റെക്കോര്‍ഡുകള്‍ ഭേദിച്ച് പുതിയ ചരിത്രങ്ങള്‍ സൃഷ്ടിക്കുകയാണ് മലയാള സിനിമ. 2025ല്‍ പുത്തന്‍ റെക്കോര്‍ഡിട്ട എമ്പുരാനെ തകര്‍ത്തുകൊണ്ടാണ് ലോക പുതിയ ചരിത്രം കുറിച്ചത്. പുതിയ സിനിമകള്‍ ഹിറ്റടിക്കുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം നേരിടേണ്ടി വരുന്നത് മമ്മൂട്ടിക്കാണ്. മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാറായിട്ടും നൂറുകോടിക്കിലുക്കം നേടാനാകാത്തതാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോഴിതാ മലയാള സിനിമയിലെ ഹിറ്റുകള്‍ നിര്‍വചിക്കുന്നത് താരങ്ങളല്ല എന്ന മമ്മൂട്ടിയുടെ അഭിമുഖത്തിലെ പഴയ ഡയലോഗാണ് ശ്രദ്ധ നേടുന്നത്. 1995ൽ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയുടെ കഥകളെ സംബന്ധിച്ചിടത്തോളം താരങ്ങളെ ആവശ്യമില്ലെന്നും താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം സിനിമ ഓടില്ലെന്നുമാണ് താരം അന്ന് പറഞ്ഞത്.
'മലയാള സിനിമയെ സംബന്ധിച്ചിടത്തോളം താരങ്ങളെ ആവശ്യമില്ല, കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവും കരുത്തുമുള്ള നടന്മാരെയാണ് ആവശ്യം. മലയാളത്തെ സംബന്ധിച്ചിടത്തോളം ഒരു സിനിമയും താരത്തിന്റെ സാന്നിധ്യം കൊണ്ട് മാത്രം ഓടുകയില്ല. താരം എന്ന് പറയുന്നയാള്‍ അയാളുടെ ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങൾ ഉള്ള നല്ല കഥാപാത്രത്തെ മാത്രമേ ജനങ്ങൾ കാണാൻ താത്പര്യപ്പെടൂ.വെറുതെ ഒരു താരത്തെ എക്സ്പോസ് ചെയ്താൽ കാണാൻ ആളുണ്ടാകില്ല. അയാള്‍ നല്ല കഥാപാത്രത്തെ നല്ല കഥയിലൂടെ നന്നായി അവതരിപ്പിച്ചാല്‍ മാത്രമേ ഒരു നല്ല സിനിമ ഓടൂ. ഒരു മോശം സിനിമയെ ആരെകൊണ്ടും നന്നാക്കാൻ ഒക്കില്ല. മോശം സിനിമ എന്നും മോശം തന്നെയായിരിക്കും. ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലാത്ത സ്ഥിതിക്ക് അതിനെക്കുറിച്ച് ഓര്‍ത്ത് എനിക്ക് വേവലാതിയില്ല. ഒരു സൂപ്പർസ്റ്റാർ എന്ന് വിളിച്ച് ആക്ഷേപിക്കുന്നതിനേക്കാൾ ഒരു നല്ല നടൻ എന്ന് വിളിക്കുന്നതാണ് എനിക്ക് സന്തോഷം. അതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഞാന്‍ സാധാരണ സിനിമയില്‍ അഭിനയിക്കുന്ന മനുഷ്യന്‍ എന്ന് കൂട്ടിയാല്‍ മതി'. എന്നാണ് മമ്മൂട്ടി പറയുന്നത്.