ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിൻറേയും യുവജനസംഘടനകളുടേയും പ്രക്ഷോഭം ചൂടുപിടിക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ച് രാഹുൽ ഗാന്ധി– ജോസഫ് വിജയ് കൂട്ടിക്കാഴ്ച. ചെന്നൈയിലെ പലവക്കത്തുള്ള ഒരു കോഫി ഷോപ്പിൽ നിന്നുമുള്ള ഇരുവരുടേയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുഖ്യമന്ത്രി വിജയ്യുമായി അദ്ദേഹത്തിന്റെ നീലാങ്കരയിലെ വസതിയിലും കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നൈയിൽ വച്ച് നടത്തുന്ന 'ഛത്രോം കീ ഗൂഞ്ച്' പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ തമിഴ്നാട്ടിലെത്തിയത്.
വിജയ്ക്കൊപ്പമുള്ള കൂടിക്കാഴ്ച ഏകദേശം ഒരു മണിക്കൂറോളം നീണ്ടു. ഇരുനേതാക്കളും വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തു. ഇതിനുശേഷമായിരുന്നു സമീപത്തുള്ള ഒരു കഫേ സന്ദർശിച്ചത്. ഇവിടെ നിന്നും കപ്പുച്ചീനോ കോഫിയും തിരാമിസുവും കുക്കീസുമാണ് ഇരുവരും കഴിച്ചത്. രാഹുൽ ഗാന്ധി പിന്നീട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി.
വൈകുന്നേരമാണ് ഐലൻഡ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന 'ഛത്രോം കീ ഗൂഞ്ച്'ൽ രാഹുൽ പങ്കെടുക്കുന്നത്. ക്യൂആർ കോഡ് വഴി മാത്രമായിരിക്കും 'ഛത്രോം കീ ഗൂഞ്ചി'ലേക്ക് പ്രവേശനം അനുവദിക്കുക. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക പ്രവേശന പാതകൾ ഉണ്ടായിരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിജയ് ഡൽഹി പ്രക്ഷോഭത്തിലേക്ക് എത്തുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇതിനോടകം തന്നെ മുൻമുഖ്യമന്ത്രിമാരായിരുന്ന പിണറായി വിജയൻ, മമത ബാനർജി, അരവിന്ദ് കേജ്രിവാൾ എന്നിവർ പ്രേക്ഷോഭത്തിലെത്തിച്ചേർന്നിരുന്നു. ഒക്ടോബർ തുടക്കത്തിൽ ഔദ്യോഗികമായി ഇന്ത്യ സഖ്യത്തിൽ ചേർന്ന ടിവികെ തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിക്കും എതിരെയുള്ള പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന് അറിയിച്ചിരുന്നു.
തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയുടെ (TNCC) ആസ്ഥാനത്ത് യോഗം ചേർന്നായിരുന്നു പ്രഖ്യാപനം. ഒക്ടോബർ 13, 14 തിയതികളിൽ തമിഴ്‌നാട്ടിലെ ജില്ലാ ആസ്ഥാനങ്ങളിൽ 'സേവ് ഡെമോക്രസി' പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ, ഒക്ടോബർ 15 ന് ചെന്നൈയിൽ ഇന്ത്യാ ബ്ലോക്ക് നേതാക്കൾ പങ്കെടുക്കുന്ന ഒരു പ്രതിഷേധ പ്രകടനവും നടക്കും.