Pinarayi vijayan Family (File photo:2016, Manorama)

തന്‍റെ മക്കളാണ് തന്‍റെ ദൗര്‍ബല്യം എന്ന് കരുതുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അങ്ങനെ കരുതിയവര്‍ മക്കള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടെന്ന വിവരം താന്‍ അറിഞ്ഞതും അദ്ദേഹം മോഹന്‍ലാലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അക്കഥ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ: 'മക്കളാണ് എന്റെ ദൗര്‍ബല്യമെന്ന് കരുതുന്നവരുണ്ട്. അങ്ങനെയൊരു ദിവസം രാവിലെ അങ്ങനെ ഒരു ദിവസം രാവിലെ കോളജ് കാലത്തുള്ള, രാഷ്ട്രീയമായി വിരുദ്ധ ചേരിയിലുള്ള ഒരാള്‍ എന്‍റെ വീട്ടില്‍ വന്നു. പേര് ഞാന്‍ പറയുന്നില്ല. ഇരിക്കൂവെന്ന് ഞാന്‍ പറഞ്ഞു. ഒരു കാര്യം പറയാന്‍ വന്നതാണ് എന്ന് പറഞ്ഞു. മക്കളുടെ കാര്യമൊരു നോട്ടമിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയെന്ന് പറഞ്ഞു. 

വീട്ടില്‍ വന്ന് വിവരം പറഞ്ഞയാളുടെ പ്രധാന സുഹൃത്താണ് ഈ പ്ലാന്‍ ഇട്ടത്. ഇദ്ദേഹം അയാളോട്... അങ്ങനെ ചെയ്യാന്‍ പാടില്ല നാടുകത്തുമെന്നെല്ലാം താന്‍ നിരുല്‍സാഹപ്പെടുത്തി. പക്ഷേ അവനായത് കൊണ്ട് എനിക്കുറപ്പില്ല, അത് നടന്നേക്കാം എന്ന് വിവരം കൈമാറാനെത്തിയ ആള്‍ പറഞ്ഞു. അപ്പോ ഞാന്‍ ചിരിച്ചു. അപ്പോ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ചിരിക്കുമെന്നറിയാം,  പക്ഷേ ശ്രദ്ധിക്കേണ്ട ഒന്നാണ് എന്ന്. ഞാനെന്ത് ചെയ്യാനാണ്? ഭാര്യയോട് പറയാന്‍ പറ്റുമോ? പിന്നെ അവസ്ഥ എന്താണ്? ഈ കുട്ടികളോട് പറയാന്‍ പറ്റുമോ? അത് വരുന്നിടത്ത് വച്ച് കാണാമെന്ന് മാത്രമേ പറ്റൂ. ദൗര്‍ബല്യം എന്നുള്ളത് മറ്റുള്ളവരാണല്ലോ വിലയിരുത്തുന്നത്.

കുടുംബവുമൊന്നിച്ച് നടത്തിയ സിംഗപ്പുര്‍ യാത്ര വിവാദമായതും മുഖ്യമന്ത്രി ഓര്‍ത്തെടുത്തു. 'സിംഗപ്പുര്‍ യാത്ര മറക്കാനാവില്ല. ഞാനും വൈഫും മകളുമെല്ലാം കൂടി ഒരു യാത്ര പോയി. വൈദ്യുതി മന്ത്രി സ്ഥാനം പോയതിന് പിന്നാലെയായിരുന്നു അത്. ഞാന്‍ യാത്ര പോകേണ്ട താമസം, അതേപ്പറ്റി ഭയങ്കര കഥ. ആരും ഇതേവരെ യാത്ര ചെയ്യാത്തത് പോലെ. ഭയങ്കരമായ വാര്‍ത്തകള്‍ വന്നു.പക്ഷേ അത് നന്നായി ആസ്വദിച്ച യാത്രയായിരുന്നു. വാര്‍ത്ത വന്നത് കൊണ്ട് വല്ലാതെ വിഷമം അന്നുമില്ല ഇന്നുമില്ല'- മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറയുന്നു.

വീട്ടിലെത്തിയാല്‍ താന്‍ പൂര്‍ണമായും കുടുംബത്തിന്‍റെ ആള്‍ മാത്രമാണെന്നും മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമെല്ലാം അങ്ങനെ തന്നെയാണെന്നും പിണറായി വെളിപ്പെടുത്തി. വീട്ടില്‍ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് തനിക്ക് പ്രധാനപ്പെട്ട കാര്യമാണെന്നും ഉള്ളവരെല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് ഏറ്റവും ഇഷ്ടമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി തനിക്ക് ഒരു ഭക്ഷണത്തോടും അപ്രീതിയില്ലെന്നും പറഞ്ഞു. പാചകം ചെയ്യുമോ എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തിന് 'പാചകം ഒരു കലയാണ്. ആ കലയില്‍ ഞാന്‍ അത്ര വിദഗ്ധനല്ല. ഇടക്കാലത്ത് ഞാന്‍ ചായയുണ്ടാക്കുമായിരുന്നു. വേറെ ഒന്നിലേക്കും കടക്കാന്‍ എനിക്ക് ധൈര്യം വന്നില്ല. സാധാരണ ഏത് ഭക്ഷണവും കഴിക്കും. ഇപ്പോ അടുത്ത കാലത്തായിട്ട് ചില നിയന്ത്രണങ്ങള്‍ ഞാന്‍ തന്നെ വയ്ക്കാറുണ്ട്. ഒരു ഭക്ഷണത്തോടും പ്രിയമില്ല. വീട്ടിലെ ഭക്ഷണമാണ് എനിക്കേറ്റവം താല്‍പര്യം. വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിക്കുമ്പോള്‍ വീട്ടിലെ ഭക്ഷണവുമായി താരതമ്യം ചെയ്തുപോകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ തുറന്ന് പറച്ചില്‍.

ENGLISH SUMMARY:

In a candid interview with actor Mohanlal, Kerala CM Pinarayi Vijayan shared a chilling story about a past plot to kidnap his children, intended to exploit his perceived emotional weakness. He recalled how a political rival warned him about the plan, which he had to face calmly without even alerting his family to avoid panic. The Chief Minister also reflected on his controversial Singapore trip with family, stating that he thoroughly enjoyed the vacation despite the media storm surrounding it. He emphasized his deep bond with his grandchildren and the importance of having meals together with his family at Cliff House. On a lighter note, he admitted that while he enjoys home-cooked food, his culinary skills are limited to making tea. Pinarayi Vijayan maintained that his conscience remains clear regarding his personal and public life