'ലോക ചാപ്റ്റര്‍ വണ്‍; ചന്ദ്ര' മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇന്ത്യയിലെ ലേഡി സൂപ്പര്‍ ഹീറോ ചിത്രം എന്ന നേട്ടത്തിനൊപ്പം ഫീമെയ്ല്‍ ലീഡില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടവും ലോക സ്വന്തമാക്കിയിരിക്കുയാണ്. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് 'ലോക'ക്ക് ലഭിക്കുന്നത്.
ഈ സമയത്ത് മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അടുത്തിടെ തമിഴില്‍ പുറത്തുവന്ന സൂപ്പര്‍ ഹീറോ ചിത്രമായിരുന്നു 'മാവീരന്‍'. ശിവകാര്‍ത്തികേയന്‍ നായകനായ 'മാവീരന്‍' മികച്ച അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടും അര്‍ഹിച്ച വിജയം നേടിയിരുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തമിഴില്‍ 'മാവീരനെ' തഴഞ്ഞ തമിഴ് പ്രേക്ഷകര്‍ ലോകയെ ആഘോഷിക്കുന്നതില്‍ അസ്വസ്ഥരായിരിക്കുകയാണ് 'മാവീരന്‍' ആരാധകര്‍.
വ്യത്യസ്തമായ ആശയങ്ങള്‍ തമിഴില്‍ ഇറങ്ങുമ്പോള്‍ അവഗണിക്കുകയാണെന്നും എന്നാല്‍ മലയാളത്തില്‍ ഇറങ്ങുമ്പോള്‍ ആഘോഷിക്കുകയാണെന്നും ഇവര്‍ പറയുന്നു. ചില ആരാധകര്‍ ലോകയെക്കാള്‍ മികച്ച മാവീരനാണെന്നും അവകാശപ്പെടുന്നു. അതേസമയം ഇത്തരം പ്രവണതകള്‍ക്കെതിരെ ചില മലയാളി പ്രേക്ഷകരും രംഗത്തെത്തി. മലയാളം സിനിമകളെ പോലെ തന്നെ തമിഴ് സിനിമകളും കേരളത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ ഒരു മലയാളം സിനിമ നല്ല വിജയം നേടുമ്പോള്‍ ചില തമിഴ് പ്രേക്ഷകര്‍ അസ്വസ്ഥരാവുകയാണെന്നും വിമര്‍ശനമുയര്‍ന്നു. എന്തായാലും ഇരികൂട്ടരും ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം തുടരുകയാണ്.