ജെന്‍സി ഭാഷയില്‍ പറഞ്ഞാല്‍ കള്ളിയങ്കാട്ട് നീലിയുടെ പൂക്കി വേര്‍ഷനായ അരുണ്‍ ഡൊമിനിക്കിന്റെ കല്യാണി ചിത്രം ലോക, തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ പിറന്നത് പുതുചരിത്രം. മലയാള സിനിമയുടെ സര്‍വ റെക്കോര്‍ഡുകളും ഭേദിച്ച് ലോക, ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചതിന്റ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മലയാള സിനിമയ്ക്ക് ലോക സമ്മാനിച്ച പുതിയ നേട്ടങ്ങളെ കുറിച്ച് സംസാരിക്കുന്നു ലോകയുടെ സഹ എഴുത്തുകാരിയും നടിയുമായ ശാന്തി ബാലചന്ദ്രന്‍.
‘ഇതു ഞങ്ങള്‍ പ്രതീക്ഷിക്കാത്ത വിജയം’
ഞങ്ങള്‍ ആരും ഇത്രയും ജനപ്രീതി പ്രതീക്ഷിച്ചിരുന്നില്ല. ഡൊമിനിക് ( സംവിധായകന്‍) മനസില്‍ കണ്ട സിനിമ എല്ലാവരും ചേര്‍ന്ന് എത്ര നന്നായി എടുക്കാമോ, അത്രയും നന്നായി എടുക്കണമെന്നും നിര്‍മാതാവിന് നഷ്ടമുണ്ടാകരുതെന്ന പ്രാര്‍ത്ഥനയും മാത്രമായിരുന്നു ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്. ഇപ്പോഴുണ്ടായതെല്ലാം ആ ടീംവര്‍ക്കിന്റെ ബലത്തിലുണ്ടായ വിജയമാണ്. ഡൊമിനിക്കിന്റെ മേല്‍നോട്ടത്തില്‍ എല്ലാവരും അവരവരുടെ ജോലി ഏറ്റവും ആത്മാര്‍ത്ഥമായി തന്നെ ചെയ്തു. ഈ സിനിമയുടെ ഭാഗമായ ഓരോരുത്തരും ഇത് അവരവരുടെ സിനിമയായി കണ്ടു. അതുകൊണ്ട് തന്നെ ലോകയുടെ സെറ്റിലാകെ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടായിരുന്നു. എല്ലാത്തിലും ഉപരിയായി നമുക്ക് ഒരു സിനിമയുടെ വിജയപരാജയങ്ങളെ പ്രെഡിക്ട് ചെയ്യാനാകില്ല. പകരം നമ്മുടെ ജോലി നന്നായി ചെയ്യാന്‍ ശ്രമിക്കാം എന്നേയുള്ളൂ.
നായിക ഒറ്റയ്ക്ക് ഷോള്‍ഡര്‍ ചെയ്യുന്ന ചിത്രങ്ങള്‍ക്ക് വിജയസാധ്യത കുറവാണ് എന്നൊരു മുന്‍വിധി ഇവിടെ കാലങ്ങളായി ഉണ്ടല്ലോ. ലോകയുടെ നേട്ടം മലയാള സിനിമയെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാന്‍ ഇടയുണ്ടോ ?
ഫോര്‍മുലകള്‍ക്കൊക്കെ അപ്പുറം Content ആണ് പ്രധാനമെന്ന് നമ്മുടെ പ്രേക്ഷകര്‍ ലോകയുടെ വിജയത്തിലൂടെ നമുക്ക് കാണിച്ച് തന്നു. പുതുമയുളള കഥയും ഒരു നല്ല ടീമും ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ ആ സിനിമയെ ഏറ്റെടുക്കുമെന്ന വിശ്വാസം തരുന്ന ഊര്‍ജം വലുതാണ്. അതില്‍ പ്രേക്ഷകരോട് ഏറെ നന്ദി ഉണ്ട്. എല്ലാ Genre – കളിലും നല്ല സിനിമകള്‍ നിര്‍മിക്കപ്പെടാന്‍ ലോകയുടെ വിജയം കാരണമായാല്‍ സന്തോഷം എന്നേ പറയാനുള്ളു.
മൊത്തം അഞ്ചു ചാപ്റ്ററുകളിലായെത്തുന്ന ലോകയുടെ എല്ലാ ഭാഗങ്ങളുടേയും കഥ പൂര്‍ത്തിയായി കഴിഞ്ഞെന്ന് നേരത്തെ തന്നെ സംവിധായകന്‍ അരുണ്‍ ഡൊമിനിക് വ്യക്തമാക്കിയിരുന്നു. ഈ നേട്ടങ്ങളുടേയും അവിടവിടെ കേട്ട ചില വിമര്‍ശനങ്ങളുടേയും പശ്ചാത്തലത്തില്‍ ഇനിയുള്ള കഥയിലോ ട്രീറ്റ്മെന്റിലോ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിനും കല്യാണിക്ക് പുറമെ മറ്റേതെങ്കിലും വനിതാ സൂപ്പര്‍ഹീറോയെ പ്രതീക്ഷിക്കാമോയെന്ന ചോദ്യത്തോടും ശാന്തി പ്രതികരിച്ചില്ല. വരും ഭാഗങ്ങളില്‍ മമ്മൂട്ടി, ടോവിനോ, ദുല്‍ഖര്‍ എന്നിവരെ കൂടാതെ അപ്രതീക്ഷിത താരങ്ങളുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ കൂടുതലൊന്നും പറയാനാകില്ലെന്നാണ് ശാന്തിയുടെ മറുപടി