ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയെ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ ചെയ്യുന്നവർക്കെതിരെ ആഞ്ഞടിച്ച് നടി രശ്മിക മന്ദാന. കരണ്‍ ജോഹറിന്‍റെ 'കോഫി വിത്ത് കരൺ' പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ വിജയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കുമാണ് രശ്മിക ദീർഘമായ കുറിപ്പിലൂടെ മറുപടി പറഞ്ഞത്. കുടുംബത്തെ അപമാനിക്കുന്നത് ഫെമിനിസമല്ലെന്നും, അത് സ്ത്രീപക്ഷ ചിന്തയുടെ ലേബലൊട്ടിച്ച ആക്രമണമാണെന്നും താരം തുറന്നടിച്ചു.
ചാറ്റ് ഷോയിൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘വിവാഹാഭ്യർഥന നടത്തുന്നത് എന്റെ സ്വഭാവമല്ല, അവളാണ് വിവാഹം കഴിക്കാം എന്ന് പറഞ്ഞത്. നൂറു തവണയെങ്കിലും അവൾ എന്നോട് ചോദിച്ചിട്ടുണ്ട്,’ എന്നായിരുന്നു വിജയ് മറുപടി പറഞ്ഞത്. വിജയ്‌യെ വിവാഹത്തിന് സമ്മതിപ്പിക്കാൻ തനിക്ക് ഒരു വർഷം വേണ്ടിവന്നു എന്ന് രശ്മികയും പ്രതികരിച്ചിരുന്നു. ഇതോടെ വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം 'റെഡ് ഫ്ലാഗ്' ആണെന്നും രശ്മികയ്ക്ക് ഒബ്സഷന്‍ (അമിത ഭ്രമം) ആണെന്നും ആരോപിച്ച് സൈബർ ഇടങ്ങളിൽ ഒട്ടേറെപ്പേര്‍ രംഗത്തെത്തി.
‘എന്നെക്കുറിച്ച് എന്തും സംസാരിക്കാം, പരിഹസിക്കാം. അതെല്ലാം ഉൾക്കൊള്ളാൻ ഞാന്‍ തയാറാണ്. എന്നാൽ എന്റെ കുടുംബത്തെക്കുറിച്ച് ഒന്നുറിയാതെ വിമര്‍ശിക്കുന്നത് ഫെമിനിസമല്ല. അത് ഫെമിനിസത്തിന്റെ മുഖംമൂടിയണിഞ്ഞ റാഗിങ്ങാണ്. സ്ത്രീയായാലും പുരുഷനായാലും മറ്റൊരാളെ താഴ്ത്തിക്കെട്ടാനോ ആധിപത്യം സ്ഥാപിക്കാനോ ഉള്ളതല്ല ഫെമിനിസം. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും മുന്നോട്ടുനയിക്കാനുമുള്ള സ്വാതന്ത്ര്യമാണത്,’ രശ്മിക കുറിച്ചു.
ഭർത്താവിനോടുള്ള തന്റെ സ്നേഹത്തെ വിമർശിക്കുന്നവർക്കും രശ്മിക മറുപടി നൽകി. ‘എന്റെ ജീവിതകാലം മുഴുവൻ ഒന്നിച്ചുണ്ടാകേണ്ട കൂട്ടുകാരനാണ് അദ്ദേഹം. വിവാഹശേഷവും ‘നമുക്ക് കല്യാണം കഴിക്കാം’ എന്ന് വീണ്ടും വീണ്ടും പറയാൻ തോന്നുന്ന വിധം ഒരാളെ കണ്ടെത്തൂ. നൂറുതവണയല്ല, ആയിരം തവണ ചോദിക്കാനും ഞാൻ തയാറാണ്. സ്വന്തം പങ്കാളിയോട് അഗാധമായ പ്രണയം തോന്നുന്നത് എപ്പോഴാണ് തെറ്റായത്?’ രശ്മിക ചോദിക്കുന്നു. ജീവിതത്തിലെ പ്രായോഗിക വശങ്ങളെക്കുറിച്ച് ആലോചിച്ച് സമയമെടുക്കാൻ വിജയ് ആഗ്രഹിച്ചതിൽ ഒരു തെറ്റുമില്ലെന്നും രശ്മിക വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരി 26-നായിരുന്നു വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരായത്. സോഷ്യൽ മീഡിയയിലെ മുൻവിധികളും അനാവശ്യ ഉപദേശങ്ങളും തങ്ങളുടെ മനോഹരമായ ദാമ്പത്യജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും രശ്മിക വ്യക്തമാക്കി.
രശ്മികയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:
'എന്റെ പ്രിയപ്പെട്ട ഇന്റർനെറ്റ് സുഹൃത്തുക്കളെ, ഹൃദയം കൊണ്ട് തീവ്രമായി സ്നേഹിക്കുന്നവർക്കും, എക്കാലവും വിദ്വേഷം മനസിൽ സൂക്ഷിക്കുന്നവർക്കും. ഞാനും വിജ്ജുവും തമ്മിലുള്ള വിഷയത്തെക്കുറിച്ച് എനിക്ക് ചെറിയൊരു കാര്യം പറയാനുണ്ട്. സാധാരണയായി ഞാൻ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാറില്ല, കാരണം ഓരോരുത്തർക്കും അവരവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. ചിലപ്പോഴൊക്കെ അത് വായിക്കാനും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ മനസിലാക്കാനും എനിക്ക് ഇഷ്ടവുമാണ്. എന്നാൽ ഞങ്ങളുടെ അഭിമുഖത്തെക്കുറിച്ച് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോലാഹലങ്ങൾ അഭിപ്രായപ്രകടനമായല്ല, മറിച്ച് തങ്ങളുടെ ദേഷ്യം തീർക്കാൻ ആരെയെങ്കിലും തപ്പുന്ന പ്രകോപിതരായ ജനക്കൂട്ടത്തെപ്പോലെയാണ് തോന്നുന്നത്.
എവിടെയോ വെച്ച് ഇതിന്റെ കാതൽ നഷ്ടപ്പെട്ടുപോയി. ഒരുപക്ഷേ നിങ്ങളുടെ കാഴ്ചപ്പാടുകൾക്ക് അത് ചേരാത്തത് കൊണ്ടാകാം. അല്ലെങ്കിൽ ചിലർക്ക് അത് കാണാൻ തീരെ താല്പര്യമില്ലാത്തത് കൊണ്ടാകാം. സ്നേഹത്തിൽ വിശ്വസിക്കുന്ന മനുഷ്യരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ഇത് എഴുതുന്നത്, എല്ലാവർക്കും അവരവരുടെ സ്നേഹം കണ്ടെത്താൻ കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
എന്റെയും അദ്ദേഹത്തിന്റെയും പ്രൊഫൈലുകളിൽ അനാവശ്യമായി അഭിപ്രായങ്ങളും കമന്റുകളും ഉപദേശങ്ങളും കൊണ്ട് ആളുകൾ തള്ളിക്കയറുകയാണ്. ഞങ്ങളെ ആക്രമിക്കാൻ ആളുകൾ കാണിച്ച തിടുക്കം എന്നെ ചെറുതായി ഒന്ന് അമ്പരപ്പിച്ചു. ‘ഇവിടെ എന്താണ് സംഭവിക്കുന്നത്?’ എന്ന് ഞാൻ ചിന്തിച്ചു പോയി. അതുകൊണ്ട് ഞാൻ ഒരു പടി പുറകോട്ട് മാറി, ഇതിനെക്കുറിച്ച് ചിന്തിച്ചു. ഇതാ എന്റെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള എന്റെ ചെറിയ കാഴ്ചപ്പാട്:
ആദ്യമായി, ഇത് എത്ര തവണ എന്നതിനെക്കുറിച്ചോ ഒരു വർഷത്തെക്കുറിച്ചോ ആയിരുന്നില്ല. അവിടെയാണ് നിങ്ങളിൽ ചിലർ ഉടക്കി നിന്നത്. അതെ, ആ സംഭാഷണം നടന്നിരുന്നു. എന്നാൽ ഞങ്ങളാരും ഒരു വലിയ വിവാഹാഭ്യർഥന പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ എല്ലാ ഉയർച്ച താഴ്ചകൾക്കും, സന്തോഷങ്ങൾക്കും, മാനസിക സമ്മർദ്ദങ്ങൾക്കും ഇടയിലും, ഇതാണോ നമ്മൾ ആഗ്രഹിക്കുന്നത് എന്നും, ഇതിന് അനുയോജ്യമായ സമയമാണോ ഇതെന്ന് ഉറപ്പുവരുത്താനും ഞങ്ങൾക്ക് ഇരുവരും സമയവും ഇടവും നൽകണമെന്നതിനെക്കുറിച്ചായിരുന്നു ആ സംഭാഷണം. ഞങ്ങൾ അത് ചെയ്തു. ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തു.
എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് കൃത്യമായി അറിയാമായിരുന്നു എന്നത് പൂർണ്ണമായും ശരിയാണ്. ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ഉറപ്പ് വരുത്താനും അദ്ദേഹത്തിന് സമയം വേണമായിരുന്നു എന്നതും അതുപോലെ തന്നെ ശരിയാണ്. അത് ഞങ്ങളുടെ സ്നേഹത്തിൽ ഒരു മാറ്റവും വരുത്തിയില്ല. ഞാൻ പൂർണ്ണമായും ഹൃദയം കൊണ്ട് ചിന്തിക്കുന്ന ആളാണ്, അദ്ദേഹം പ്രായോഗികമായി ചിന്തിക്കുന്ന ആളാണ്; ഞങ്ങളുടെ ജീവിതത്തിൽ പരസ്പരം ആ ഒരു തുലാസ് ആവശ്യമാണ്.
ഞങ്ങളെ സംബന്ധിച്ച് വിവാഹം എന്നത് ഒരു പ്രൊപ്പോസലോ, മുട്ടുകുത്തി നിൽക്കുന്നതോ, വിരലിൽ മോതിരമണിയുന്നതോ ആയിരുന്നില്ല. അത് പുറമെയുള്ള അലങ്കാരം മാത്രമാണ്. ഞങ്ങളെ സംബന്ധിച്ച് അത് ഒരുമിച്ച് ഒരു ജീവിതവും ഭാവി പടുത്തുയർത്തലും ആയിരുന്നു.ഇതുവരെ ഞങ്ങൾ അത് മനോഹരമായി ചെയ്തുവെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾക്കായി ഏത് അറ്റവും വരെ പോകുന്ന, നിങ്ങൾക്കായി അതുപോലെ ചെയ്യാൻ തയ്യാറുള്ള ഒരാളെ കണ്ടെത്തൂ.
അതെ, എനിക്ക് എന്റെ ഭർത്താവിനോട് അത്രയധികം ഭ്രാന്തമായ പ്രണയമാണ് (OBSESSED). അത് എന്നുമുതലാണ് ഒരു മോശം കാര്യമായത്? ഞാൻ വിവാഹം കഴിക്കുന്നയാളെ ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഞാൻ അയാളെ കല്യാണം കഴിക്കുന്നത്? എന്റെ ജീവിതകാലം മുഴുവൻ അദ്ദേഹം എനിക്ക് കൂട്ടിനുണ്ടാകും. സാധാരണ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും എന്റെ കൂട്ടുകാരനായിരിക്കും. എന്റെ മക്കളുടെ അച്ഛനായിരിക്കും. ഞാൻ ഒന്നിച്ച് പ്രായമാകാൻ ആഗ്രഹിക്കുന്ന പുരുഷനായിരിക്കും. വിവാഹശേഷവും ‘നമുക്ക് കല്യാണം കഴിക്കാം’ എന്ന് പറയാൻ തോന്നുന്ന തരത്തിൽ നിങ്ങളെ മനോഹരമായി സ്നേഹിക്കുന്ന ഒരു പുരുഷനെ കണ്ടെത്തൂ. നൂറല്ല, ആയിരം തവണ വേണമെങ്കിലും ഞാൻ അത് ചെയ്യും!
സ്വന്തം ചിന്തകളിൽ പൂർണ്ണമായും അന്ധരായിപ്പോയ ചിലരോട്.... ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ സ്വന്തം പ്രയത്നവും തിരഞ്ഞെടുപ്പുകളും അധ്വാനവും കൊണ്ട് ജീവിതം കെട്ടിപ്പടുത്തവരാണ്. ഞങ്ങൾ ബുദ്ധിയും പ്രാപ്തിയുമുള്ള മുതിർന്ന മനുഷ്യരാണ്, ഞങ്ങളുടെ ജീവിതം എങ്ങനെ നയിക്കണം, ആരുടെ കൂടെ പങ്കിടണം എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഭാഗ്യവും ഞങ്ങൾക്കുണ്ട്. ഞങ്ങൾ ഞങ്ങളെ തന്നെ തിരഞ്ഞെടുത്തു. അവസാനം വരെ ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തുകൊണ്ടേയിരിക്കും.
ഞങ്ങളുടെ സ്നേഹം, സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പങ്ങൾക്ക് ചേരുന്നില്ലെങ്കിൽ, അത് കുഴപ്പമില്ലല്ലോ? ആ മനോഹരമായ സങ്കൽപ്പം നിങ്ങൾ നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ജീവിച്ചു കാണിക്കൂ. സന്തോഷത്തോടെ ജീവിക്കുന്ന ഓരോ വ്യക്തിയെയും ഞാൻ കൈയടിച്ച് പ്രോത്സാഹിപ്പിക്കും.അതാണ് നമ്മളെല്ലാം കുറഞ്ഞപക്ഷം ചെയ്യാൻ ശ്രമിക്കേണ്ടത്.
എന്നെ സ്നേഹിക്കുന്ന ചില പ്രിയപ്പെട്ട പെൺകുട്ടികളോട്... ഒരു സഹജീവി എന്ന നിലയിൽ ആശങ്ക നടിച്ചുകൊണ്ട് ‘എസ്‌കേപ്പ് ആവൂ/ഓടിക്കോ’ എന്നെല്ലാം പറഞ്ഞ് റീലുകൾ ഉണ്ടാക്കുന്നവരോടും, എന്നെ സംരക്ഷിക്കാനായി സൗജന്യ പ്രണയോപദേശങ്ങൾ തരുന്നവരോടും, നന്ദി. സത്യമായും നന്ദി. പക്ഷേ, കുറച്ചു വർഷങ്ങൾക്ക് മുൻപ് കാര്യങ്ങൾ വളരെ വളരെ പ്രയാസകരമായിരുന്ന സമയത്ത് നിങ്ങളിൽ ചിലരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു. അന്ന് നിങ്ങൾ ആരും അവിടെയുണ്ടായിരുന്നില്ല. അന്നും ഇന്നും അവൻ മാത്രമാണ് അവിടെയുണ്ടായിരുന്നത്.
ഇപ്പോൾ, എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷവതിയായിരിക്കുന്ന നിമിഷമാണ്. എന്റെ മുഖത്തും, കല്യാണത്തിനു ശേഷമുള്ള എന്റെ സന്തോഷത്തിലും, എന്റെ പ്രകടനങ്ങളിലും, എന്റെ സിനിമകളിലും, ഞാൻ ജീവിക്കുന്ന രീതിയിലും നിങ്ങൾക്ക് അത് കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞാൻ സന്തോഷവതിയാണ്. ഞാൻ സംതൃപ്തയാണ്. ഞാൻ അനുഗ്രഹീതയാണ്. എന്റെ ജീവിതത്തെക്കുറിച്ച് ഞാൻ പറയുന്നത് വിശ്വസിക്കുന്നതിനേക്കാൾ, ഇന്റർനെറ്റിൽ ഉണ്ടാക്കിയെടുക്കുന്ന കെട്ടുകഥകളും തെറ്റിദ്ധരിപ്പിക്കുന്ന എഡിറ്റുകളും പച്ചക്കള്ളങ്ങളും വിശ്വസിക്കാൻ ചിലർക്ക് താല്പര്യമുണ്ട് എന്നത് സത്യത്തിൽ കുറച്ച് വിചിത്രമായി തോന്നുന്നു.
എന്റെ അസ്ഥി ഒടിയുമ്പോൾ നിങ്ങൾ അവിടെ ഉണ്ടാകാറില്ല, അവനുണ്ടാകും. എല്ലാ മാസവും എന്റെ വയറു വേദാനിക്കുമ്പോൾ നിങ്ങൾ അവിടെ ഉണ്ടാകാറില്ല, അവനുണ്ടാകും. പാതിരാത്രിയിൽ ഭയത്തോടെ എഴുന്നേൽക്കുമ്പോൾ നിങ്ങൾ അവിടെ ഉണ്ടാകാറില്ല, അവനുണ്ടാകും. എനിക്ക് വിഷമം തോന്നുമ്പോഴും, ഉപദേശവും സംരക്ഷണവും ആശ്വാസവും പിന്തുണയും വേണമെന്നു തോന്നുമ്പോഴും നിങ്ങൾ അവിടെ ഉണ്ടാവുകയോ ഉണ്ടായിരുന്നോ ഇല്ല, അവനുണ്ട്.
നിങ്ങളെ പിന്തുണയ്ക്കുന്ന, സ്നേഹം ചൊരിയുന്ന, സംരക്ഷിക്കുന്ന, ശ്രദ്ധിക്കുന്ന, നിങ്ങളുടെ ഓരോ വിജയവും ആഘോഷിക്കുന്ന ഒരാൾ കൂടെയുണ്ടാവുക - അത്തരം ഒരു സ്നേഹം മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്, അത് എനിക്കുണ്ട്. അതുകൊണ്ട് ദയവായി എന്നെയോ അവനെയോ ഓർത്ത് വിഷമിക്കേണ്ട. നിങ്ങൾ ആഴത്തിൽ സ്നേഹിക്കുന്ന, നിങ്ങളെ തിരിച്ച് അത്രത്തോളം സ്നേഹിക്കുന്ന ഒരാളെ നിങ്ങൾക്കും ലഭിക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇനി അങ്ങനെയൊന്ന് നിങ്ങൾക്ക് വേണ്ട എങ്കിൽ അതും തികച്ചും ശരിയാണ്. നിങ്ങൾക്ക് സന്തോഷം നൽകുന്ന ജീവിതം ജീവിക്കുക.
പിന്നെ ഒരു കാര്യം കൂടി. എന്നെക്കുറിച്ച് എത്ര വേണമെങ്കിലും ചീത്ത പറഞ്ഞോളൂ. എനിക്കത് താങ്ങാനാകും. എന്നാൽ എന്നെ അറിയാത്ത എന്റെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത് എന്താണ്? അത് സ്ത്രീസമത്വമല്ല. അത് സ്ത്രീസമത്വത്തിന്റെ പേരിൽ നടത്തുന്ന അധിക്ഷേപമാണ്. മറ്റൊരാളെയോ ആണുങ്ങളെയോ പെണ്ണുങ്ങളെയോ താഴ്ത്തിക്കെട്ടാനല്ല സ്ത്രീസമത്വം പഠിപ്പിക്കുന്നത്. സ്വന്തം ജീവിതം തിരഞ്ഞെടുക്കാനും അതിന് നേതൃത്വം നൽകാനുമുള്ള സ്വാതന്ത്ര്യമാണ് അത്. എന്റെ ജീവിതത്തിന്റെ ചുമതല ഞാൻ ഏറ്റെടുത്തു. അത് എനിക്ക് അളവറ്റ സ്നേഹം തിരികെ നൽകുകയും ചെയ്തു.
പിന്നെ എന്റെ ചില കന്നഡ സുഹൃത്തുക്കളോട്... ആഹാ, 10 വർഷത്തിന് ശേഷവും ഞാൻ നിങ്ങളുടെ ഹൃദയങ്ങളിൽ ഇത്ര ആഴത്തിൽ പതിഞ്ഞുനിൽക്കുന്നു എന്നറിയുന്നതിൽ എത്ര സന്തോഷമുണ്ട്. ഇത്രയും കാലത്തിന് ശേഷവും നിങ്ങൾ എന്നെ ഓർത്ത് ആഘോഷിക്കുന്നു എന്നതിൽ... സത്യമായും ഞാൻ അനുഗ്രഹീതയാണ്! സ്നേഹവും സന്തോഷവും ആഘോഷിക്കുന്ന എല്ലാവർക്കും എന്റെ സ്നേഹം. മറ്റെല്ലാവർക്കും... നിങ്ങൾക്ക് സന്തോഷം നൽകുന്ന എന്തെങ്കിലും ഒന്ന് നിങ്ങളും കണ്ടെത്തൂ'.