'സീതാ രാമം' എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയാകെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച ജോഡിയാണ് ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും. സീതാ രാമത്തിലെ ഇരുവരുടേയും ക്യൂട്ട് കെമിസ്ട്രി ചിത്രത്തിന്‍റെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചിരുന്നു. ഇതിനു ശേഷം ഇവര്‍ ഒരുമിച്ച് സിനിമകളൊന്നും ചെയ്തില്ലെങ്കിലും ദുല്‍ഖറിന്‍റേയും മൃണാളിന്‍റേയും റീയുണിയനായി ആരാധകര്‍ മുറവിളി കൂട്ടിയിരുന്നു.
ദീര്‍ഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്, ഈ പ്രിയജോഡി വീണ്ടും ഒന്നിച്ചിരിക്കുന്നു. ‘ബീഗി ബീഗി’ എന്ന മ്യൂസിക് ആൽബത്തിലാണ് ഇവർ പുതിയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എ.ആർ. റഹ്മാൻ സംഗീതം നൽകിയ ഈ ഗാനത്തിന് ശബ്ദം പകർന്നിരിക്കുന്നത് എ.ആർ. അമീനും ജസ്‌ലിൻ റോയലുമാണ്. വരികൾ എഴുതിയത് ഇർഷാദ് കമിൽ.
മേഘങ്ങളുടെ നടുവിലൂടെ സഞ്ചരിക്കുന്ന ഒരു ട്രെയിൻ ദൃശ്യവുമായി ഗാനം ആരംഭിക്കുന്നു. തുടർന്ന് പല ജന്മങ്ങളിലും ഒന്നിച്ചിരിക്കണമെന്ന ആഗ്രഹമുള്ള പ്രണയിതാക്കളായി ദുല്‍ഖറും മൃണാളും പ്രത്യക്ഷപ്പെടുന്നു. കൂടാതെ ദുല്‍ഖർ ഒരു ഏലിയനാണെന്ന സൂചനയും വിസ്മയകരമായി അവതരിപ്പിച്ചിരിക്കുന്നു.
ദുല്‍ഖറും മൃണാളും വീണ്ടും ഒരുമിച്ചെത്തിയ ‘ബീഗി ബീഗി’ ഗാനം വീണ്ടും ആ ഓൺ-സ്ക്രീൻ മാജിക് മങ്ങിയിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ കൂട്ടുകെട്ട്, ഇനി സിനിമയിലോ മ്യൂസിക്കിലോ കൂടുതൽ പ്രോജക്ടുകളിൽ ഒന്നിച്ചെത്തുമോ എന്ന പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്.