍റെ മാതാപിതാക്കള്‍ക്കൊപ്പം ഇരുന്ന് കാണാന്‍ പറ്റാത്ത ഒരു സീനിലും ഞാന്‍ അഭിനയിക്കില്ലെന്നും അത്തരം ചിത്രങ്ങള്‍ ഒഴിവാക്കുമെന്നും' യഷ് പറഞ്ഞിരുന്നു. ഇതാണ് ആളുകള്‍ ടീസറിനൊപ്പം പങ്കുവയ്ക്കുന്നത്. അതേസമയം, ഇതില്‍ വിമര്‍ശിക്കാന്‍ ഒന്നുമില്ലെന്നും ആളുകള്‍ വളരുമ്പോള്‍ കാഴ്ചപ്പാടുകളും മാറുമെന്നും ചിലര്‍ പിന്തുണച്ചിട്ടുണ്ട്. തന്‍റെ മൂല്യങ്ങളിലും ആദര്‍ശങ്ങളിലും മാറ്റം വരുത്തണമെന്ന് യഷിന് തോന്നിയെങ്കില്‍ അതിനെ കുറ്റപ്പെടുത്തുന്നതെന്തിന് എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. ഇഷ്ടമില്ലാത്തവര്‍ യഷിന്‍റെ സിനിമ കാണേണ്ടെന്ന് തീരുമാനിച്ചാല്‍ പോരെ എന്തിനാണ് സൈബര്‍ ആക്രമണമെന്നായിരുന്നു ഒരാള്‍ കുറിച്ചത്.
15 വര്‍ഷം മുന്‍പ് കരിയറിന്‍റെ തുടക്കത്തില്‍ യഷ് നല്‍കിയ അഭിമുഖമാണ് അതെന്നും ഒന്നര പതിറ്റാണ്ടിനിടെ നിലപാടുകളില്‍, ലോകപരിചയത്തില്‍ കാഴ്ചപ്പാടിലൊക്കെ വളര്‍ച്ചയുണ്ടാകുന്നതും മാറ്റമുണ്ടാകുന്നതും സ്വാഭാവികമാണെന്നും ആരാധകര്‍ കുറിക്കുന്നു. നിയമ വിരുദ്ധമായി താരമൊന്നും ചെയ്തിട്ടില്ലെന്നും അഭിനയമാണ് അദ്ദേഹത്തിന്‍റെ തൊഴിലെന്നും യഷിനെ പിന്തുണച്ച് ആരാധകര്‍ പറയുന്നു. ചിത്രത്തിന്‍റെ ടീസറിനെതിരെ എഎപി കര്‍ണാടക വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ തീര്‍ത്തും അശ്ലീലമാണെന്നും സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും കന്നഡ സംസ്കാരത്തിന് അപമാനമാണെന്നുമാണ് എഎപി സംസ്ഥാന സെക്രട്ടറി ഉഷ മോഹന്‍ പ്രതികരിച്ചത്.
കിയാര അദ്വാനി, താര സുതാരിയ, നയന്‍താര തുടങ്ങിയവരാണ് യഷ് ചിത്രത്തിലെ സൂപ്പര്‍താരങ്ങള്‍. മാര്‍ച്ച് 19നാണ് ചിത്രം തിയറ്ററുകളിലെത്തുക. കെജിഎഫിന് നാലുവര്‍ഷത്തിന് ശേഷമാണ് യഷിന്‍റെ ടോക്സിക് എത്തുന്നത്. ഗീതു മോഹന്‍ദാസാണ് സംവിധായിക. ബോളിവുഡിലെ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ധുരന്തറിന്‍റെ രണ്ടാം ഭാഗത്തിനൊപ്പമാണ് ടോക്സികും എത്തുന്നത്.