tapsee

സിനിമകളില്‍ സ്ത്രീകളെ കാഴ്ച്ചവസ്തു മാത്രമായി അവതരിപ്പിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി നടി താപ്സി പന്നു. രാം ചരണ്‍ നായകനായ പെഡ്ഢി, യാഷിന്റെ ടോക്സിക് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിലെ സ്ത്രീ പ്രാതിനിധ്യവും ചിത്രീകരണവും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. പെഡ്ഢിയില്‍ ജാൻവി കപൂറിന്റെ കഥാപാത്രത്തെ ഹൈപ്പർ സെക്ഷ്വലൈസ് ചെയ്തുവെന്ന തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രേക്ഷകര്‍ക്ക് വേണ്ടതാണ് തങ്ങള്‍ കൊടുക്കുന്നതെന്നാണ് പല സംവിധായകരും ഇത്തരം സീനുകളെ ന്യായീകരിച്ചുകൊണ്ട് പറയാറുള്ളതെന്നും എന്നാല്‍ സിനിമകളിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിന് നിർമ്മാതാക്കൾ പഴിചാരുന്നത് പ്രേക്ഷകരെയാണെന്നും താപ്സി പന്നു പറയുന്നു. 

'ജനം ആവശ്യപ്പെടുന്നു, അതുകൊണ്ട് ഞങ്ങൾ അത് നൽകണം, അല്ലെങ്കിൽ എങ്ങനെ പണം സമ്പാദിക്കും എന്നാണ് നിർമാതാക്കൾ ചിന്തിക്കുന്നത്. ഇതിന്റെ ഫലമായി കലയും സിനിമായുടെ ക്രാഫ്റ്റും പിന്നോട്ട് പോകുകയാണ്. ഇത്തരം സിനിമകളിൽ സ്ത്രീകൾ മോശമായി ചിത്രീകരിക്കപ്പെടുമ്പോൾ നിർമ്മാതാക്കൾ അതിന്റെ പഴി മുഴുവൻ പ്രേക്ഷകരുടെ തലയിൽ കെട്ടിവെക്കുകയാണ് പതിവ്..'- താപ്സി വ്യക്തമാക്കി.

പ്രേക്ഷകരുടെ പിന്തുണയില്ലാതെ നടീനടന്മാർക്ക് ഈ പോരാട്ടത്തിൽ വിജയിക്കാനാകില്ലെന്നും പ്രേക്ഷകർ തന്നെ ഇതിനെതിരെ ഒപ്പം നിന്നാൽ മാത്രമേ മാറ്റം കൊണ്ടുവരാൻ സാധിക്കൂ എന്നും താപ്സി പന്നു പറഞ്ഞു. കോവിഡിന് മുൻപ് ചലച്ചിത്രമേഖല നല്ല രീതിയിലുള്ള പുരോഗതി കൈവരിച്ചിരുന്നുവെങ്കിലും നിലവിൽ ആ രംഗത്ത് പിന്നോട്ട് പോക്കാണ് കാണാൻ കഴിയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

കനിക ധില്ലൻ നിർമ്മിച്ച്, ദേബാശിഷ് മഖിജ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ചിത്രം ഗാന്ധാരിയാണ് താപ്സിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ENGLISH SUMMARY:

Actress Taapsee Pannu criticizes filmmakers for blaming audiences when hyper-sexualizing women in movies, stating that it pulls back the craft of cinema.