Image Credit : Facebook

2026 ന്റെ ആദ്യപകുതിയില്‍ ( ജൂണ്‍ 31 വരെ ) 52 മലയാളചിത്രങ്ങളാണ് തിയറ്ററിലെത്തിയത്. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിറും സുഹൃത്തുകളും കേന്ദ്രകഥാപാത്രങ്ങളായ വാഴ 2 തിയറ്ററില്‍ തരംഗമായതോടെ ലോകയെ വെട്ടി ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും വാഴ 2വിന്റെ പേരിലായി. വാഴയ്ക്കൊപ്പം റിലീസ് പ്രഖ്യാപിച്ചെങ്കിലും, പിന്നീട് റിലീസ് മാറ്റിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3 യ്ക്കാണ് ആദ്യ പകുതിയില്‍ രണ്ടാം സ്ഥാനം. നീണ്ട ഇടവേളയ്ക്ക് ശേഷമെത്തിയ ഷാജി പാപ്പനും സംഘവും പ്രേക്ഷകരെ നിറയെ ചിരിപ്പിച്ചപ്പോള്‍ ആട് 3 കളക്ഷനില്‍ മൂന്നാം സ്ഥാനത്തെത്തി.

മോഹന്‍ലാലിന്റെ കസിന്‍ കൂടിയായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത അര്‍ജുന്‍ അശോകന്‍ നായകനായ ചത്ത പച്ചയാണ് ഈ വര്‍ഷത്തെ ആദ്യ ഹിറ്റ്. തുടര്‍ന്ന് വന്ന പ്രകമ്പനം, ആശകള്‍ ആയിരം, സംഭവം, മോഹിനിയാട്ടം, അതിരടി, ബാലന്‍ എന്നിവയും ബോക്സ് ഓഫിസില്‍ നേട്ടം കൊയ്തു. എന്നാല്‍ വമ്പന്‍താരനിരയും വന്‍ പ്രതീക്ഷയുമായെത്തിയ മഹേഷ് നാരായണന്റെ മമ്മൂട്ടി ചിത്രം പാട്രിയറ്റ് ആദ്യദിനം തന്നെ തകര്‍ന്നടിഞ്ഞു. സര്‍വം മായയുടെ വലിയ വിജയത്തിന് ശേഷമെത്തിയ രണ്ട് നിവിന്‍ പോളി ചിത്രങ്ങളും (ബേബി ഗേള്‍, പ്രതിഛായ) വലിയ നിരാശയായി. ടൊവിനോ തോമസിന്റെ പള്ളിച്ചട്ടമ്പി, പെപ്പയുടെ കാട്ടാളന്‍ , നെസ്​ലന്‍ നായകനായ അഭിനവ് സുന്ദര്‍ നായക് ചിത്രം മോളിവുഡ് ടൈംസ് എന്നിവയാണ് പരാജയം രുചിച്ച മറ്റ് ബിഗ് ബജറ്റ് സിനിമകള്‍.

തീയേറ്ററിലെത്തിയ 17 അന്യ ഭാഷ ചിത്രങ്ങളില്‍ വിയോജിപ്പുകള്‍ക്കിടയിലും ദുരന്തര്‍ 2 വമ്പന്‍ ഹിറ്റടിച്ചു. സൂര്യ ചിത്രം കറുപ്പ്, അര്‍ജുന്‍ സര്‍ജ ചിത്രം ബ്ലാസ്റ്റ്, മൈക്കിള്‍ ജാക്സന്റെ ജീവിതം ആസ്പദമാക്കി അന്റോയിന്‍ ഫുക്വ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം മൈക്കല്‍ എന്നിവയും ബോക്സ് ഓഫിസ് ഹിറ്റുകളായി. റീറിലീസ് ചിത്രങ്ങളില്‍ അല്ലു അര്‍ജു ചിത്രം ഹാപ്പി പ്രതീക്ഷിച്ചതിലും നേട്ടമുണ്ടാക്കിയപ്പോള്‍ വിജയ് ചിത്രം തെരിക്ക് ഭേദപ്പെട്ട കളക്ഷന്‍ ലഭിച്ചു.

കോവിഡിന് ശേഷം പ്രതിസന്ധിയിലായ തീയേറ്ററുകള്‍ക്ക് ഒരുപരിധിവരെ ആശ്വാസം നല്‍കുന്നതാണ് ഈ വര്‍ഷത്തെ വിജയകണക്കുകളെങ്കിലും കേരളത്തിലെ 90 ശതമാനത്തിലധികം തീയേറ്റുകള്‍ ഇപ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തീയേറ്റര്‍ അസോസിയേഷന്‍ പ്രതിനിധി ലിന്റോ ഡേവിസ് (എറണാകുളം വനിതാ തീയേറ്റര്‍ ഉടമ) പറയുന്നു. കോണ്‍ടന്റ് മാത്രമല്ല മേയ്ക്കിങ്ങും സിനിമയുടെ ദൈര്‍ഘ്യവും വിജയ പരാജയങ്ങളെ നിര്‍ണയിക്കുന്നതില്‍ പ്രധാനഘടകമാകുന്നുണ്ടെന്ന് ഫിയോക്ക് പ്രതിനിധി സുരേഷ് ഷേണായിയും പറയുന്നു.

  ആദ്യ പകുതിയില്‍ അഞ്ചിലൊന്ന് ചിത്രങ്ങള്‍ മാത്രമേ വിജയിച്ചുള്ളൂവെങ്കിലും രണ്ടാം പകുതിയില്‍ വലിയ പ്രതീക്ഷയിലാണ് തീയേറ്റര്‍ ഉടമകളും ആരാധകരും. ഓണം റിലീസായെത്തുന്ന ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിം, നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബയൂണിറ്റ്, പൃഥ്വിരാജ് ചിത്രം ഖലീഫ,  ക്രിസ്മസ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരം എന്നിവയ്ക്ക് പുറമെ സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്‍, ടിക്കി ടാക്ക, ബാച്ച്ലര്‍ പാര്‍ട്ടി 3 എന്നിവയാണ് ഈ വര്‍ഷം എന്നിവയാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

 

 

ENGLISH SUMMARY:

Malayalam movie releases in the first half of 2026 have seen a mixed bag of successes and failures. While some films like 'Vaazha 2' have achieved industry hit status, others with big stars have underperformed.