മമ്മൂട്ടി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കളങ്കാവല്‍’ചിത്രത്തിന്റെ ടീസര്‍ പുറത്ത്. പെട്ടിക്കടയുടെ വശത്ത് കയ്യുംചാരി നില്‍ക്കുന്ന മമ്മൂക്കയുടെ ഭാവം ചുരുങ്ങിയ സമയത്തിനുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. കള്ളി ഷര്‍ട്ടും, ചുണ്ടില്‍ സിഗരറ്റും, കൂളിങ് ഗ്ലാസും വച്ച നില്‍പ്പ്, കാമറയ്ക്കൊപ്പം നീങ്ങി മാറുന്ന നോട്ടം, ഗ്ലാസൊന്നുപൊക്കി, മിന്നിമായുന്ന ഭാവങ്ങള്‍, രൂക്ഷമായ നോട്ടവും ഗൂഢമായ ചിരിയും ഒരേ ഫ്രെയിമില്‍ മിന്നിമായുന്നു.
നായകത്വവും വില്ലനിസവും സമം കലര്‍ന്ന ഭാവം. വില്ലനെ കാണാന്‍ കാത്തിരിപ്പെന്ന് ചിലരും വില്ലന്‍ നായകനും നായകന്‍ വില്ലനുമായ സിനിമയെന്ന് മറ്റു ചിലരും കുറിച്ചിട്ടുണ്ട്.
ടീസറില്‍ കേള്‍ക്കുന്ന ബിജിഎം ആണ് മറ്റൊരു പ്രത്യേകത. വിനായകനും അസീസ് നെടുമങ്ങാടും ടീസര്‍ ഫ്രെയിമുകളില്‍ തിളക്കത്തോടെയുണ്ട്. ടീസറില്‍ നിറയുന്നത് വിനായകനാണെങ്കിലും മമ്മൂട്ടി വന്നുപോകുന്ന 15 സെക്കന്റ് നേരം അതിമനോഹരമാണ്. വില്ലനോ നായകനോ എന്ന ചോദ്യം നിമിഷനേരം കൊണ്ടുതന്നെ കമന്റ് ബോക്സില്‍ നിറയുന്നുണ്ട്.
നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ഒരു ക്രൈം ഡ്രാമയാണ്. ഇന്ന് ആഗോള റിലീസായി എത്തിയ 'ലോക' എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തിയറ്ററുകളിൽ ആണ് 'കളങ്കാവൽ' ടീസർ പ്രദർശിപ്പിച്ചത്. മാസ്സ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ടീസര്‍ പോസ്റ്റർ രണ്ടു ദിവസം മുന്‍പാണ് പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വേഫെറർ ഫിലിംസ് തന്നെയാണ് 'ലോക' നിർമ്മിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്