ഗാന്ധിയൻ ആശയങ്ങളെ മഹത്വവൽക്കരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാതെ, തികച്ചും വിമർശനാത്മകമായ പുനർവായനയ്ക്ക് വിധേയമാക്കുന്ന ചിത്രമാണ് ‘ഇഴകൾക്കപ്പുറം’ (The Unseen Thread). ആദർശങ്ങളും ആത്മബന്ധങ്ങളും നേർക്കുനേർ ഏറ്റുമുട്ടുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചേംബർ ഡ്രാമ ഒക്ടോബർ 2-ന് ഗാന്ധി ജയന്തി ദിനത്തിൽ തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ സംവിധായകൻ വേണു നായർ മനോരമ ന്യൂസിനൊപ്പം ചേരുന്നു.

ഈ സമയത്ത് എന്തുകൊണ്ട് ഗാന്ധി പ്രമേയമായിട്ടൊരു സിനിമ? സാമ്പത്തികമായ സ്കെയിലിൽ മാത്രം സിനിമയെ കാണുന്ന കാലഘട്ടമാണല്ലോ!

വേണു നായർ ​(സംവിധായകൻ): ഗാന്ധി എന്നു പറയുന്നത് ഇന്ത്യയുടെ ധാർമിക വെളിച്ചമാണ്. ഓരോ ദിവസം കഴിയുന്തോറും അതിന്റെ പ്രസക്തി കൂടുകയാണ്. അപ്പോൾ സ്വാഭാവികമായും ഗാന്ധി എന്ന ആ മനുഷ്യന് ഒരു പ്രസക്തി ഇന്നുണ്ട്, ഇന്നലെ ഉണ്ടായിരുന്നു, നാളെ ഉണ്ടാവുകയും ചെയ്യും. ഇനിയും ഗാന്ധിയെ കുറിച്ചുള്ള ഒരുപാട് സിനിമകൾ വരും. അതിന് ബഡ്ജറ്റുമായിട്ടൊന്നും ഒരു ബന്ധവുമില്ല. കാരണം ഇത് സബ്ജക്റ്റാണ്, ‘സബ്ജക്റ്റ് ഈസ് ദ ഹീറോ’. എനിക്ക് തോന്നുന്നു ലോകം ഉള്ളിടത്തോളം കാലം ഗാന്ധി എന്ന് പറയുന്ന, ഡെസ്പൈറ്റ് ഓൾ ഹിസ് ഡ്രോബാക്സ്, നെഗറ്റീവ് ആയിട്ടുള്ള ആ ഒരു ഇംപേഷ്യൻസ്, അത്തരത്തിലുള്ള വിഷയങ്ങൾ ഒക്കെ ഉണ്ടെങ്കിൽ പോലും, അതിന് എന്നും ഒരു പ്രസക്തി ഉണ്ടായിരിക്കും. അതുതന്നെയാണ് ഗാന്ധി എന്ന വിഷയത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.

'ഇഴകള്‍ക്കപ്പുറം'- ​ഗാന്ധി എങ്ങനെയാണ് പ്രമേയമായി വരുന്നത്? അല്ലെങ്കിൽ പ്രമേയത്തിൽ എവിടെയാണ് ഗാന്ധി ?

​വേണു നായർ ​(സംവിധായകൻ): തനി ഗാന്ധിയനായിട്ടുള്ള ഒരു അച്ഛൻ. റിട്ടയേർഡ് വൈസ് ചാൻസലർ ഒക്കെയാണ്. മകളാണെന്നുണ്ടെങ്കിൽ ഡോക്യുമെന്ററി ഫിലിം മേക്കറാണ്. അപ്പോൾ മകളോട് അച്ഛൻ പറയുന്നു." ഗാന്ധിയെ കുറിച്ച് സത്യസന്ധമായ ഒരു ഡോക്യുമെന്ററി ചെയ്യണം". അതിനായി ഗാന്ധിയെ കുറിച്ച് മകൾ ഒരു വർഷത്തെ പഠനശേഷം അച്ഛനുമായിട്ടുള്ള ഒരു ഡിസ്കഷനിലാണ്. ഓരോ ആസ്പെക്ടുകളും കുടുംബപരമായിട്ടുള്ള കാര്യങ്ങളായാലും രാജ്യത്തിന്റെ വിഷയത്തെ കുറിച്ചിട്ടാണെങ്കിലും ഒക്കെ അവർ ചർച്ച ചെയ്യുന്നു. അപ്പോൾ പല കാര്യങ്ങളിലും അച്ഛൻ വളരെ ശക്തമായി ഗാന്ധിയെ ഡിഫൻഡ് ചെയ്യുന്നുണ്ട്. പക്ഷേ ചില ഘട്ടങ്ങളിൽ അച്ഛൻ സൈലന്റായി പോകും. ആനന്ദ് ശിവൻ എന്ന് പറയുന്ന ഈ റിട്ടയേർഡ് വൈസ് ചാൻസലറുടെ കുടുംബവും ഗാന്ധിയുടെ കുടുംബവുമായിട്ടും കണക്ട് ചെയ്യുന്നുണ്ട്.

എം.ജി യൂണിവേഴ്സിറ്റിയിൽ ഗാന്ധിയൻ സ്റ്റഡീസിൽ ആയിരുന്നു എന്റെ പോസ്റ്റ് ഗ്രാജ്വേഷൻ. ഗാന്ധിയെക്കുറിച്ച് ഒരു സിനിമ ചെയ്യണം ചെയ്യണമെന്ന് വളരെക്കാലമായി ആഗ്രഹിച്ചതാണ്. എല്ലാവരും പറയുന്നതുപോലെ ഗാന്ധി ദൈവമാണെന്നും അഹിംസ, ശാന്തി, സത്യാഗ്രഹം, ഫാസ്റ്റിംഗ് ഇതൊന്നും നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. പിന്നെ എങ്ങനെയാണെന്നാൽ... സീ, ഇതിനകത്തുള്ള കാര്യം ഒരു വിഗ്രഹത്തിൽ നിന്ന് നമുക്കൊന്നും പഠിക്കാനില്ല. അതേസമയം പിഴവുകൾ പറ്റിയ, ഒരുപാട് പരാജയങ്ങൾ ഏറ്റുവാങ്ങിയ ഒരു മനുഷ്യനിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. എത്രമാത്രം കഷ്ടപ്പെട്ടാണ് ഗാന്ധി നേടിയ വിജയങ്ങൾ എന്ന് കാണിക്കുക. അതിനു വേണ്ടിയിട്ടാണ് നമ്മൾ ഇത്തരത്തിലുള്ള ഒരു അറ്റംപ്റ്റ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

സിനിമയുടെ മാർക്കറ്റബിലിറ്റി, നിർമാണം?

വേണു നായർ (സംവിധായകൻ): നടീനടന്മാരെ സംബന്ധിച്ചിടത്തോളം ഇത്തരം സിനിമയിൽ സഹകരിച്ചാൽ അവർക്ക് എന്ത് കിട്ടും എന്നുള്ളത് വലിയൊരു വിഷയമാണ്. ഞങ്ങൾ ഇത്രയും ദിവസം സ്പെൻഡ് ചെയ്യുന്നു, ഞങ്ങൾ വെയിൽ കൊള്ളുന്നു, ഇത്രയും ദിവസം താമസിക്കുന്നു, വെയിലത്തും മഴയത്തും കഷ്ടപ്പെട്ട് നിന്ന് വർക്ക് ചെയ്യുന്നു, അപ്പൊ അതിന് നമുക്ക് എന്തെങ്കിലും പ്രോപ്പർ ആയിട്ട് അത് കോമ്പൻസേറ്റ് ചെയ്തേ മതിയാവൂ. ഒന്നാമത് നമുക്ക് വേറെ ഓപ്ഷൻസ് ഇല്ല. പിന്നെ എനിക്ക് എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഗൾഫിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിജോ ജോണി ചെറുവത്തൂർ.ഞങ്ങൾ ഒരുമിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. സാമ്പത്തിക ലാഭം ഒന്നും പ്രതീക്ഷിച്ചുകൊണ്ടല്ല. ഇത്തരത്തിലുള്ള ഒരു സബ്ജക്റ്റിന് ഒരു പ്രൊഡ്യൂസറെ കിട്ടുകയില്ല എന്നുള്ളത് 100 ശതമാനം ഉറപ്പാണ്.

സിനിമയിലെ കാസ്റ്റിങ്?

വേണു നായർ (സംവിധായകൻ): ദിനേശ് പണിക്കരാണ് കേന്ദ്ര കഥാപാത്രം. ദിനേശേട്ടനോട് ആദ്യമേ പറഞ്ഞു. "ദിനേശേട്ടാ ഇത് ചെയ്യാൻ എന്റെ മനസ്സിൽ ഉണ്ടായിരുന്ന രണ്ട് നടന്മാർ ഇപ്പോഴില്ല. ഒന്ന് നെടുമുടി വേണു, രണ്ട് തിലകൻ ചേട്ടൻ. ഇവർ രണ്ടുപേരിൽ ആരെങ്കിലും ഒരാൾ ചെയ്യേണ്ട ഒരു ക്യാരക്ടറാണ്. ചേട്ടൻ എന്റെ മുന്നിൽ കളിമണ്ണ് പോലെ വന്നു നിന്ന് തരണം. അത് ചേട്ടൻ എനിക്ക് ഉറപ്പു തരണമെന്ന് ദിനേശ് പണിക്കരോട് പറഞ്ഞു. കാരണം ഞാൻ ഒരു വിട്ടുവീഴ്ച ചെയ്യുന്ന ഡയറക്ടറല്ല. ദിനേശേട്ടൻ അതിഗംഭീരമായിട്ട് സഹകരിച്ചു എന്നുള്ളതാണ്.

സിനിമ എങ്ങനെ സ്വീകരിക്കപ്പെടണം എന്നുള്ളതാണ് താൽപര്യം?

വേണു നായർ (സംവിധായകൻ): ഒക്ടോബർ രണ്ടിന് റിലീസ് ചെയ്യുകയാണല്ലോ. അതുകൂടാതെ ഫെസ്റ്റിവൽ സർക്യൂട്ടിൽ, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫെസ്റ്റിവൽസിൽ മാത്രമേ നമ്മൾ വിടുന്നുള്ളൂ. ഇന്ത്യൻ പനോരമയ്ക്ക് അയച്ചിട്ടുണ്ട്, പിന്നെ IFFK പോയിട്ടുണ്ട്.

ENGLISH SUMMARY:

Director Venu Nair's upcoming film 'Izhagalakkappuram' (The Unseen Thread) presents a critical re-evaluation of Mahatma Gandhi through a family chamber drama context. Scheduled for release on Gandhi Jayanti, October 2, the film explores an ideological debate between a retired Vice-Chancellor father and his documentary filmmaker daughter. In an exclusive chat with Manorama News, the director stated that Gandhi was not a deity but a flawed human being whose struggles offer profound lessons. Featuring Dinesh Panicker in a lead role originally envisioned for Nedumudi Venu or Thilakan, the independent project aims for international film festival circuits alongside its theatrical run.