santhivila-dinesh

TOPICS COVERED

സംവിധായകനും സഹസംവിധായകനുമൊക്കെയായി മലയാള സിനിമയില്‍ എത്തിയ ശാന്തിവിള ദിനേശ് അടുത്ത കാലത്ത് ചര്‍ച്ചയായത് തന്‍റെ യൂട്യൂബ് ചാനലിലെ വിഡിയോകളിലൂടെയായിരുന്നു. സിനിമാലോകത്തെ പിന്നാമ്പുറകഥകളിലൂടെയും തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവച്ചും യൂട്യൂബില്‍ സജീവമാണ് ശാന്തിവിള ദിനേശ്. യൂട്യൂബില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ടാണ് ഇപ്പോള്‍ ജീവിക്കുന്നതെന്നും ജീവിതം ദുസഹമാണെന്നും പറയുകയാണ് ശാന്തിവിള ദിനേശ്. തന്‍റെ സിനിമക്കായി ആരും പണം മുടക്കില്ലെന്നും ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുകയാണെന്നും അദ്ദേഹം മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'25-50 കോടിയൊന്നും വേണ്ട. ഒരു 10-15 കോടി രൂപ മുടക്കാൻ ഒരാൾ വേണം. ട്രെയിനൊക്കെ വേണം. തട്ടിക്കൂട്ടി ചെയ്യാൻ വയ്യ. വിദ്യാ ബാലനെപ്പോലെ ഒരാളെ കിട്ടിയില്ലെങ്കിലും കണ്ണൂരില്‍ അനു എന്നൊരു നടിയുണ്ട്. അവരെ വച്ച് ചെയ്യാവുന്നതേയുള്ളൂ. നന്നായിട്ട് ചെയ്യാൻ പറ്റും. നല്ല സബ്ജക്റ്റാ. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തല്ലേ... എണ്ണിയാൽ തീരാത്ത കാശുള്ള എം. രഞ്ജിത്ത്. ഞാൻ രഞ്ജിത്തിനോട് ചോദിക്കുമോ, "രഞ്ജിത്തേ, ജീവിക്കാൻ നിവൃത്തിയില്ല, ഒരു പടം എന്നെക്കൊണ്ട് ചെയ്യിക്ക് രഞ്ജിത്തേ" എന്ന് ഞാൻ പറയുമോ? "ഒരു സീരിയൽ എന്നെക്കൊണ്ട് ചെയ്യിക്ക് രഞ്ജിത്തേ" എന്ന് ഞാൻ പറയുമോ? പറയില്ല. എന്നെ മനസ്സിലാക്കി ആരെങ്കിലും വന്നാൽ ചെയ്യാം. അത്രയേയുള്ളൂ.   

ജീവിതം ഭയങ്കര ദുസ്സഹമാണ്. 23-ാം തിയതിയാകുമ്പോൾ നിങ്ങൾക്ക് ഈ മാസം ഇത്ര ഡോളർ ആണെന്നുള്ള മെസ്സേജ് വരും. 26-ാം തിയതിക്ക് മുമ്പായി, 24-നും 26-നും ഇടയിൽ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് യൂട്യൂബിന്‍റെ പൈസ വരും. ഉള്ളതുകൊണ്ട് ഓണം പോലെ നന്നായി ജീവിക്കുന്ന ആളാ. 2,30,000 സബ്സ്ക്രൈബേഴ്സുണ്ട്. മോശമല്ലാത്ത തുക കിട്ടും. അഞ്ചക്കത്തിൽ ഉള്ള തുക കിട്ടും. സിഗരറ്റ് വലിക്കാത്ത, പുകവലിക്കാത്ത, മദ്യപിക്കാത്ത, നോൺ കഴിക്കാത്ത എനിക്ക് എത്ര രൂപ വേണമെന്നേ?  

ഒരു മുതലാളിയായിട്ടാണ് ജീവിക്കുന്നത്. കാരണം വാടകവീട്ടിലാണെങ്കിലും വെള്ള കാർഡാ. നമുക്ക് 2 കിലോ അരിയൊക്കെയല്ലേ റേഷൻ കടയിൽ നിന്ന് കിട്ടൂ. പക്ഷേ ഞാൻ അവിടുന്ന് 26 രൂപ കൊടുത്ത് ഒരു 15 കിലോ അരി വാങ്ങും. സുഭിക്ഷമായിട്ട് കഞ്ഞിയും പുഴുക്കുമൊക്കെയായി, ആട് തിന്നുന്ന എല്ലാ സാധനങ്ങളും തിന്ന് അന്തസ്സായിട്ട് ജീവിക്കും. ഒരു മടുപ്പുമില്ല,' ശാന്തിവിള ദിനേശ് പറഞ്ഞു. 

ENGLISH SUMMARY:

Malayalam director and assistant director Shanthivila Dinesh revealed that he currently relies on income from his YouTube channel to sustain his livelihood. Expressing that life has been difficult, Dinesh shared that no producer is currently willing to invest in his film projects, which require around ₹10–15 crore. He emphasized his self-respect, stating he would never beg his close friend, producer M. Renjith, for work. Operating a channel with over 230,000 subscribers, he earns a decent five-figure monthly payout from YouTube. Dinesh noted that as a non-smoker, non-drinker, and vegetarian, his simple lifestyle allows him to live comfortably within his means.