കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി' 50 കോടി ക്ലബ്ബിൽ. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്‍റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡയറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. ‘ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്.
‘പ്രണയവിലാസ’ത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്‌ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് നിർമാണം നിർവഹിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായെത്തിയ അഞ്ചാം പാതിര, ന്നാ താൻ കേസ് കൊട് എന്നീ സിനിമകൾ ഇതിനു മുമ്പ് 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.
ഗ്രീൻ റൂം പ്രൊഡക്‌ഷൻസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.