salman-khan

TOPICS COVERED

യൂട്യൂബ് ചാനൽ തുടങ്ങി ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാൻ. ബീയിംഗ് സൽമാൻ ഖാൻ (Being The Salman Khan) എന്ന പേരിലാണ് ചാനൽ ആരംഭിച്ചത്. സാധാരണ സെലിബ്രിറ്റി യൂട്യൂബ് ചാനലുകളിൽ നിന്ന് വ്യത്യസ്തമായി വളരെ കൗതുകകരമായ ഫോർമാറ്റിലാണ് ചാനൽ ഒരുക്കിയിരിക്കുന്നത്. കണ്ടന്റ് എന്താണെന്ന് വ്യക്തമാക്കുന്ന ഒരു വിഡിയോയും താരം പങ്കുവെച്ചു.

ചാനലിലൂടെ അഭിനയം പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സൽമാൻ വ്യക്തമാക്കി. അഭിനയം, ശരീരഭാഷ, തന്റേതായ പ്രത്യേക ശൈലികൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം. ഒരു ആക്ടിംഗ് പരിശീലകനായും, അഭിനയം പഠിക്കാനെത്തുന്ന വിദ്യാർഥിയായും ഇരട്ട വേഷങ്ങളിൽ സൽമാൻ ഖാൻ തന്നെ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ വിഡിയോയിലുള്ളത്. ദീർഘകാലത്തെ സിനിമാ ജീവിതത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത സൽമാന്റെ പ്രശസ്തമായ ശരീരഭാഷ, ഡയലോഗ് പ്രസന്റേഷൻ, സവിശേഷമായ പെരുമാറ്റരീതികളും മറ്റു ആരാധകരുമായി പങ്കുവെക്കുകയാണ് ചാനലിലൂടെ താരം ലക്ഷ്യമിടുന്നത്. 

തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ യൂട്യൂബ് ചാനലിന്‍റെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. 'നമുക്ക് തുടക്കം മുതൽ തുടങ്ങാം. എന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ; എ മുതൽ സെഡ് വരെ എല്ലാം നിങ്ങൾക്ക് ഇവിടെ ലഭിക്കും' എന്ന കുറിപ്പോടെയാണ് സൽമാൻ ചാനൽ ആരാധകർക്ക് പരിചയപ്പെടുത്തിയത്. 

യൂട്യൂബ് പ്ലാറ്റ്‌ഫോമിൽ സൽമാൻ ഖാന്‍റെ ആദ്യത്തെ പരീക്ഷണമല്ല ഇത്. 2020-ൽ അദ്ദേഹം 'സൽമാൻ ഖാൻ ഫിലിംസ് മ്യൂസിക്' എന്ന ചാനൽ ആരംഭിച്ചിരുന്നു. നിലവിൽ മൂന്ന് ദശലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുള്ള ഈ ചാനലിലൂടെ സ്വന്തം ചിത്രങ്ങളിലെ പാട്ടുകളും സ്വതന്ത്ര സംഗീത ആൽബങ്ങളും താരം പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ മിനിസ്ക്രീനിലും സജീവമായി തുടരുന്ന സൽമാൻ ഖാൻ, ടെലിവിഷൻ റിയാലിറ്റി ഷോയായ 'ബിഗ് ബോസ് 20' പതിപ്പിന്‍റെ അവതാരകനാണ്. 

ENGLISH SUMMARY:

Salman Khan YouTube channel launch named 'Being The Salman Khan' brings unique acting lessons directly to fans worldwide. The Bollywood superstar plays a dual role in his introductory video to teach acting, body language, and signature styles.