മഹാത്മാഗാന്ധിയുടെ കൊലപാതകി നാഥുറാം ഗോഡ്‌സെയും സഹോദരൻ ഗോപാൽ ഗോഡ്‌സെയും ആർ‌എസ്‌എസിന്റെ സജീവ അംഗങ്ങളായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ച് സവർക്കറുടെ ചെറുമകൻ സത്യകി സവർക്കർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സത്യകി സവർക്കർ നൽകിയ മാനനഷ്ടക്കേസിന്റെ വിചാരണയ്ക്കിടെയാണ് സത്യകി ഈ കുറ്റസമ്മതം നടത്തിയത്.

'എന്റെ മുത്തച്ഛന്മാരായ ഗോപാൽ ഗോഡ്‌സെയും നാഥുറാം ഗോഡ്‌സെയും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ സജീവ അംഗങ്ങളായിരുന്നുവെന്ന് പറയുന്നത് ശരിയാണ്' എന്നായിരുന്നു സത്യകിയുടെ മൊഴി. ഗാന്ധിജിയെ വെടിവെച്ച നാഥുറാം ഗോഡ്‌സെയുടെ സഹോദരൻ ഗോപാൽ ഗോഡ്‌സെയുടെ മകളാണ് തന്റെ അമ്മ. ഗോഡ്‌സെയും വിനായക് സവർക്കറും ബന്ധുക്കളായിരുന്നു. ഗോപാൽ ഗോഡ്‌സെയും സജീവ ആർഎസ്എസ് അംഗമായിരുന്നെന്നും സത്യകി സവർക്കർ പറഞ്ഞു. 

ഗോപാലും നാഥുറാം ഗോഡ്‌സെയും യഥാർത്ഥ സഹോദരന്മാരാണെന്നും സത്യകി പറഞ്ഞു. തന്റെ അമ്മയും ഗോപാൽ ഗോഡ്‌സെയും മരണം വരെ ഹിന്ദു മഹാസഭയ്ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നുവെന്നും സത്യകി സമ്മതിച്ചു. 1948-ലെ മഹാത്മാഗാന്ധിയുടെ വധത്തെക്കുറിച്ചും ക്രോസ് വിസ്താരം നടത്തി. ഗാന്ധിജിയുടെ കൊലപാതക കേസിൽ ഒന്നാം പ്രതി നാഥുറാം ഗോഡ്‌സെയും ആറും ഏഴും പ്രതികൾ ഗോപാൽ ഗോഡ്‌സെയും വിനായക് ദാമോദർ സവർക്കറും ആണെന്നും സത്യകി സമ്മതിച്ചതായി 'ലൈവ് ലോ' റിപ്പോർട്ട് ചെയ്യുന്നു. 

ലണ്ടനിലെ ഒരു പ്രസംഗത്തിൽ രാഹുൽ ഗാന്ധി തന്റെ മുത്തച്ഛനായ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സത്യകിയുടെ കേസ്. ഇതിലെ വാദമാണ് പുണെയിലെ പ്രത്യേക കോടതിയിൽ നടന്നുവരുന്നത്. വിചാരണയ്ക്കിടെ രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ മിലിന്ദ് ഡി പവാർ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ജെഎംഎഫ്‌സി) അമോൽ ശ്രീറാം ഷിൻഡെയുടെ മുമ്പാകെ സത്യകിയെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടെ ആയിരുന്നു വെളിപ്പെടുത്തൽ. കേസ് സെപ്റ്റംബർ 1 ലേക്ക് മാറ്റിവെച്ചു. 

ENGLISH SUMMARY:

Savarkar's grandson has admitted in court that Nathuram Godse and his brother Gopal Godse were active members of the RSS. This admission came during the trial of a defamation case filed by Savarkar's grandson against Congress leader Rahul Gandhi.