ആരുടെയും ശ്രദ്ധയിൽപ്പെടാത്ത ഒരു സാധാരണ പയ്യൻ... പ്രത്യേകിച്ച് യാതൊരു കഴിവുമില്ല, പഠനവും കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും കൊണ്ട് ജീവിതത്തോട് പൊരുതുന്ന ടീനേജർ. അയാളെ ലോകത്തിലെ ഏറ്റവും വലിയ സൂപ്പർഹീറോകളിൽ ഒരാളാക്കി മാറ്റിയ കഥാപാത്രമാണ് സ്പൈഡർമാൻ. ഇന്ന് കോടിക്കണക്കിന് ആരാധകരുള്ള, തലമുറകളെ ആവേശത്തിലാഴ്ത്തുന്ന ആ ചിലന്തിമനുഷ്യൻ ഒരുകാലത്ത് ജനിക്കാനേ പാടില്ലാത്ത ഒരു ആശയമാണെന്ന് വിധിയെഴുതപ്പെട്ടിരുന്നു എന്നതാണ് അതിലും വലിയ അത്ഭുതം.
ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കറായി ജൂലൈ 30-ന് തിയേറ്ററുകളിലെത്തിയ SpiderMan Brand New Day ലോകമെമ്പാടും ബോക്സ് ഓഫീസ് കീഴടക്കി മുന്നേറുകയാണ്. എന്നാൽ, ഈ വിജയത്തിന് പിന്നിൽ അധികമാരും അറിയാത്ത ഒരു റിജക്ഷന്‍റെ കഥയുണ്ട്.
1962-ലാണ് സ്റ്റാൻ ലീ ഒരു സാധാരണ കൗമാരക്കാരനെ സൂപ്പർ ഹീറോയാക്കി അവതരിപ്പിക്കുന്ന ഒരു കഥയുടെ ആശയവുമായി മാർവലിന്‍റെ പ്രസാധകനായ മാർട്ടിൻ ഗുഡ്മാനെ സമീപിച്ചത്. പക്ഷേ, ആ ആശയം കേട്ട ഉടൻ അദ്ദേഹം അത് തള്ളിക്കളഞ്ഞു. എട്ടുകാലിയെ ആളുകൾക്ക് ഇഷ്ടമല്ല എന്നായിരുന്നു കാരണം, അദ്ദേഹത്തിന്‍റെ ആദ്യത്തെ പ്രതികരണം. അതിന്‍റെ പേരിലുള്ള ഒരു സൂപ്പർഹീറോയെയും അവർ aacept ചെയ്യില്ല. അതിനേക്കാൾ വലിയ പ്രശ്നമായി അദ്ദേഹം കണ്ടത് പീറ്റർ പാർക്കറെയായിരുന്നു. ഒരു സാധാരണ ടീനേജ് പയ്യൻ ഒരിക്കലും കഥയുടെ പ്രധാന നായകനാകില്ല, പരമാവധി സൂപ്പർഹീറോയുടെ സഹായിയായി മാത്രമേ നിലനിൽക്കൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിലയിരുത്തൽ.
എന്നാൽ സ്റ്റാൻ ലീക്ക് അറിയാമായിരുന്നു, ആളുകൾക്ക് വേണ്ടത് എല്ലായ്പ്പോഴും പൂർണതയുള്ള നായകനെയല്ലെന്ന്. തെറ്റുകൾ ചെയ്യുന്ന, ജീവിതത്തിൽ വീഴുന്ന, വീണ്ടും എഴുന്നേൽക്കുന്ന ഒരാളെ അവർ കൂടുതൽ സ്നേഹിക്കുമെന്ന്. അങ്ങനെയാണ് പീറ്റർ പാർക്കർ കോമിക്‌സിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയത്.
ആ വിജയം പിന്നീട് സിനിമയിലേക്കെത്തി... സാം റെയ്മിയുടെ സംവിധാനത്തിൽ ടോബി മക്വയർ, തുടർന്ന് ആൻഡ്രൂ ഗാർഫീൽഡ്, പിന്നെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ ടോം ഹോളണ്ട്... ഓരോ തലമുറയും സ്വന്തമായി ഒരു സ്പൈഡർമാനെ കണ്ടെത്തി. ഇന്ന് 'Spider-Man Brand New Day' വരെ എത്തിനിൽക്കുന്ന ഈ യാത്ര, ഒരു സിനിമാ ഫ്രാഞ്ചൈസിന്‍റെ മാത്രം കഥയല്ല, വിശ്വാസത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ കൂടിയാണ്.
ഒരിക്കൽ ഇത് ഒരിക്കലും വിജയിക്കില്ല എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ആ കഥാപാത്രം ഇന്ന് ലോക സിനിമയിലെ ഏറ്റവും ശക്തമായ ബോക്സ് ഓഫീസ് ബ്രാൻഡുകളിൽ ഒന്നാണ്. ഒരു പ്രസാധകന്‍റെ മേശപ്പുറത്ത് നിരസിക്കപ്പെട്ട ആശയം, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട സൂപ്പർഹീറോ ആയി. അതാണ് സ്പൈഡർമാന്‍റെ കഥ. ചിലപ്പോൾ ചരിത്രം എഴുതപ്പെടുക, എല്ലാവരും അസാധ്യമെന്ന് പറയുന്ന ആശയങ്ങളിലാകും.