'രാഞ്ജന' എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ആനന്ദ് എൽ. റായിയും നടന്‍ ധനുഷും ഒന്നിച്ച ബോളിവുഡ് ചിത്രമാണ് ‘തേരെ ഇഷ്ക് മേം’. കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമയിലെ ഗാനങ്ങളെല്ലാം ഹിറ്റായിരുന്നുവെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു രംഗത്തെ വിമര്‍ശിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ നീരജ് ഗയ്‌വാൻ.
ചിത്രത്തിന്റെ ട്രെയിലറിലെ ഒരു രംഗം തന്നെ അസ്വസ്ഥനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരുപരിധിയില്‍ കൂടുതലുള്ള വയലന്‍സും ഗ്രാഫിക് ചിത്രീകരണങ്ങളും കാഴ്ചക്കാരെ ആഴത്തില്‍ സ്വാധീനിക്കുമെന്ന് നീരജ് ഗയ്‌വാൻ പറയുന്നു. സിനിമയില്‍ പലപ്പോഴും വൈകാരിക രംഗങ്ങളോ സാഹചര്യമോ കാണിക്കാന്‍ അക്രമം ആവശ്യമായി വന്നേക്കാം. എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് വളരെ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയാണ് താന്‍ ‘തേരെ ഇഷ്ക് മേം’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടത്, ഈ രംഗങ്ങളില്‍ നായകനായ ധനുഷ് നായിക കൃതി സനോണിന്‍റെ വിവാഹത്തിന് ഒരു ആസിഡ് കുപ്പിയുമായി പോകുന്നുണ്ടെന്നും അയാൾ അത് നായികയുടെ മുഖത്തൊഴിക്കാന്‍ പോകുന്നതുപോലെ കാണിക്കുന്നുണ്ടന്നും നീരജ് പറയുന്നു. ആ ഭാഗം കണ്ടപ്പോള്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടായിട്ടുണ്ടാകാമെന്നും തന്നെയും ഏറെ ബുദ്ധിമുട്ടിച്ച രംഗമാണതെന്നും നീരജ്. ആ രംഗം തീര്‍ത്തും അനാവശ്യമാണ്. ടോക്സിക്കായിട്ടുള്ള ഒരു കാര്യത്തെ ഇന്നത്തെ കാലത്ത് കൂളാക്കി കാണിക്കുന്നത് വൃത്തികെട്ട രീതിയാണ്. വയലന്‍സ് സീനുകളുടെ ആഘാതം പരിഗണിച്ച് അവ ചിത്രീകരിക്കാന്‍ മെച്ചപ്പെട്ട വഴികള്‍ കണ്ടെത്തണമെന്നും നീരജ് പറയുന്നു.
‘തേരെ ഇഷ്ക് മേമി’ന്‍റെ ട്രെയിലര്‍ പുറത്ത് വന്നതുമുതല്‍ ചിത്രം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ടോക്സിക് പ്രണയത്തെ മഹത്വവല്‍ക്കരിക്കുന്നതാണ് സിനിമയെന്നും അക്രമത്തെയും പ്രണയപ്പകയെയും ന്യായീകരിക്കുന്നതാണെന്നും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകളുയര്‍ന്നിരുന്നു. എന്നിരുന്നാലും ബോക്സ്ഓഫീസില്‍ നിന്ന് മോശമല്ലാത്ത കളക്ഷന്‍ നേടാന്‍ ഈ ചിത്രത്തിനു സാധിച്ചു.