TAGS

ബോക്സ് ഓഫീസിൽ മുന്നേറി നയൻതാര നായികയായ 'മൂക്കുത്തി അമ്മൻ 2'. റിലീസ് ചെയ്ത് മൂന്നാം ദിവസം ആകുമ്പോള്‍ ഇന്ത്യയിൽ നിന്നും 12.45 കോടിയാണ് ചിത്രത്തിന്‍റെ ആകെ ഗ്രോസ് കളക്ഷന്‍. ബോക്സ് ഓഫീസ് ട്രാക്കറായ സാക്നില്‍ക്കിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച മാത്രം ചിത്രം 5.35 കോടി രൂപ സ്വന്തമാക്കി. 

റിലീസ് ചെയ്ത നവംബര്‍ ആറിന് 2.15 കോടിയായിരുന്നു കളക്ഷന്‍. രണ്ടാം ദിനം 2.85 കോടിയായി കളക്ഷന്‍ വര്‍ധിച്ചു. മൂന്നാം ദിനം 5.35 കോടിയായിരുന്നു കളക്ഷന്‍. റിലീസ് ദിനമായ വെള്ളിയാഴ്ച സൂര്യയുടെ 'സീനി'ന്‍റെ മുന്നേറ്റം കളക്ഷനെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും തമിഴകത്ത് 'മൂക്കുത്തി അമ്മന്‍ 2' കാണാനും തിയേറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുന്നുണ്ട്. 

'സീന്‍', 'രാമായണ പാര്‍ട്ട് വണ്‍' എന്നീ വലിയ ചിത്രങ്ങള്‍ക്കൊപ്പം റിലീസ് ചെയ്യുമ്പോള്‍ 'മൂക്കുത്തി അമ്മന്‍' കാര്യമായ വിജയം നേടില്ലെന്നായിരുന്നു വിലയിരുത്തലുകള്‍. ആദ്യദിനം വന്നതും നെഗറ്റീവ് റിവ്യൂകളായിരുന്നു. ഇതെല്ലാം മറികടന്നാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ മുന്നേറ്റം. 

അതേസമയം തെലുങ്കിൽ ചിത്രത്തിന് ശരാശരി സ്വീകരണം മാത്രമാണ് ലഭിക്കുന്നത്. കേരളത്തിൽ ചിത്രത്തിന് വളരെ തണുപ്പൻ പ്രതികരണമാണ്. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ വളരെ കുറഞ്ഞ ഒക്യുപൻസി മാത്രമാണ് ചിത്രത്തിനുണ്ടായിരുന്നത്. മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ പരിമിതമായ തിയേറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ കുടുംബ പ്രേക്ഷകരുടെ പിന്തുണയിലാണ് ചിത്രം ബോക്സ് ഓഫീസിൽ മുന്നോട്ട് പോകുന്നത്. 

സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തില്‍ നയൻതാരക്ക് പുറമേ ഊർവശി, ഖുശ്ബു, റെജീന കസാന്‍ഡ്ര, യോഗി ബാബു, വിവേക് പ്രസന്ന, വിടിവി ഗണേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ENGLISH SUMMARY:

'Mookuthi Amman 2', starring Nayanthara, is performing well at the box office. By its third day of release, the film has reached a total gross collection of ₹12.45 crore in India. According to a report by the box office tracker Sacnilk, the film earned ₹5.35 crore on Sunday alone.