Image Credit : https://www.youtube.com/watch?v=MWgZh_rz0hc
രാജ്യത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിവാദചിത്രം 'ദ് കേരള സ്റ്റോറി'യ്ക്ക് രണ്ടാം ഭാഗം വരുന്നു. ദ് കേരള സ്റ്റോറി 2 :ഗോസ് ബിയോണ്‍ണ്ട് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും നടന്നുവരുന്ന മതപരിവര്‍ത്തനവും അതില്‍ വീണുപോകുന്ന പെണ്‍ജീവിതങ്ങളുമാണ് ചിത്രം തുറന്നുകാട്ടുന്നതെന്ന് ടീസറില്‍ നിന്ന് വ്യക്തം. ഇനി സഹിക്കില്ല, ഞങ്ങള്‍ പോരാടും എന്ന സന്ദേശമാണ് ടീസര്‍ പങ്കുവയ്ക്കുന്നത്. വിപുല്‍ അമൃത്ലാല്‍ ഷാ തന്നെയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗവും നിര്‍മിച്ചിരിക്കുന്നത്.
2023ലെ മികച്ച സംവിധായകനുളള ദേശീയ പുരസ്കാരം ദ് കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദീപ്തോ സെന്‍ സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രഹകനുളള പുരസ്കാരവും ഇതേ ചിത്രത്തിലൂടെ പ്രശാന്തനു മോഹപത്രയും സ്വന്തമാക്കി. എന്നാല്‍ പുരസ്കാര നേട്ടവും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്ന ആരോപണമാണ് പ്രധാനമായും ചിത്രത്തിന് നേരെ ഉയര്‍ന്നത്. വിവാദ ചിത്രത്തിന് പുരസ്കാരം നല്‍കിയതിനെതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ, മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ അവാർഡ് ജൂറി അവഹേളിച്ചിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നത്. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. മലയാള താരങ്ങള്‍ നേടിയ നേട്ടങ്ങളുടെ തിളക്കം കെടുത്തുന്നതാണ് 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പ്രതികരിച്ചിരുന്നു. വലിയ കോളിളക്കമാണ് ചിത്രത്തിന്‍റെ റിലീസും പിന്നാലെയുളള പുരസ്കാരനേട്ടവും കേരളത്തിലുണ്ടാക്കിയത്.
അതേസമയം ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിങ്ങാണ് ദ് കേരള സ്റ്റോറി: ഗോസ് ബിയോണ്‍ണ്ട് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളികളായ മൂന്ന് പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ അകപ്പെടുന്നതും അതില്‍ നിന്ന് കരകയറാന്‍ അവര്‍ നടത്തുന്ന പോരാട്ടവുമാണ് കേരള സ്റ്റോറി ഗോസ് ബിയോണ്‍ണ്ട് മുന്നോട്ടുവയ്ക്കുന്നതാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രം 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.