ഓണം റിലീസായി തിയറ്ററിൽ എത്തിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂർവ്വം 50 കോടി ക്ലബ്ബില്‍. ആഗോളതലത്തിലാണ് ചിത്രം ഇത്രയും കളക്ഷൻ നേടിയിരിക്കുന്നത്. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂർവത്തിന് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
2025 റിലീസുകളായ മോഹന്‍ലാലിന്റെ 'എമ്പുരാന്‍', 'തുടരും' എന്നീ ചിത്രങ്ങള്‍ ആകെ കളക്ഷനില്‍ 200 കോടിയിലധികം നേടിയിരുന്നു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആഗോള കളക്ഷന്‍ റെക്കോര്‍ഡ് 'എമ്പുരാന്‍' ചിത്രത്തിന്റെ പേരിലാണ്. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രവും മോഹന്‍ലാലിന്റേതാണ്. 2013-ല്‍ പുറത്തിറങ്ങിയ 'ദൃശ്യ'മാണ് മലയാളത്തിലെ ആദ്യ 50 കോടി ചിത്രം.