സുരേശന്‍റെയും സുമതലയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍റേതായി വന്ന പല സീനുകളും ചെയ്തത് താനാണെന്ന് ചാക്കോച്ചന്‍റെ ഡ്യൂപ്പായ സുനില്‍ രാജ് എടപ്പാള്‍. കുഞ്ചാക്കോ ബോബന് തിരക്കായതിനാലാണ് താന്‍ അഭിനയിച്ചതെന്നും സുനില്‍ രാജ് കുറിച്ചു. കുറിപ്പിനൊപ്പം കഥാപാത്രങ്ങളുമായുള്ള ചില ചിത്രങ്ങളും സുനില്‍ രാജ് പങ്കുവച്ചു.
നീ അയാളെ അവതരിപ്പിച്ച് എന്തുനേടി എന്ന ചോദ്യത്തില്‍ നിന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായതെന്ന് സുനില്‍ പറയുന്നു. പുറത്തുവിടാന്‍ പാടില്ലായിരുന്നു, പക്ഷേ വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും സുനില്‍ എഴുതി. ''പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്, ‘നീ അയാളെ അവതരിപ്പിച്ച് എന്ത് നേടി?’ എന്ന്. ഒരു സിനിമയിൽ അദ്ദേഹത്തിന്റെ തിരക്കുമൂലം കുറച്ചു ഭാഗങ്ങൾ ചെയ്യാൻ സാധിച്ചു. അതും അദ്ദേഹം തന്നെയാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്" സുനിൽ രാജ് കുറിച്ചു.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ചിത്രമായിരുന്നു ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലെ രാജേഷ് മാധവൻ അവതരിപ്പിച്ച സുരേശൻ കാവുംതഴെ എന്ന കഥാപാത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമയിലെ നായകൻ. ചിത്രത്തിൽ അതിഥി താരമായി നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നുണ്ട്.
കുഞ്ചാക്കോ ബോബനെ അനുകരിക്കാൻ തുടങ്ങിയതോടെ ‘ജൂനിയർ കുഞ്ചാക്കോ ബോബൻ’ എന്ന പേരിലാണ് സുനില്‍ രാജ് അറിയപ്പെടുന്നത്.