300 കോടിയും കടന്ന് തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ് ലോക; ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കേരളത്തിന് പുറത്തേക്കും വലിയ ജനപ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. ഡൊമിനിക് അരുണിന്‍റെ സംവിധാനത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മിച്ചത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. 

ഒക്ടോബര്‍ 31 മുതല്‍ ജിയോ ഹോട്​സ്റ്റാര്‍ വഴി ലോക ഒടിടി റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചത്. ഓഗസ്റ്റ് 28നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിലെ സകല റെക്കോർഡുകളും ലോക ഇതിനോ ടകം തന്നെ തകര്‍ത്തിട്ടുണ്ട്. എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്​സ്, തുടരും തുടങ്ങിയ ചിത്രങ്ങളെയാണ് കളക്ഷനില്‍ ലോക പിന്നിലാക്കിയത്.

നസ്​ലന്‍, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ലോക ചാപ്റ്റർ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടോവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ദുൽഖർ സൽമാനും നിർണായക വേഷത്തിൽ ഒപ്പമുണ്ടാകും. തുടര്‍ ചിത്രങ്ങളില്‍ മമ്മൂട്ടിയും ഉണ്ടാകും എന്നും പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:

Lokah is breaking records in the Malayalam film industry. The movie, directed by Dominic Arun and starring Kalyani Priyadarshan, is set for its OTT release on Jio Hotstar from October 31st.