ഇന്ത്യയിലും ലോകമെമ്പാടും ബോക്സ് ഓഫീസില്‍ ആധിപത്യം തുടര്‍ന്ന് ടോം ഹോളണ്ടിന്‍റെ ‘സ്പൈഡര്‍മാന്‍ ബ്രാൻഡ് ന്യൂ ഡേ’. റിലീസ് ചെയ്ത് ആദ്യ വാരം ചിത്രം ഇന്ത്യയിൽ നിന്നു വാരിക്കൂട്ടിയത് 300 കോടിക്കു മുകളിൽ ഗ്രോസ്. നിര്‍മാതാക്കളായ സോണി പിക്ചേഴ്സ് തന്നെയാണ് ഔദ്യോഗികമായി കണക്ക് പുറത്തുവിട്ടത്. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ് ‘സ്പൈഡർമാൻ’.
ട്രേഡ് ട്രാക്കറായ സാക്‌നിൽക് പറയുന്നതനുസരിച്ച് ഞായറാഴ്ച മാത്രം 18,051 ഷോകളിലായി ഇന്ത്യയിൽ 76 കോടി രൂപ നെറ്റ് കലക്ഷനാണ് ‘സ്പൈഡര്‍മാന്‍ ബ്രാൻഡ് ന്യൂ ഡേ’ നേടിയത്. ഞായറാഴ്ചത്തെ കലക്ഷൻ കൂടി ഉൾപ്പെടുമ്പോൾ ചിത്രത്തിന്റെ ഇന്ത്യയിലെ ആകെ നെറ്റ് കലക്ഷൻ 256.20 കോടി രൂപയായി ഉയർന്നു, അതേസമയം ഇന്ത്യയിലെ ഗ്രോസ് കലക്ഷൻ ഇതുവരെ 306.37 കോടി രൂപയിലെത്തി. ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പാണ് ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്നത്. ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പും മൾട്ടിപ്ലക്സുകളിൽ ശക്തമായ തിരക്ക് രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രം എക്കാലത്തും നേടുന്ന ഏറ്റവും വലിയ കലക്ഷനാണ് ഇതുവരെ ചിത്രം നേടിയത്.
കേരളത്തിലും ‘സ്പൈഡര്‍മാന്‍’ ചരിത്രം സൃഷ്ടിക്കുകയാണ്. ഇതുവരെ 20 കോടിയാണ് കേരള ബോക്സ് ഓഫിസിലെ സിനിമയുടെ കലക്‌ഷൻ. വെള്ളി, ശനി, ഞായർ സിനിമകളിൽ സൂപ്പർ സ്റ്റാർ സിനിമകൾക്കു കാണാവുന്ന തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെട്ടത്. ഏകദേശം 5.5 കോടിയാണ് ആദ്യദിനം വാരിക്കൂട്ടിയത്. കേരളത്തിൽ നിന്നും റെക്കോർഡ് നേട്ടം കൈവരിക്കുന്ന ആദ്യ ഹോളിവുഡ് സിനിമയായും ‘സ്പൈഡർമാൻ’ മാറിക്കഴിഞ്ഞു. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളെല്ലാം ചിത്രം ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
എക്കാലത്തെയും വലിയ ആഗോള ഓപ്പണിങ്
ഇന്ത്യയിലെ വിജയത്തിന് പുറമെ ആഗോള ബോക്‌സ് ഓഫീസിലും ‘സ്പൈഡര്‍മാന്‍ ബ്രാൻഡ് ന്യൂ ഡേ’ അസാധാരണമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബോക്‌സ് ഓഫീസ് മോജോയുടെ (B കണക്കനുസരിച്ച്, ചിത്രത്തിന്റെ ഓപ്പണിങ് വീക്കെൻഡിൽ ലോകമെമ്പാടുമുള്ള ആകെ കലക്ഷൻ 92.7 കോടി ഡോളറാണ്. വെറൈറ്റി റിപ്പോർട്ട് ചെയ്തതനുസരിച്ച് ചിത്രം വടക്കേ അമേരിക്കയിൽ നിന്ന് 355 ദശലക്ഷം ഡോളറും അന്താരാഷ്ട്ര വിപണികളിൽ നിന്ന് 572 ദശലക്ഷം ഡോളറും നേടി. 'അവെഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിന്' ശേഷം സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഓപ്പണിങ് ആയി ഇത് ചിത്രത്തെ മാറ്റി.
താരനിബിഡമായ കാഴ്ചാനുഭവം
ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ സംവിധാനം ചെയ്ത ‘സ്പൈഡര്‍മാന്‍ ബ്രാൻഡ് ന്യൂ ഡേ’യിൽ സ്പൈഡർമാനായി ടോം ഹോളണ്ട് തിരിച്ചെത്തുന്നു. സെൻഡായ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ, ജോൺ ഫാവ്‌റോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സ്പൈഡർമാൻ ഫ്രാഞ്ചൈസിയിലെ ഈ പുതിയ അധ്യായത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, കൂടാതെ നിരവധി അന്താരാഷ്ട്ര വിപണികളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നത് തുടരുകയും ചെയ്യുന്നു. ബോക്‌സ് ഓഫീസിൽ മറ്റ് വലിയ മത്സര ചിത്രങ്ങൾ ഇല്ലാത്തതും മികച്ച അഭിപ്രായവും കാരണം പ്രവൃത്തിദിനങ്ങളിലും ഈ സൂപ്പർഹീറോ ചിത്രം മികച്ച കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.