reshmika-vijay-complaint

തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ക്കെതിരെ ഹൈദരാബാദ് സൈബര്‍ ക്രൈം അധികൃതര്‍ക്ക് പരാതി നല്‍കി താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. 'കോഫി വിത്ത് കരൺ' പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്നാണ് താരങ്ങളുടെ നടപടി. ഇരുവരുടെയും പ്രതിനിധി നേരിട്ടെത്തിയാണ് ഓൺലൈനിൽ പ്രചരിക്കുന്ന ഉള്ളടക്കങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പരാതി സമർപ്പിച്ചത്.

തെറ്റായ പ്രചാരണങ്ങൾ, കെട്ടിച്ചമച്ച ഉള്ളടക്കങ്ങൾ, മാറ്റിമറിച്ച സ്ക്രീൻഷോട്ടുകൾ, ആൾമാറാട്ടം, ലക്ഷ്യം വച്ചുള്ള ഓൺലൈൻ അധിക്ഷേപങ്ങൾ എന്നിവ അടങ്ങിയ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളും ഡിജിറ്റൽ പ്രസിദ്ധീകരണങ്ങളും പരാതിയിൽ എടുത്തുകാണിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി ഇതുമായി ബന്ധപ്പെട്ട ലിങ്കുകളും തെളിവുകളും അധികൃതർക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തെയും വ്യക്തിഗത അഭിപ്രായങ്ങളെയും വിമർശനങ്ങളെയും തങ്ങൾ മാനിക്കുന്നുണ്ടെങ്കിലും ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നതും കെട്ടിച്ചമച്ചതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ കാര്യങ്ങൾ വസ്തുതകളെന്ന പേരിൽ അവതരിപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് വിശ്വസിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിയമാനുസൃതമായി ഈ വിഷയത്തിൽ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരുവരും പറഞ്ഞു. നിയമവിരുദ്ധമാകാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയോ ചെയ്തതായി കണ്ടെത്തിയ ഓരോന്നും വെവ്വേറെ പരിശോധിക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. 

ഈ പരാതി യഥാർത്ഥ അഭിപ്രായങ്ങളെയോ വിമർശനങ്ങളെയോ തടയാനുള്ള ശ്രമമല്ലെന്നും മറിച്ച് തെറ്റാണെന്ന് തെളിയിക്കപ്പെട്ട വിവരങ്ങൾ നൽകുന്നതിലും നിയമവിരുദ്ധമായ പെരുമാറ്റങ്ങളിലും ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള അഭ്യർത്ഥനയാണെന്നും താരദമ്പതികള്‍ വ്യക്തമാക്കി.  സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഊഹാപോഹങ്ങൾ വസ്തുതകളെന്ന രീതിയിൽ അവതരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും ഇരുവരും അഭ്യര്‍ത്ഥിച്ചു. 

'കോഫി വിത്ത് കരൺ സീസൺ 9'ല്‍ പറഞ്ഞ അഭിപ്രായങ്ങളുടെ പേരില്‍ തങ്ങളുടെ ബന്ധത്തെ പോലും വിമര്‍ശിച്ചവര്‍ക്ക് വിജയ് ദേവരകൊണ്ട ഇന്‍സ്റ്റഗ്രാമിലൂടെ ശക്തമായ മറുപടി നല്‍കിയിരുന്നു.  ‘‌ ഈ ലോകം മുഴുവൻ ഞങ്ങൾക്കെതിരാണെങ്കിൽ, അങ്ങനെതന്നെയാവട്ടെ! സ്നേഹത്തെയും, സമാധാനത്തോടെയുള്ള ലളിതമായ ജീവിതത്തെയും നെഞ്ചേറ്റുന്ന എല്ലാവർക്കും എന്‍റെ ഹൃദയം നിറഞ്ഞ സ്നേഹം. ബാക്കിയുള്ളവരൊക്കെ പോയി തുലഞ്ഞോളൂ.’- എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. നേരത്തെ വിജയ്  'റെഡ് ഫ്ലാഗ്' ആണെന്ന വിമര്‍ശനത്തിന് രശ്മികയും രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു.  തന്റെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചുള്ള വിമർശനങ്ങൾ ഈ ചർച്ചകളുടെ ഭാഗമല്ലാത്ത ആളുകളിലേക്ക് നീളരുതെന്ന്  രശ്മിക സമൂഹമാധ്യമ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Vijay Deverakonda and Rashmika Mandanna File Cyber Crime Complaint:

Vijay Deverakonda and Rashmika Mandanna file cyber crime complaint against fake online content and severe social media harassment following Koffee with Karan appearance. The celebrity couple has approached Hyderabad cyber authorities seeking a thorough investigation into manipulated screenshots and defamatory posts targeting their personal lives