ബോളിവുഡിന് ആശ്വാസവും ആവേശവുമായി സണ്ണി ഡിയോളിന്‍റെ ബോര്‍ഡര്‍–2. റിലീസ് ചെയ്ത് പന്ത്രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ 300 കോടി ക്ലബില്‍ കടന്നു. ഇന്ത്യന്‍ തിയറ്ററുകളില്‍ നിന്നുള്ള കലക്ഷന്‍ മാത്രം 316 കോടി രൂപയാണ്. 1997ല്‍ പുറത്തിറങ്ങിയ ‘ബോര്‍ഡര്‍’ സിനിമയുടെ രണ്ടാംഭാഗമായാണ് ബോര്‍ഡര്‍–2 തിയറ്ററുകളില്‍ എത്തിയത്. അനുരാഗ് സിങ് സംവിധാനം ചെയ്ത സിനിമയില്‍ സണ്ണി ഡിയോളിന് പുറമേ വരുണ്‍ ധവാന്‍, ദില്‍ജിത് ദോസന്‍ജിത്, അഹാന്‍ ഷെട്ടി, മോണ സിങ്, സോനം ബാജ്‍വ, അന്യ സിങ്, മേധ റാണ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.

12 ദിവസത്തെ കലക്ഷന്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ബോര്‍ഡര്‍–2ന്‍റ ആഗോള കലക്ഷന്‍ 400 കോടിയോടടുത്തു. 392.5 കോടിയാണ് ഇന്നലെ വരെ ചിത്രം ഇന്ത്യയിലും വിദേശത്തുമായി കലക്ട് ചെയ്തത്. ജനുവരി 23ന് റിലീസ് ചെയ്ത ബോര്‍ഡര്‍–2 ആദ്യദിനം ഇന്ത്യയില്‍ 32.10 കോടി രൂപ നേടി. ഒരാഴ്ച പൂര്‍ത്തിയായപ്പോള്‍ 129.89 കോടിയായിരുന്നു ഇന്ത്യയിലെ കലക്ഷന്‍. ആഗോള കലക്ഷന്‍ 245 കോടിയും. 

275 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ബോര്‍ഡര്‍–2 ആണ് 2026ല്‍ ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റ്. തെലുങ്ക് ചിത്രമായ ‘മന ശങ്കരവരപ്രസാദ് ഗാരു’ 291 കോടിയുടെ ആഗോളകലക്ഷനുമായി രണ്ടാംസ്ഥാനത്തുണ്ട്. 180 കോടിയായിരുന്നു ഇതിന്‍റെ നിര്‍മാണച്ചെലവ്. പ്രഭാസും സഞ്ജയ് ദത്തും അഭിനയിച്ച തെലുങ്ക് ചിത്രം രാജാസാബ് ഇനിയും ചെലവിട്ട പണം പോലും തിരിച്ചുപിടിച്ചിട്ടില്ല. 350 കോടി ഇറക്കി നിര്‍മിച്ച ചിത്രം 25 ദിവസം പിന്നിട്ടപ്പോഴും 210 കോടി മാത്രമേ കലക്ട് ചെയ്തുള്ളു. 

1971ലെ ഇന്ത്യ പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ചിത്രമാണ് ബോര്‍ഡര്‍–2. ഇന്ത്യന്‍ സൈനികരുടെ ധീരതയും അവരുടെ മനോനിലയും വെല്ലുവിളികളുമെല്ലാം പകര്‍ത്തുന്ന ചിത്രം അനുരാഗ് സിങ് സംവിധാനം ചെയ്ത ഒന്‍പതാമത്തെ സിനിമയാണ്. ജെ.പി.ദത്തയായിരുന്നു 1997ല്‍ പുറത്തുവന്ന ‘ബോര്‍ഡറി’ന്‍റെ സ്രഷ്ടാവ്. അന്ന് 12 കോടി ചെലവിട്ട് നിര്‍മിച്ച ചിത്രം 67 കോടി രൂപ കലക്ട് ചെയ്ത് വമ്പന്‍ ഹിറ്റായി മാറി.

ENGLISH SUMMARY:

Border 2, starring Sunny Deol, has achieved significant box office success, surpassing 300 crore in India within twelve days of its release. This sequel to the 1997 film 'Border' has garnered immense attention and acclaim, contributing to a strong performance in the Indian film industry.