dhanush-vijay

ഡിഎംകെയും എഐഎഡിഎംകെയും ആധിപത്യം പുലർത്തിയ തമിഴ് രാഷ്ട്രീയത്തിൽ ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ വെന്നിക്കൊടി പാറിച്ച താരമാണ് ജോസഫ് വിജയ്. ആരാധകരെ അണികളാക്കി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച വിജയ്, ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിലെത്തി മുഖ്യമന്ത്രിയായി. ഇതെല്ലാം കാണുമ്പോള്‍ ഒരു പരീക്ഷണം നടത്തിയാലോ എന്ന് തോന്നാത്ത അഭിനേതാക്കളുണ്ടാകുമോ? എന്തായാലും അത്തരമൊരു നീക്കത്തിന് നടൻ ധനുഷ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്നാട്ടിൽ സജീവമാകുന്നത്.

വിജയ്‌യുടെ ആരാധക സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ ആണ് പിന്നീട് തമിഴക വെട്രി കഴകത്തിന് (ടിവികെ) വഴിയൊരുക്കിയത്. സമാനമായ രീതിയിൽ ധനുഷിന്റെ ആരാധക സംഘടനയുടെ പേര് ‘ധനുഷ് നർപണി ഇയക്കം’ (ധനുഷ് വെൽഫെയർ മൂവ്മെന്റ്) എന്നാക്കി മാറ്റിയതാണ് ഇപ്പോൾ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നത്. കോയമ്പത്തൂരിൽ നടന്ന ആരാധക സംഘടനയുടെ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച തീരുമാനമുണ്ടായത്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് പിന്തുടർന്ന മാതൃകയാണ് ധനുഷും പിന്തുടരുന്നതെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

എന്നാൽ, രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ധനുഷ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജീവകാരുണ്യ പ്രവർത്തനങ്ങളും പൊതുപ്രവർത്തനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംഘടനയുടെ പേരുമാറ്റമെന്നാണ് ധനുഷ് ഫാൻസ് ക്ലബ് ഭാരവാഹി സുബ്രഹ്മണ്യം ശിവയുടെ വിശദീകരണം. നിലവിലുള്ള ക്ഷേമപ്രവർത്തനങ്ങൾക്കു പുറമേ കുളങ്ങൾ പുനരുദ്ധരിക്കുക, റോഡുകൾ അറ്റകുറ്റപ്പണി നടത്തുക, പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ മുൻകൈയെടുക്കാൻ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്തദാന ക്യാംപുകളും സംഘടന സംഘടിപ്പിച്ചുവരുന്നുണ്ട്.

ഇതിനിടെ, ധനുഷ് എഐഎഡിഎംകെയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. താരം പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ രാജേന്ദ്ര ബാലാജി പറഞ്ഞു.

‘പാർട്ടിയുടെ വളർച്ചയ്ക്ക് സംഭാവന നൽകാൻ കഴിയുന്നവരെ തീർച്ചയായും സ്വീകരിക്കും. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ധനുഷ്. ഇത്രയും പ്രശസ്തനായ ഒരു നടൻ എഐഎഡിഎംകെയിൽ ചേർന്നാൽ ഞങ്ങൾ അദ്ദേഹത്തെ ഇരുകൈകളും നീട്ടി സ്വീകരിക്കും’– രാജേന്ദ്ര ബാലാജി പറഞ്ഞു. ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം നിലവിൽ അഭ്യൂഹം മാത്രമാണെന്നും ഇക്കാര്യത്തിൽ വ്യക്തത വരാൻ കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടിവികെയുടെ പ്രതികരണം

ധനുഷിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും പ്രതികരണവുമായി രംഗത്തെത്തി. സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ യാത്ര മറ്റുള്ളവർക്കും പ്രചോദനമാകുന്നതിൽ സന്തോഷമുണ്ടെന്ന് ടിവികെ വക്താവ് എം. സത്യകുമാർ പറഞ്ഞു.

ടിവികെയുടെ വളർച്ചയും രാഷ്ട്രീയ യാത്രയും മറ്റുള്ളവർക്കും രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ പ്രചോദനമാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി വിജയ് മൂന്ന് പതിറ്റാണ്ടോളം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ആ യാത്ര അനുകരിക്കുക എളുപ്പമല്ലെന്നും സത്യകുമാർ ചൂണ്ടിക്കാട്ടി. സിനിമാരംഗത്ത് കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി വിജയ് അഭിനയരംഗത്തുനിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. ഈ പശ്ചാത്തലത്തിൽ, പുതിയ താരങ്ങളുടെ രാഷ്ട്രീയ പ്രവേശന സാധ്യതകൾ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനി ഉറ്റുനോക്കുന്നത്.

ENGLISH SUMMARY:

Rumors regarding South Indian superstar Dhanush entering Tamil Nadu politics have gained strong momentum following the renaming of his fan association to the 'Dhanush Welfare Movement'. The decision, announced at a meeting in Coimbatore, closely mirrors the steps taken by actor Vijay before launching his party, Tamilaga Vettri Kazhagam (TVK). While AIADMK leaders stated they would warmly welcome Dhanush if he decides to join their party, his fan club leadership clarified that the restructuring is strictly intended to expand charitable activities. Meanwhile, Vijay's TVK welcomed the developments, noting that Vijay's political journey continues to inspire others in the cinema industry.