സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള താര ദമ്പതികളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫെബ്രുവരി 26നായിരുന്നു ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഉദയ്പുരിൽ വെച്ച് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം പുറത്തുവന്ന ഓരോ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സൗത്ത് ഇന്ത്യയിലെ പെർഫെക്റ്റ് കപ്പിൾ എന്ന ടാഗ് ലൈനും നെറ്റിസൺ ഇരുവർക്കും സമ്മാനിച്ചു. എന്നാൽ അടുത്തിടെ ഈ താരദമ്പതികൾ നൽകിയ അഭിമുഖങ്ങളിൽ ചിലത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.
കരൺ ജോഹറുമായി നടത്തിയ അഭിമുഖത്തിൽ ഇരുവരും തങ്ങളുടെ പ്രപ്പോസലിനെ കുറിച്ചും വിവാഹം കഴിക്കാൻ തീരുമാനിച്ച നിമിഷത്തെ കുറിച്ചുമെല്ലാം സംസാരിക്കുന്നുണ്ട്. എന്നാൽ കരണിന്റെ ചോദ്യങ്ങൾക്ക് ഇരുവരും നൽകിയ മറുപടിയാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. വിജയ് ദേവരകൊണ്ട ഒരു റെഡ് ഫ്ലാഗ് ആണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നത്. വർഷങ്ങളായി ഡേറ്റ് ചെയ്ത ശേഷം ആ ബന്ധം വിവാഹത്തിലേക്ക് എത്താൻ വേണ്ടി രശ്മികയാണ് വിജയ്യോട് ആവശ്യപ്പെടുന്നത്. ഒരുവർഷത്തോളം തന്നെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ച് രശ്മിക തന്റെ പിന്നാലെ നടന്നെന്നും അതിന് ശേഷമാണ് താൻ കല്യാണത്തിന് സമ്മതം മൂളിയതെന്നും വിജയ് പറഞ്ഞു.
നാളെ നേരം പുലരുമ്പോള്‍ ലോകത്ത് എവിടെയെങ്കിലും എത്തിച്ചേരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് എവിടെയായിരിക്കും എന്ന് കരണ്‍ ചോദിച്ചപ്പോള്‍ വിജയ്ക്കൊപ്പം ലോകം കറങ്ങണമെന്ന് രശ്മിക പറഞ്ഞു. ഇതിനിടയില്‍ കയറി, മാതാപിതാക്കളും സുഹൃത്തുക്കളും തൊട്ടടുത്ത വില്ലകളിലുള്ള ഏത് സ്ഥലവും തന്റെ ഡ്രീം ഡെസ്റ്റിനേഷനാണ് എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ മറുപടി. പങ്കാളിയിൽ താൻ ഒരു അമ്മയെയാണ് കാണുന്നതെന്ന തരത്തിലുള്ള വിജയിയുടെ മുൻ പരാമർശങ്ങളും ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
രശ്മികയാണ് ഏറ്റവും കൂടുതൽ ഇഷ്ടമാണെന്ന് പറയുന്നതെന്നും ഒരു ദിവസം പതിനാറോ അതിൽ കൂടുതലോ വട്ടം രശ്മിക ഐ ലവ് യു പറയുമെന്നെല്ലാം മുൻപ് നൽകിയ അഭിമുഖത്തിൽ വിജയ് പറഞ്ഞിരുന്നു.
താരദമ്പതികളുടെ തുറന്നുപറച്ചിൽ ഇപ്പോൾ വലിയരീതിയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. സൗത്ത് ഇന്ത്യൻ സിനിമയിലെ രൺബീർ കപൂറാണ് വിജയ് ദേവരകൊണ്ട എന്നാണ് നെറ്റിസൺസ് വിമർശിക്കുന്നത്. എന്നാൽ അത് അഭിനയത്തിന്റെയോ കരിയറിന്റെയോ അടിസ്ഥാനത്തിലല്ല മറിച്ച് പൊതുവേദികളിൽ പങ്കാളികളോട് കാണിക്കുന്ന സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. അര്ജുന് റെഡ്ഡിയായി വിജയ്ക്ക് അഭിനയിക്കേണ്ടി വന്നിട്ടില്ല,ജീവിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ മനസിലായോ എന്നും കമന്റുകളുണ്ട്.
രശ്മികളുടെയും വിജയ് ദേവരകൊണ്ടയുടെയും ബന്ധത്തിൽ രശ്മികക്കും വിജയ്ക്കും ഇഷ്ടം വിജയ്യെ തന്നെയാണ് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലാകെ ട്രോളുകള്‍ നിറഞ്ഞു കഴിഞ്ഞു. ഫോട്ടോയിലെല്ലാം ഇരുവരും ഐഡിയൽ കപ്പിള്‍ ആണെന്നും എന്നാൽ വാ തുറന്നാൽ റെഡ് ഫ്ലാഗ് ആകുമെന്നും കമന്റുകളുണ്ട്. ഇരുവരും പുതിയ ഇന്റര്‍വ്യൂ ഒന്നും നല്കി ഉള്ള വിലകൂടെ കളയരുതേയെന്ന് അപേക്ഷിക്കുന്ന ആരാധകരും ഏറെയാണ്.